𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ബാല്യകാലത്ത്, പഠനം പാതിവഴിയിലുപേക്ഷിച്ച് ബീഡി തെറുക്കാൻ പോയ ഒരു പതിനഞ്ചു വയസുകാരൻ പയ്യൻ ഇന്ന് യു എസിലെ ടെക്‌സാസിൽ ജില്ലാ ജഡ്ജ് ആണ്. 51 കാരനായ സുരേന്ദ്രൻ കെ പട്ടേൽ. കാസർഗോഡാണ് സുരേന്ദ്രന്റെ സ്വദേശം. ചവിട്ടിക്കയറിയ ദുരിതപർവത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട് സുരേന്ദ്രന്. വീട്ടിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, പഠനം പോയിട്ട് മൂന്നു നേരം ഭക്ഷണം പോലും കിട്ടില്ലായെന്നായപ്പോൾ ബീഡി തെറുക്കാൻ പോയ പത്താം ക്ലാസുകാരൻ വക്കീലായതും പിന്നീട് യു എസിലെ ജില്ലാ കോടതി ജഡ്ജ് ആയതിനെക്കുറിച്ചുമൊക്കെ.
പത്താം ക്ലാസ് പാസായ ശേഷം തുടർപഠനം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചപ്പോഴാണ് സുരേന്ദ്രൻ അക്കാലത്ത് സ്ഥിരമായി നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ കണ്ടുവന്നിരുന്ന ബീഡി തെറുപ്പ് പണിയിലേക്ക് തിരിഞ്ഞത്. പിന്നീടങ്ങോട്ട് ഒരു വർഷത്തോളം സുരേന്ദ്രൻ ബീഡി തെറുപ്പ് പണിയിലേർപ്പെട്ടു. ആ ഒരു വർഷത്തെ അധ്വാനം കൊണ്ട് തന്നെ സുരേന്ദ്രൻ തീരുമാനിച്ചു, ഇങ്ങനെ ബീഡി തെറുത്ത് ഒടുങ്ങേണ്ടതല്ല തന്റെ ഭാവിയും ജീവിതവും. ഇനിയും പഠിക്കണം. അതിന് എന്താണോ വേണ്ടത് അത് ഞാൻ ചെയ്യും. ആ ഉറച്ച തീരുമാനത്തിന്റെ ഭാഗമായി സുരേന്ദ്രൻ തുടർപഠനം ആരംഭിച്ചു.
അവധിദിവസങ്ങളിൽ ഹോട്ടലുകളിലും മറ്റും കുഞ്ഞ് കുഞ്ഞ് ജോലികൾ ചെയ്തും, വരുമാനമുണ്ടാക്കിയും സുരേന്ദ്രൻ പഠിച്ചു. തങ്ങളെക്കൊണ്ടാകുന്നത് പോലെയൊക്കെ സുരേന്ദ്രനെ സഹായിക്കാൻ അവന്റെ സുഹൃത്തുക്കളും മുന്നോട്ട് വന്നു. വൈകാതെ സുരേന്ദ്രൻ എൽ എൽ ബി പാസായി വക്കീലായി. ഇന്ത്യയിൽ കിട്ടിയ ട്രെയിനിങ്ങാണ് തന്നെ ടെക്‌സാസിൽ തുണച്ചത് എന്നാണ് സുരേന്ദ്രൻ പറയുന്നത്. പക്ഷെ അവിടെയും ഒന്നും എളുപ്പമായിരുന്നില്ല.
വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യു എസിൽ, ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗരീതി പോലും സുരേന്ദ്രന് എതിരായി നിന്നു, സ്വന്തം പാർട്ടിക്കാർ പോലും പ്രതീക്ഷിച്ചിരുന്നില്ല സുരേന്ദ്രന്റെ വിജയം. പക്ഷെ അത് സംഭവിച്ചു. ഡെമോക്രാറ്റിക് പ്രൈമറിക്ക് വേണ്ടി മത്സരിച്ചു, വിജയിച്ചു.
“എനിക്കിങ്ങനെയൊരു നേട്ടം കൈവരിക്കാനാകുമെന്നത് ആരും പ്രതീക്ഷിച്ചുപോലും കാണില്ല, എന്നിട്ടും ഞാൻ നേടി. എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളു, മറ്റുള്ളവരല്ല നിങ്ങളാണ് നിങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത്. നാളെ എന്താവണമെന്നും എന്താവരുതെന്നും തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്.” സുരേന്ദ്രൻ കെ പട്ടേൽ പറഞ്ഞു.