കേരള പോസ്റ്റൽ സർക്കിളിൽ ആർ.എം.എസ് ഉൾപ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും (BPM) അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും (ABPM) ഗ്രാമീൺ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു. കരാർ നിയമനമാണ്. 2203 ഒഴിവുകൾ. വിജ്ഞാപനം https://indiapostgdsonline.gov.inൽ.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിൾ/മോട്ടോർ സൈക്കിൾ/സ്കൂട്ടർ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ ഫീസ് 100 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം.
അപേക്ഷ https://indiapostgdsonline.gov.inൽ ഓൺലൈനായി സമർപ്പിക്കാം. ജൂൺ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ഡിവിഷനുകളിലേക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. ഉയർന്ന യോഗ്യതകൾക്ക് വെയ്റ്റേജില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ദിവസം നാലു മണിക്കൂറിൽ കുറയാതെ സേവനമനുഷ്ഠിക്കണം. BPMന് 12,000 രൂപയും ABPM/ഡാക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. മറ്റാനുകൂല്യങ്ങളും ലഭിക്കും.