കണ്ണടകളിലെ പ്രധാനിയാണ് ഹാർലെക്വിൻ ഐ ഫ്രെയിംസ് അഥവാ ക്യാറ്റ് ഐ ഫ്രയിമുകൾ. വൃത്താകൃതിയിലുള്ള കണ്ണട ഫ്രയിമുകൾ മാത്രമുണ്ടായിരുന്ന കാലത്താണ് ക്യാറ്റ് ഐ ഫ്രെയിം എന്ന വിപ്ലവം സംഭവിക്കുന്നത്. അന്ന് ഈ ഫ്രെയിം ഡിസൈൻ ചെയ്തത് അമേരിക്കയിലെ പ്രശസ്ത ഡിസൈനറും ശില്പിയുമായിരുന്ന ആൾട്ടിന ഷിനാസി ആയിരുന്നു. ആൾട്ടിന ഷിനാസിയുടെ ജന്മവാർഷിക ദിനമായ ഇന്ന് ഗൂഗിൾ ഡൂഡിളായി ഷിനാസിയെ ചിത്രീകരിച്ചുകൊണ്ടാണ് ഗൂഗിൾ ആഘോഷിക്കുന്നത്.

1907-ൽ ന്യൂയോർക്കിലെ മാൻഹട്ടനിൽ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി ഓഗസ്റ്റ് 4 നാണ് ആൾട്ടിന ഷിനാസി ജനിക്കുന്നത്. ഷിനാസിയുടെ പേരിൽ ഹാർലെക്വിൻ ഐ ഫ്രെയിംസ് പുറമെ നിരവധി പേറ്റന്റുകളുണ്ട്. കരിയറിലുടനീളം കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ആൾട്ടിന ഷിനാസി.

പാരീസിൽ പെയിന്റിങ്ങും, യുഎസിൽ തിരിച്ചെത്തിയ ശേഷം ന്യൂയോർക്കിലെ ദി ആർട്ട് സ്റ്റുഡന്റ്സ് ലീഗിൽ കലയും പഠിച്ച ഷിനാസി നിരവധി സ്റ്റോറുകളിൽ വിൻഡോ ഡ്രെസ്സറായി ജോലി നോക്കുകയും ചെയ്തിരുന്നു. ജോലി സ്ഥലങ്ങളിൽ കണ്ണട ഉപയോഗിക്കുന്ന സ്ത്രീകളുടെ ഏക ഫ്രെയിം ഓപ്ഷൻ വൃത്താകൃതി ആണെന്ന് മനസിലാക്കിയ ഷിനാസിയുടെ മനസിലേക്ക് കടന്നുവന്ന ആശയമായിരുന്നു ഈ ക്യാറ്റ് ഐ ഫ്രെയിമുകൾ. ഇറ്റലിയിലെ വെനീസിൽ കാർനെവാലെ ഫെസ്റ്റിവലിൽ ആളുകൾ ഹാർലെക്വിൻ മാസ്‌കുകൾ ധരിച്ചിരുന്നത് ഷിനാസിയുടെ കണ്ടുപിടുത്തത്തിന് റഫറൻസ് ആയി മാറി.

രൂപകൽപന ചെയ്ത ഡിസൈനുമായി അവർ പല കണ്ണട നിര്മാതാക്കളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുക്കം ചില മാറ്റങ്ങളോടെ ആ ഡിസൈൻ ആവിശ്യപ്പെട്ടുകൊണ്ട് ഒരു കച്ചവടകകരാണ് മുന്നോട്ട് വന്നു. അങ്ങനെ ആ ഫ്രയിമുകൾ വിപണിയിലിറക്കി. പിന്നീട് വിജയമായി മാറുകയും ചെയ്തു. 1940-കളിൽ ഹാർലെക്വിൻ ഫ്രെയിം യുഎസിൽ ഒരു ഫാഷൻ ആക്സസറിയായി മാറി. കണ്ടുപിടുത്തത്തിന് ഷിനാസിക്ക് 1939-ൽ ലോർഡ് & ടെയ്‌ലർ അമേരിക്കൻ ഡിസൈൻ അവാർഡ് ലഭിച്ചു. പ്രശസ്ത ഫാഷൻ മാസികകളുടെ അംഗീകാരവും ഷിനാസിയെതേടി എത്തി.

പിന്നീട് അവർ സിനിമയിലേക്ക് ചുവടുവെച്ചു. 1960-ൽ, തന്റെ അധ്യാപകനായിരുന്ന ജോർജ്ജ് ഗ്രോസ് എന്ന കലാകാരനെക്കുറിച്ച് ഒരു ഡോക്യുമെന്ററി അവർ തയ്യാറാക്കി. ഇത് അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ആൾട്ടിന ഷിനാസി ഒരു എഴുത്തുകാരി കൂടിയായിരിക്കുന്നു. ‘The road I have travelled’ (1995) എന്നൊരു പുസ്തകവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

Birth Anniversary of Altina Schinasi - The Cat Eye Frame Designer