ഇന്ത്യയിലെ എൻട്രൻസ് എക്‌സാമുകളിൽ പ്രധാനിയാണ് GATE അഥവാ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്. വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ്, സയൻസ് എന്നിവയിലെ വിവിധ ഡിഗ്രി വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയാണ് ഈ പരീക്ഷയിലൂടെ ചെയ്യുന്നത്. നാഷണൽ കോർഡിനേഷൻ ബോർഡിന് വേണ്ടി ഏഴ് ഐഐടികളും (ബോംബെ, ഡൽഹി, കാൺപൂർ, ഗുവാഹത്തി, റൂർക്കി, മദ്രാസ്, ഖരഗ്പൂർ ) ഐഐഎസ്‌സി ബാംഗ്ലൂരും ചേർന്നാണ് ഗേറ്റ് എക്‌സാം വർഷം തോറും റൊട്ടേഷൻ അടിസ്ഥാനത്തിൽ നടത്തിവരുന്നത്.

നമ്മുടെ രാജ്യത്ത് വിവിധ പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഗേറ്റ് സ്കോറാണ് മാനദണ്ഡം. അതുപോലെ ജർമനിയിലെയും സിംഗപ്പൂരിലെയും ചില സർവ്വകലാശാലകളും ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകിവരുന്നുണ്ട്.

  • Nanyang Technological University, Singapore

സിംഗപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ യൂണിവേഴ്സിറ്റി പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന യോഗ്യതയായി ഗേറ്റ് സ്കോർ അംഗീകരിച്ചിട്ടുണ്ട്. അന്തർദേശീയ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും GRE, TOEFL സ്‌കോറുകൾ നൽകേണ്ടത് നിർബന്ധമാണെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് GRE ന് പകരം GATE ഉം TOEFL-ന് പകരം IELTS ഉം നൽകാനുള്ള ഓപ്ഷൻ ഈ യൂണിവേഴ്സിറ്റി നൽകി വരുന്നു.

യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഏറ്റവും കുറഞ്ഞ ഗേറ്റ് സ്‌കോർ 90 ശതമാനത്തിന് തുല്യമോ അതിൽ കൂടുതലോ ആയിരിക്കണം. ഗേറ്റ് സ്കോർ മൂന്ന് വർഷത്തിൽ കൂടാനും പാടില്ല.

  • Technical University of Munich

ജർമ്മനി ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന ഈ യൂണിവേഴ്സിറ്റി ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് GRE സ്കോറിന് പകരം ഗേറ്റ് സ്കോറുകൾ നൽകാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. കൂടാതെ, ഐ ഐ ടി കളിൽ നിന്നും ഡിഗ്രി നേടിയവർ ഗേറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് പ്രത്യേകമായി നൽകേണ്ടതുമില്ല.

ഈ സർവ്വകലാശാലയിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫോർമാറ്റിക്സ് വാഗ്ദാനം ചെയ്യുന്ന എല്ലാ പി ജി പ്രോഗ്രാമുകൾക്കും ഗേറ്റ് സ്കോർ ആവശ്യമാണ് (കുറഞ്ഞ സ്കോർ: QR 164, AW 4.0). ഗേറ്റ് സ്‌കോർ ആവശ്യമുള്ള മറ്റ് കോഴ്‌സുകൾ ഇവയാണ്: MSc Mathematics in Data Science, MSc Materials Science and Engineering, MSc Matter to Life: MSc Computational Mechanics, MSc ESCAPE and MSc Environmental Engineering.

  • RWTH Aachen University (Germany)

ഇന്ത്യൻ ഉദ്യോഗാർഥികളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ മിനിമം മാർക്ക് ഉണ്ടായിരിക്കണമെന്നും കൂടാതെ എൻട്രൻസ് എക്‌സാമുകളിൽ വിജയിച്ചിരിക്കണമെന്നുമാണ് ഈ ജർമൻ യൂണിവേഴ്സിറ്റി പറയുന്നത്. യൂണിവേഴ്സിറ്റിയിലെ പി ജി കോഴ്സുകൾക്കാണ് ഇത്തരത്തിൽ യോഗ്യത മാനദണ്ഡം ഉള്ളത്.

  • National University of Singapore

എൻ യു എസ് യൂണിവേഴ്‌സിറ്റിയും ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് ഗേറ്റ് സ്കോർ ഉപയോഗിക്കാനുള്ള പ്രൊവിഷൻ നൽകുന്നുണ്ട്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രി നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഗേറ്റ് സ്‌കോറുകൾ സമർപ്പിക്കാം എന്നാണ് യൂണിവേഴ്സിറ്റി മാർഗനിർദേശങ്ങളിൽ പറയുന്നത്.

Masters in Computer Science, Master of Computing – Information Systems Specialisation, Master of Computing – Infocomm Security Specialisation, Master of Computing – Artificial Intelligence Specialisation, Master of Computing – General Track and Master of Science – Digital Financial Technology (MSc DFinTech) തുടങ്ങിയ പി ജി കോഴ്സുകൾക്കാണ് GRE സ്കോറിന് പകരം ഗേറ്റ് സ്കോർ നല്കാൻ കഴിയുക.

വിദേശ യൂണിവേഴ്സിറ്റികൾക്ക് വേണ്ടി പ്രത്യേകം എൻട്രൻസ് എക്‌സാം എഴുതുന്നതിനു മുൻപ് ഗേറ്റ് സ്കോർ ഉപയോഗിച്ചുള്ള ഈ സാധ്യതകൾ അറിഞ്ഞിരിക്കുക.