• സമൂഹത്തിന് ഏറ്റവും കൂടുതൽ ബിരുദധാരികൾ സംഭാവന ചെയ്യുന്ന ചടങ്ങെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ
  • 16298 പേർക്കാണ് സർവകലാശാല ഇത്തവണ ബിരുദം നൽകിയത്

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനാറാമത് ബിരുദ ദാന ചടങ്ങ് സർവകലാശാലയിൽ നടന്നു. ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംബന്ധിച്ചു. സ്വന്തം വളർച്ചയെകുറിച്ച്‌ ചിന്തിക്കുവാനും സമൂഹത്തെ സേവിക്കുവാനുമുള്ള സ്വാതന്ത്ര്യം ഒരു മെഡിക്കൽ ബിരുദധാരിക്കുണ്ട്. എന്നാൽ പഠിച്ചത് സമൂഹത്തിനുകൂടി ഉപകരിക്കുന്ന വിധത്തിൽ പ്രയോഗിക്കുന്നവരെയാണ് രാജ്യത്തിനിന്നാവശ്യം. പണത്തിന്‍റേയോ സൗകര്യങ്ങളുടെയോ കുറവുകൊണ്ട് ഒരു രോഗിക്കുപോലും ചികിത്സ നിഷേധിക്കപ്പെടരുത്. മറികടക്കാനാവില്ലെന്നു കരുതിയിരുന്ന പ്രതിസന്ധികളെപ്പോലും അതിജീവിച്ച സമൂഹമാണ് നമ്മുടേതെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.

സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡോ. മോഹനൻ കുന്നുമ്മൽ സമൂഹത്തിനു എറ്റവുമധികം ബിരുദധാരികളെ സംഭാവന ചെയ്യുന്ന ബിരുദദാനച്ചടങ്ങാണിതെന്നും ഈ ബിരുദദാനച്ചടങ്ങിൽ 16298 പേർക്കാണ് ബിരുദം നല്കുന്നതെന്നും പ്രസ്താവിച്ചു. ഇതോടെ സർവകലാശാല 122776 പേർക്ക് ബിരുദം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സർവകലാശാല വളർച്ചയുടെ പാതയിലാണെന്നും, തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് ഇൻ ആയുർവേദ,തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, കോഴിക്കോട് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് എന്നിവ പ്രവർത്തനക്ഷമമായി വരുന്നതായും വൈസ് ചാൻസലർ പ്രസ്താവിച്ചു.

കോഴിക്കോട് ഗവണ്മന്‍റ് മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവി ആയിരുന്ന ഡോക്ടർ സി.കെ ജയറാം പണിക്കരുടെ സ്മരണാർദ്ധം എം ബി ബി എസ് പരീക്ഷയ്ക്ക് മൈക്രോബയോളജിയിൽ എറ്റവും ഉയർന്ന മാർക്ക് നേടുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഡോക്ടർ സി.കെ ജയറാം പണിക്കർ എൻഡോവ്മെന്‍റ് അവാർഡ് ഈ വർഷം എറണാകുളം ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിലെ അമൃത കൃഷ്ണ.ജെ ക്ക് സമ്മാനിച്ചു. ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ ഗവർണർ വിതരണം ചെയ്തു.

സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. ഏ.കെ. മനോജ് കുമാർ പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ്. അനിൽകുമാർ, ഫിനാന്‍സ് ഓഫീസര്‍ ശ്രീ കെ പി രാജേഷ്‌, സർവ്വകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ എസ്, ഡോ. വി എം ഇക്ബാല്‍, ഡോ. ബിനോജ് ആര്‍, വിവിധ ഫാക്കൽറ്റി ഡീൻമാർ, റിട്ട. ജസ്റ്റിസ്‌ ഹരിഹരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.