Siva Kumar
Management Skills Development Trainer, Dubai

മത്സര ബുദ്ധി നല്ലതാണോ ? അഥവാ എന്തിനാണ് നാം മത്സരിക്കുന്നത് ?

‘കൂടിയല്ലാ ജനിക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യയിങ്ങനെ  കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ? ‘

എന്നു കേട്ടു വളര്‍ന്നവരാണ് നമ്മള്‍ മലയാളികള്‍. പക്ഷേ മത്സരത്തിന്റെ കാര്യം വരുമ്പോള്‍ സൗകര്യപൂര്‍വ്വം ഇതെല്ലാം മറക്കുകയും ചെയ്യും. സതീര്‍ത്ഥ്യരോട്, സഹപ്രവര്‍ത്തകരോട്, അയല്‍വാസികളോട്, സ്വന്തം സഹോദരങ്ങളോട് തുടങ്ങി എല്ലാവരോടും എന്തിനെന്നില്ലാത്ത മത്സരമാണ്. മത്സരിച്ചിട്ടെന്തു നേടി എന്നത് പലപ്പോഴും ഉത്തരം എളുപ്പമല്ലാത്ത ചോദ്യവുമാണ്.

അങ്ങിനെയെങ്കില്‍ മത്സരിക്കാതെ ജീവിക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരാം.

ഉത്തരം, മത്സരബുദ്ധി വേണം എന്നു തന്നെയാണ്. പക്ഷേ ആരോട് മത്സരിക്കണം എന്നതാണ് പ്രധാനം. ഈ കാര്യത്തിലുള്ള അജ്ഞതയാണ്, പകയും വിദ്വേഷവുമൊക്കെയായി മിക്കവാറും ആളുകളുടെ ജീവിതം ക്ലേശകരമാക്കിത്തീര്‍ക്കുന്നത്.

മത്സരം ആരോടാണ് വേണ്ടത് ?

ഒരു ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്ന  വ്യക്തി ജയിക്കാനായി  ആരോടാണ് മത്സരിക്കുന്നത് ? കൂടെ ഓടുന്നവരോടാണ് എന്ന ഉത്തരം പൂര്‍ണ്ണ അര്‍ത്ഥത്തില്‍  ശരിയാണോ ?

നൂറു മീറ്റര്‍ ദൂരം 10 സെക്കന്‍ഡ് കൊണ്ട് ഓടാന്‍ സാധിക്കുന്ന ഒരാള്‍ 9.5 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തുമ്പോഴാണ് വിജയിക്കുന്നത് എങ്കില്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് അയാളോട് തന്നെയാണ്. 10 സെക്കന്‍ഡില്‍ മാത്രമേ ഓടിയെത്താന്‍ കഴിയൂ എന്ന  പരിമിതി സ്വയം  മറികടക്കുമ്പോഴണല്ലോ അയാള്‍ വിജയിയാവുന്നത്.

അതുപോലെ നാം ജീവിതത്തില്‍ വിജയിക്കുവാനായി മത്സരിക്കേണ്ടതും നമ്മളോട് തന്നെയാണ്.

മനുഷ്യന്‍ ജനിക്കുന്ന സമയം മുതല്‍ ഓരോ കാര്യങ്ങള്‍ പഠിക്കുകയും, ജീവിതകാലം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടേയിരിക്കുന്നു എന്നും നമുക്കറിയാം. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ അറിവുകള്‍ അല്ലെങ്കില്‍ കഴിവുകള്‍ നേടുന്നയാളാണ് ജീവിതത്തില്‍ വിജയിക്കുന്നത് എന്നും നമുക്ക്  കാണാന്‍ കഴിയും.

അങ്ങിനെ, കൂടുതല്‍ അറിവുകളും കഴിവുകളും നേടുന്നയാളെ വിജയം തേടി വരും. ഒരാള്‍ ജ്ഞാനിയാണെങ്കില്‍ എത്ര ദൂരത്തിലാണെങ്കിലും ഏത് കൊടുങ്കാട്ടിലാണെങ്കിലും ജനങ്ങള്‍ അയാളെ  തേടിച്ചെല്ലും.

എന്നാല്‍, വെറുമൊരു സാധാരണ മനുഷ്യനാണെങ്കില്‍ തിരക്കേറിയ നഗരത്തിലും അയാള്‍ക്ക് യാതൊരു പ്രാധാന്യവുമുണ്ടാവുകയില്ല. കഴിവുകളുടെ കാര്യവും അങ്ങിനെ തന്നെയാണ്. കഴിവുള്ളവരെ അഥവാ കഴിവുകള്‍ നേടിയെടുത്തവരെ തേടി ജോലികള്‍ അങ്ങോട്ടു ചെയ്യും. അതൊരു ആശാരി ആയാലും ഡോക്ടര്‍ ആയാലും ബിസിനസ്സുകാരന്‍ ആയാലും അവര്‍ക്കെന്നും ഡിമാന്റുണ്ട്.

തീര്‍ച്ചയായും നാം മത്സരിക്കണം. സ്വയം നവീകരിക്കുക,  സ്വയം മെച്ചപ്പെടുത്തുക എന്ന കാര്യത്തില്‍ നാം നമ്മോട് തന്നെ മത്സരിക്കണം. ഇത്തരത്തില്‍, ഏതൊരു മേഖലയിലും മികച്ചതാവാന്‍ നമ്മെ സമ്മതിക്കാത്ത, നമ്മുടെ എതിരാളികള്‍ പുറത്തുള്ളവരല്ല, നമ്മുടെ ഉള്ളിലുള്ളവരാണ്. മടി, ഉപേക്ഷ, കാര്യങ്ങള്‍ നാളത്തേക്ക് മാറ്റിവയ്ക്കല്‍ തുടങ്ങിയ നമ്മുടെ തന്നെ, ശീലങ്ങളെയാണ് നമ്മള്‍ തോല്‍പ്പിക്കേണ്ടത്.

2020  ലെ നമ്മളെക്കാള്‍, ഏറെ മെച്ചപ്പെട്ട, അറിവുള്ള, കഴിവുള്ള നമ്മളായിരിക്കണം 2021 ലെ നമ്മള്‍ ! അതിനായിട്ടാവണം നമ്മള്‍ മത്സരിക്കേണ്ടത്.  അതാവണം നമ്മുടെ മത്സരം. അതിനായി വലിയ വലിയ കാര്യങ്ങള്‍ തന്നെ ചെയ്യണമെന്നില്ല. ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം കണ്ട് ഞെട്ടിയവര്‍ ആരെങ്കിലും അതുപോലെയാവാന്‍ ശ്രമിക്കാമോ ?

തീര്‍ച്ചയായും, ഒരു ദിവസം രണ്ടു പുതിയ വാക്കുകള്‍ പഠിച്ചാല്‍ വര്‍ഷത്തില്‍ 700 പുതിയ പദങ്ങള്‍ നമ്മുടെ അറിവിനോട് കൂട്ടിച്ചേര്‍ക്കപ്പെടും. അതൊരു വളരെ വലിയ കാര്യമാണ്. അതുപോലെ പലതും നമുക്ക് പഠിക്കുവാന്‍ കഴിയും. കമ്പ്യൂട്ടര്‍ സ്ഥിരമായി  ഉപയോഗിക്കുന്നവരാണെങ്കില്‍, ടൈപ്പിംഗ് പരിശീലിക്കുന്നത് ജോലിയുടെ സ്പീഡ് ഗണ്യമായി കൂട്ടുകയും ഒഴിവ് സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  എഴുതുന്നവരാണെങ്കില്‍ കയ്യക്ഷരം  ഭംഗിയുള്ളതാക്കാം. വാസനയുള്ളവര്‍ക്ക് ചിത്രകല പഠിക്കാം. അതുമല്ലെങ്കില്‍ കരിയറുമായി ബന്ധപ്പെട്ടതോ, താല്‍പര്യമുള്ളതോ ആയ ഏതെങ്കിലും ചെറു കോഴ്‌സുകള്‍ പഠിക്കാം. ഡ്രൈവിംഗ് മുതല്‍ ആപ്പ് ഡവലപ്പ്‌മെന്റ് വരെ ഏതെങ്കിലും പുതിയ കാര്യത്തില്‍ നൈപുണ്യം നേടാം. പുതിയൊരു ഭാഷ പഠിക്കാം.  അങ്ങിനെ പലതും പഠിക്കാം. പഴയ നമ്മളെക്കാളും മികച്ച നമ്മളാവാം.

എന്തു തന്നെയായാലും നമ്മള്‍ കുറച്ചു കൂടെ മികച്ച വ്യക്തിയായി മാറാനായി നമ്മള്‍ നമ്മളോട് തന്നെ മത്സരിക്കാം. ഇഞ്ചോടിഞ്ച് പൊരുതാം. വിജയം സുനിശ്ചിതം !

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!