മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള യംഗ് ടൂറിസം ലീഡേഴ്‌സ് പരിശീലന പരിപാടിക്ക് തുടക്കമായി.

സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഉപകരിക്കുന്ന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കു വഹിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.

നിലവിൽ വിനോദസഞ്ചാര മേഖല നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ടൂറിസം കേന്ദ്രമെന്ന നിലയിൽ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കുന്ന ക്ലാസുകൾ, ചർച്ചകൾ, ശിൽപ്പശാലകൾ ഇതിൻറെ ഭാഗമായി നടക്കും.

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡീൻ ഡോ. റോബിനറ്റ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ശ്രീ റോബിൻ സി. കോശി മുഖ്യാതിഥിയായിരുന്നു.

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ്, ടൂറിസം ഫോർ ലൈഫ് ചീഫ് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ കുരുവിള എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള യാത്രകൾ അപകടരഹിതമായി സംഘടിപ്പിക്കുന്നതിനുള്ള മുൻകരുതലുകൾ, സുസ്ഥിര വികസനം, ടൂർ ഓപ്പറേഷൻ, ഡിജിറ്റൽ മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ നൈപുണ്യം നേടാൻ ഉപകരിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകരായ എൻ.എസ്. റിയാസ് മെഹമൂദ്, ജോസഫ് ജോർജ്, സുധിഷ് പിയേഴ്‌സൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

കേരള യംഗ് ടൂറിസം ലീഡേഴ്‌സ് പരിപാടിയുടെ പുതിയ ബാച്ചുകളിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾ അറിയുന്നതിനും 9995553828,
7510910533 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.