Reshmi Thamban

𝑹𝒆𝒔𝒉𝒎𝒊 𝑻𝒉𝒂𝒎𝒃𝒂𝒏
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

കോവിഡ് ഇത്ര കണ്ട് ബാധിച്ച വേറൊരു മേഖല ഉണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഇല്ല എന്നാവും മറുപടി. എല്ലാവരും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ ട്രാവൽ ആൻഡ് ടൂറിസം മേഖല നിന്ന് വിയർത്തു. കൊല്ലാം, പക്ഷെ തോൽപിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസവുമായി അതേ ട്രാവൽ ആൻഡ് ടുറിസം മേഖല ഇപ്പൊ തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. രണ്ട് കാലിലും ടയറും കൊണ്ട് ജനിച്ച മനുഷ്യനെ എത്ര നാളെന്ന് കരുതിയാണ് മുറിയിൽ അടച്ച് പൂട്ടി വെക്കാൻ കഴിയുക. അവർ വീണ്ടും ഓടി തുടങ്ങുകയാണ്. ഒപ്പം ട്രാവൽ ആൻഡ് ടൂറിസം മേഖലയും. 

ഇന്നത്തെ വീഡിയോ ട്രാവൽ ആൻഡ് ടൂറിസം മേഖലയെക്കുറിച്ചുള്ളതാണ്. എങ്ങനെ ഈ ഒരു മേഖലയിലേക്ക് കടക്കാം? എന്ത് പഠിക്കണം? എവിടെ പഠിക്കണം? സാധ്യതകൾ എന്തൊക്കെ? ജോബ് റോൾസ് എന്തൊക്കെ? സാലറി എത്രയാണ്? തുടങ്ങി ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ് വന്നുകൊണ്ടിരിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നമുക്ക് നോക്കാം. 

എന്താണ് ട്രാവൽ ആൻഡ് ടൂറിസം ? ഏറ്റവും ചുരുക്കി യാത്ര പോകാൻ ഇഷ്ടമുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന മേഖല എന്നൊക്കെ പറയാം. അതേ പോലെ സ്ഥലങ്ങൾ കാണാനും എക്‌സ്‌പ്ലോർ ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് പൂർണ മനസോടെ ജോലി ചെയ്യാൻ സാധിക്കുന്ന മേഖല കൂടിയാണിത്. മനുഷ്യന്റെ യാത്ര ചെയ്യുന്ന സ്വഭാവത്തെ കോമേഴ്ഷ്യലൈസ് ചെയ്യുന്നതിലൂടെയാണ് ട്രാവൽ ആൻഡ് ടൂറിസം മേഖല വളരുന്നത്. സർക്കാർ തലത്തിലും ഈ ഒരു മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്, ഇങ്ങനെ കോമേഴ്ഷ്യലൈസ് ചെയ്യപ്പെടുമ്പോൾ കിട്ടുന്ന വരുമാനം കണ്ടുകൊണ്ട് തന്നെയാണ്. 

Travel and Tourism

എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുചെല്ലാൻ സാധിക്കുക? അതാണ് അടുത്ത ചോദ്യം. ട്രാവൽ ആൻഡ് ടുറിസം കോഴ്സുകൾ ഒരുപാടുണ്ട്. ബാച്ചിലർ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ഡിഗ്രി കോഴ്സുകൾ, പി ജി കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, അങ്ങനെ അങ്ങനെ.

ഇൻക്രെഡിബിൾ ഇന്ത്യ ടൂറിസ്റ്റ് ഫെസിലിറ്റേറ്റർ അഥവാ ഐഐടിഎഫ് എന്ന ഒരു സർട്ടിഫിക്കേഷൻ പ്രോഗ്രാം കേന്ദ്ര ടൂറിസം മിനിസ്ട്രി നടത്തുന്നുണ്ട്. ടൂറിസത്തെക്കുറിച്ച് കൃത്യമായി പഠിക്കാൻ കഴിയുന്ന ഒരു പ്രോഗ്രാം ആണിത്. ടൂറിസം മിനിസ്ട്രിയുടെ സർട്ടിഫൈഡ് ടൂറിസ്റ്റ് ഫെസിലിറ്റേറ്ററാകാൻ ഈ കോഴ്സ് പഠിക്കുന്നതിലൂടെ സാധിക്കും

 +2 കഴിഞ്ഞ് ഈ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാൻ കഴിയുന്ന ബി എ ട്രാവൽ ആൻഡ് ടൂറിസം, ബി ബി എ ട്രാവൽ ആൻഡ് ടൂറിസം, ബി കോം ട്രാവൽ ആൻഡ് ടൂറിസം, ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മന്റ് അഥവാ ബി ടി ടി എം തുടങ്ങിയ കോഴ്സുകൾ എല്ലാം തന്നെ ഇൻഡസ്ട്രിയൽ വിസിറ്റുകളോടുകൂടിയ ട്രെയിനിങ്ങുകൾ അടക്കം നൽകി വരുന്ന കോഴ്സുകളാണ്. കൂടാതെ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മന്റ്, എം എ ട്രാവൽ ആൻഡ് ടൂറിസം, എം ബി എ ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി പോലുള്ള കോഴ്സുകളും ഉണ്ട്. 

Hospitality

കേരളത്തിൽ കിറ്റ്‌സ്‌ അഥവാ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്, ടൂറിസം വകുപ്പിന് കീഴിലുള്ള ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ മാത്രം നൽകി വരുന്ന സ്ഥാപനമാണ്. ഐ ഐ ടി ടി എം അഥവാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ മാനേജ്‌മന്റ് ദേശീയ തലത്തിൽ ട്രാവൽ ആൻഡ് ടൂറിസം പഠിപ്പിക്കുന്ന സ്ഥാപനമാണ്. കൂടാതെ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും ട്രാവൽ ആൻഡ് ടൂറിസം ഡിഗ്രി, പി ജി, ഡിപ്ലോമ അതേ പോലെ സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകി വരുന്നുണ്ട്. പഠിക്കുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ റേറ്റിങ് നോക്കാൻ മറക്കരുത് എന്ന് മാത്രം. 

കോഴ്സുകളിൽ മെയിൻ ആയും,  

  • Different types of tourism
  • Tourism products 
  • Tourism marketing 
  • Human Resource management
  • Business management
  • Basic accounts 

തുടങ്ങിയ കാര്യങ്ങളാണ് പഠിക്കാനുള്ളത്. ടുറിസം മേഖലയിൽ തന്നെ അഡ്വെഞ്ചർ ടൂറിസം, മെഡിക്കൽ ടൂറിസം തുടങ്ങിയ മേഖലകളുണ്ട്. അവയിൽ സ്‌പെഷലൈസ് ചെയ്യാനും സാധിക്കും.  

തമാശ എന്താണെന്നുവച്ചാൽ ഇതൊന്നും, യാതൊരു കോഴ്സുകളും പഠിക്കാതെ സ്വന്തം പാഷൻ കൊണ്ട് മാത്രം ഈ ഒരു മേഖലയിൽ സക്സീഡ് ചെയ്യുന്ന ആളുകളുമുണ്ട് എന്നതാണ്. സ്കിൽ ആണ് പ്രധാനം. നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ മസ്റ്റാണ്. ക്ഷമയും, ക്രൈസിസ് മാനേജ്‌മന്റ് സ്കില്ലും ഉണ്ടായിരിക്കണം. മാനേജ്‌മന്റ് ആണ് എല്ലാം. അവിടെയാണ് നമ്മുടെ കഴിവ് പ്രകടിപ്പിക്കേണ്ടത്. 

ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ജോബ് റോൾസ്, അതെന്തൊക്കെയാണ് എന്ന് നോക്കാം. ട്രാവൽസുകളിൽ, ഹോട്ടൽസിൽ, എയർപോർട്ടുകളിൽ, എയർലൈനുകളിൽ, ക്രൂയിസ് ലൈൻസിൽ ഒക്കെ ട്രാവൽ ആൻഡ് ടൂറിസം പഠിച്ചവർക്ക് സാധ്യതകളുണ്ട്. ആക്കോമഡേഷൻ, ട്രാൻസ്‌പോർട്, ഇവന്റ് മാനേജ്‌മന്റ്, എന്റർടൈൻമെന്റ് ഏരിയ ഇവയൊക്കെ സാധ്യതകളുള്ള മേഖലകളാണ്. ടൂർ ഓപ്പറേറ്ററായും, ട്രാവൽ ഏജന്റായുമൊക്കെ ജോലി നോക്കാനുള്ള അവസരങ്ങളുമുണ്ട്. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതകളൊരുപാടുള്ള മേഖല കൂടിയാണിത്. സംരംഭകർക്കുനേരെയും ട്രാവൽ ആൻഡ് ടൂറിസം മേഖല പച്ചക്കൊടിയാണ് കാട്ടാറുള്ളത്. ട്രാവൽ ആൻഡ് ടൂറിസം പഠിപ്പിക്കുന്ന അധ്യാപകരാവാനും അവസരമുണ്ട്. 

Travel and Tourism

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള അവസരങ്ങളും ഈ ഒരു മേഖലയിലുണ്ട്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ടൂറിസം ഡിപ്പാർട്മെന്റുകളിൽ ജോലി ലഭിക്കും, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ തലത്തിൽ ഉള്ളത് എന്നതുകൊണ്ട് തന്നെ സാധ്യതകളും കൂടുതലാണ്. സ്വകാര്യ മേഖലയിൽ ജോലി ആരംഭിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന തുടക്ക ശമ്പളം 10000 രൂപ മുതൽ 25000 രൂപ വരെയാണ്. മാനേജീരിയൽ പൊസിഷനിലേക്ക് വരുമ്പോൾ 35000 മുതൽ 50000 രൂപ വരെയാണ് സാലറി. 

യാത്ര ചെയ്യാനും ടൂറിസം സ്പോട്ടുകളെക്കുറിച്ച് പഠിക്കാനും അത് ആളുകളുടെ താല്പര്യത്തിനനുസരിച്ച് പ്ലാൻ ചെയ്ത് കൊടുക്കാനുമൊക്കെ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തകർക്കാൻ പറ്റിയ മേഖലയാണ് ട്രാവൽ ആൻഡ് ടൂറിസം. സാധ്യതകൾ ഉള്ളത് പോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ട്. അതിനെയൊക്കെ തരണം ചെയ്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ നിങ്ങൾക്കും സക്സസ്ഫുൾ ആവാം. താൽപര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുക, അതാണ് പ്രധാനം. കൂട്ടത്തിൽ സ്മാർട്ട് വർക്കും. ഓൾ ദി ബെസ്റ്റ്.