ശാസ്ത്രമേഖലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഉണ്ടായ നേട്ടങ്ങൾ കുറ്റാന്വേഷണ പ്രക്രിയയെ ശക്തിപ്പെടുത്താൻ ഉപയുക്തമാക്കിയിട്ടുണ്ടെന്നു മുൻ ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇക്കാര്യത്തിൽ കേരള പോലീസ് മുൻപന്തിയിലാണ് നിൽക്കുന്നത്. ശിക്ഷാവിധി ഉറപ്പു വരുത്തുന്ന കാര്യത്തിലും കൊലപാതകങ്ങളുടെ എണ്ണം കുറക്കുന്ന കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരിയിലെ നുവാൽസിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ സി സണ്ണി , ഡോ അമ്പിളി പി , ഡോ അപർണ ശ്രീകുമാർ , ഡോ ബിന്ദു എസ് എന്നിവർ സന്നിഹിതരായിരുന്നു. ഡോ അപർണ ശ്രീകുമാർ രചിച്ച കൃഷിയും പരിസ്ഥിതി നിയമവും, സ്വതന്ത്ര ഇന്ത്യ കണ്ട 50 ചീഫ് ജസ്റ്റിസുമാർ , ലിംഗസമത്വം ഉറപ്പു വരുത്താൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.