തുകല്‍ സംസ്‌കരണവും തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണ് ലെതര്‍ ടെക്‌നോളജി. തുകല്‍ സംസ്‌കരണം, വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കൃത്രിമ തുകല്‍, നിറം കൊടുക്കല്‍, ഉപയോഗ സാധ്യത എന്നിവ ഈ മേഖലയിലെ പഠനത്തിലുള്‍പ്പെടുന്നു.

ദൈനംദിന ജീവിതത്തിലെ തുകല്‍ ഉത്പന്നങ്ങള്‍, വിവിധ തരം പാദരക്ഷകള്‍, തുകള്‍ ബെല്‍റ്റ്, സൂട്ട്കേസുകള്‍, ബാഗുകള്‍, തുകല്‍ വാദ്യോപകരണങ്ങള്‍ തുടങ്ങിയ എണ്ണമറ്റ ഉത്പന്നങ്ങളൊപ്പം കൃത്രിമ തുകലിന്റെ വികസനവും ഉല്‍പന്നനിര്‍മ്മാണവും ഈ മേഖലയാണ് സാധ്യമാക്കുന്നത്. ക്രിക്കറ്റ് -ഫുട്‌ബോള്‍ പന്തുകള്‍, ഹൈഡ്രോളിക് സീലുകള്‍ തുടങ്ങി വിമാനം മുതല്‍ സൈക്കിള്‍ വരെയുള്ളവയുടെ സീറ്റും ഈ മേഖല നിര്‍മ്മിക്കുന്നു.

ഗവേഷണങ്ങള്‍ അധികമില്ലാതെ ലോകമെമ്പാടും വാണിജ്യവത്കരിച്ച മേഖലയാണ് തുകല്‍ വ്യവസായം. ഫാക്ടറികളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഭൂരിഭാഗവും ഈ മേഖലയില്‍ ശാസ്ത്രീയ പഠനമൊന്നുമില്ല. ഇതിന്റെ ഗവേഷണ -സാങ്കേതിക മേഖല വളര്‍ന്നതോടെ ഉത്പാദനം കൂടുതല്‍ മികവുറ്റതാക്കാന്‍ അത് സഹായകമായി. അന്തരീക്ഷ മലിനീകരണം ചുരുക്കി ഈ മേഖല വികസിപ്പിക്കാനാണ് വിദേശ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി കഴിവുറ്റ ലെതര്‍ ടെക്‌നോളജിസ്റ്റുകള്‍ ആവശ്യമാണ്.

തുകല്‍ കയറ്റുമതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. വിദേശ -വാണിജ്യ സംരംഭങ്ങളുമായി ചേര്‍ന്ന് ഈ മേഖലയില്‍ ഡിസൈനിംഗ്, നിര്‍മ്മാണ മേഖലകളില്‍ അനവധി നൂതന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഫാഷന്‍ ലോകത്ത് നിരവധി സാധ്യതകള്‍ ലെതര്‍ ടെക്നോളജി തുറന്നിടുന്നു. ലെതര്‍ ജുവലറി ഇതിലെ പുത്തന്‍ മേഖലയാണ്.

വാഹന നിര്‍മ്മാണ രംഗത്ത് നിരവധി അവസരങ്ങള്‍ ലഭിക്കും. വന്‍കിട നിര്‍മ്മാണ കമ്പനികളുടെ കാറുകള്‍ക്ക് കാലത്തിനൊത്ത തുകല്‍ ഇന്റീരിയര്‍ ലെതര്‍ ടെക്‌നോളജിയിലൂടെയേ സാധ്യമാകൂ. ഈ മേഖലയിലെ ‘ഗ്ലാമറസ്’ കരിയറാണ് ഡിസൈനിംഗ്.

ഇന്ത്യയില്‍ നിരവധി സ്ഥാപനങ്ങള്‍ ബി.ടെക് -ഡിപ്ലോമ ഡിസൈനിംഗ്, നിര്‍മ്മാണ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. രസതന്ത്രം പഠനമേഖലയായി എടുത്തവര്‍ക്ക് ലെതര്‍ ടെക്‌നോളജി തൊഴിലായെടുക്കാം. ലെതര്‍ ടെക്‌നോളജിസ്റ്റ്, ഡിസൈനിംഗ്, റിസര്‍ച്ച്, ഗുണമേന്മ പരിശോധന എന്നീ മേഖലയില്‍ അവസരങ്ങളുണ്ട്.

മൗലാന അബ്ദുള്‍ കാലം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കൊല്‍ക്കത്ത, ഗവണ്‍മെന്റ് കോളേജ് എന്‍ജിനീയറിങ് ആന്‍ഡ് ലെതര്‍ ടെക്നോളജി കൊല്‍ക്കത്ത, സി.എം.ജെ യൂണിവേഴ്സിറ്റി ഷില്ലോങ്, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്‌റിറ്റിയൂട്ട് ചെന്നൈ, ഹാര്‍കോര്‍ട് ബട്ട്‌ലര്‍ ടെക്നോളജി ഇന്‍സ്‌റിറ്റിയൂട്ട് കാണ്‍പൂര്‍, ചണ്ഡീഗഢ് യൂണിവേഴ്സിറ്റി പഞ്ചാബ്, മുസാഫര്‍പൂര്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ടെക്നോളജി ബീഹാര്‍ എന്നിവിടങ്ങളില്‍ ലെതര്‍ ടെക്നോളജി കോഴ്സ് ചെയ്യാവുന്നതാണ്.

Leave a Reply