കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപ്പൻഡ് കിട്ടും. കോഴ്സ് ദൈർഘ്യം 3 വർഷം. 6 മാസത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം 2000 രൂപ സ്റ്റൈപ്പൻഡ്. ആവശ്യമെങ്കിൽ ഇന്ത്യൻ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിക്കാൻ തയ്യാറായിരിക്കണം.

14 ജില്ലകളിലും ഓരോ സ്‌കൂളുള്ളതിന് പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്.

സംസ്‌ഥാന ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ www.dhs.kerala.gov.in എന്ന വെബ് സൈറ്റിലെ ഡൗൺലോഡ്സ് – നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ‍‍ഡൗൺലോഡ് ചെയ്യാം. നിർദേശങ്ങൾ പാലിച്ച് ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകയുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തിക്കണം. അപേക്ഷാഫീയായി 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ.

ആകെയുള്ള 365 സീറ്റ് ഓരോ റവന്യു ജില്ലയ്ക്കും ഇത്രയെന്ന ക്രമത്തിൽ വകയിരുത്തിയിരിക്കുന്നു. ഇവയിൽ 60% മെറിറ്റിനും ശേഷിച്ച 40% സാമുദായികസംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്. ചുരുക്കം ചില സീറ്റുകൾ സ്‌പോർട്‌സ്, സൈനികരുടെ ആശ്രിതർ, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ മുതലായ വിഭാഗങ്ങൾക്കു സംവരണം ചെയ്‌തിരിക്കുന്നു.

അതത് ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. എസ്‌ എസ്‌ എൽ സി ബുക്കിൽ കാണുന്നതിൽ നിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ അഞ്ചു വർഷമെങ്കിലും പുതിയ ജില്ലയിൽ സ്‌ഥിരമായി താമസിച്ചുവരുന്നുവെന്നതിന് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പട്ടിക വിഭാഗക്കാർക്ക് മാത്രമായുള്ള കൊല്ലം സ്‌കൂളിലെ പ്രവേശനത്തിന് സംസ്‌ഥാനത്ത് എവിടെയുമുള്ളവർക്ക് അവിടത്തേക്ക് നേരിട്ട് അപേക്ഷിക്കാം. ആകെയുള്ള ഇരുപതു സീറ്റിൽ നാലെണ്ണം ആൺകുട്ടികൾക്ക്.

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്ക് പാസ് മാർക്ക് മതി. ഈ വിഷയങ്ങൾ പഠിച്ചു ജയിച്ചവർ വേണ്ടത്രയില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും.

2021 ‍ഡിസംബർ 31ന് പ്രായം 17- 27 വയസ്സ്. പട്ടിക / പിന്നാക്ക വിഭാഗക്കാർക്കു യഥാക്രമം 32/ 30 വയസ്സു വരെയാകാം. മികച്ച ആരോഗ്യം നിർബന്ധം. ഇടയ്‌ക്കു വച്ചു കോഴ്‌സ് വിട്ടുപോകാൻ ശ്രമിക്കുന്ന പക്ഷം സർക്കാർ നിശ്‌ചയിക്കുന്ന നഷ്‌ടപരിഹാരത്തുക നൽകേണ്ടിവരും. പെൺകുട്ടികൾക്ക് ഹോസ്‌റ്റൽ സൗകര്യമുണ്ട്. ക്ലാസുകൾ ഒക്‌ടോബർ–നവംബർ സമയത്ത് തുടങ്ങിയേക്കാം. പെൺകുട്ടികൾക്ക് ഹോസ്റ്റലുണ്ട്.

ഉയർന്ന വേതനത്തോടെ വിദേശരാജ്യങ്ങളിലെ സേവനത്തിൽ താൽപര്യമുളളവർ സി ജി എഫ്‌ എൻ എസ്/ എൻ സിലെക്‌സ് ആർ എൻ പരീക്ഷ ജയിക്കണം. ഇംഗ്ലിഷ് മാതൃഭാഷയായവരെപ്പോലെ ആ ഭാഷ കൈകാര്യം ചെയ്യാൻ ശേഷി ആർജ്‌ജിക്കേണ്ടതുണ്ട്. ഇതിന് ടോഫൽ, ഐഇഎൽടിഎസ് മുതലായ ഏതെങ്കിലും നിർദിഷ്‌ട പരീക്ഷയിൽ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടിവരും. കാലേക്കൂട്ടി തയാറെടുക്കുന്നതു നന്ന്.

ഫോൺ നമ്പറുകൾ

തിരുവനന്തപുരം 2306395, കൊല്ലം 2767610, അശ്രാമം (കൊല്ലം) 2767241, ആലപ്പുഴ 2237516, പത്തനംതിട്ട 2362641, കോട്ടയം 2562285, എറണാകുളം 2351314, ഇടുക്കി 04862257471, തൃശൂർ 2320583, പാലക്കാട് 2500354, മലപ്പുറം 2760007, കോഴിക്കോട് 2365977, വയനാട് 222255, കണ്ണൂർ 2705158, കാസർകോട് 2217440.

LEAVE A REPLY

Please enter your comment!
Please enter your name here