പഠിച്ച് കഴിഞ്ഞ് തൊഴിൽ തേടി ഇറങ്ങുക എന്ന അവസ്ഥയ്ക്ക് അറുതി വന്നത് കമ്പനികൾ കൂട്ടത്തോടെ ക്യാമ്പസുകളിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തി കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന രീതി വന്നതോടെയാണ്. നമ്മുടെ നാട്ടിലെ സാധാരണ ആർട്സ് കോളേജുകൾ മുതൽ ലോകോത്തര നിലവാരത്തിലുള്ള ഐഐടികൾ വരെ വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ക്യാമ്പസ് പ്ലേസ്‌മെന്റിലെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ കാണിച്ചാണ്. ഐഐടികളിലെ വിദ്യാർത്ഥികൾക്ക് വമ്പൻ കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ വാർത്തകളിൽ കണ്ട് നമ്മൾ അന്തം വിട്ട് നിൽക്കാറുമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ അക്കാദമിക വർഷം ഐഐടികളിലെ കാര്യവും തഥൈവ ആയിരുന്നെന്നാണ് കേൾക്കുന്നത്.

ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താൻ പോകുന്നു എന്ന് നമ്മൾ കേട്ട് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. ഇതിനിടെ വരാൻ പോകുന്ന പ്രതിസന്ധി മുന്നിൽ കണ്ട ടെക് ഭീമന്മാർ പലരും തങ്ങളുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന സംഭവങ്ങളും തകൃതിയായി അരങ്ങേറുന്നുണ്ട്. ഇങ്ങ് ബാംഗ്ലൂർ മുതൽ അങ്ങ് സിലിക്കൺ വാലി വരെ ഇതിന് കുറവൊന്നുമില്ല. ഈയൊരു സാഹചര്യത്തിൽ പുതിയതായി റിക്രൂട്ട്മെന്റ് നടത്താൻ അമേരിക്കൻ വമ്പന്മാർ മടിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

ആമസോൺ ഇത്തവണ പല ഐഐടികളിലും റിക്രൂട്ട്മെന്റ് നടത്തിയത് പോലുമില്ല. എന്നാൽ ഗൂഗിളും മൈക്രോസോഫ്റ്റും വളരെ ചുരുങ്ങിയ വേക്കൻസികളാണ് മുന്നോട്ട് വച്ചതും. വമ്പൻമാർക്ക് പുറമെ പല സ്റ്റാർട്ടപ്പുകളും യൂണികോണുകളും തിരഞ്ഞെടുത്തവരിൽ പലർക്കും ഇത് വരെ ഓഫർ ലെറ്ററുകളും ലഭിച്ചിട്ടില്ല. സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടം ഭയന്ന് പ്രതിസന്ധികൾ മറികടക്കാൻ കെൽപ്പുള്ള കമ്പനികൾ പോലും പുതിയ ആൾക്കാരെ ജോലിക്കെടുക്കാൻ മടിക്കുന്നു. കൂട്ടത്തോടെ ജോലി നഷ്ടപെടുന്നവർ മറുവശത്ത്. ചുരുക്കി പറഞ്ഞാൽ 2023-ൽ തൊഴിൽ-സാമ്പത്തിക രംഗങ്ങളിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമായിരിക്കില്ല എന്നർത്ഥം.