ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും വന്‍ വിദേശ നിക്ഷേപങ്ങളും വല്ലാര്‍പ്പാടവും വിഴിഞ്ഞവും പോലുള്ള വന്‍കിട പദ്ധതികളും ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്ന പഠനശാഖയ്ക്ക് വന്‍ കരിയര്‍ സാധ്യതകളാണ് കേരളത്തില്‍ തുറന്നിട്ടിരിക്കുന്നത്. ഒരു കമ്പനിയുടെ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ഉത്പാദന ഉറവിടത്തില്‍ നിന്ന് വിപണിയിലെത്തിക്കാനായി ചെയ്യുന്ന മാനേജ്‌മെന്റ്റ് ധര്‍മ്മത്തേയും നിയന്ത്രണത്തേയുമാണു ലോജിസ്റ്റ്ക് മാനേജ്‌മെന്റ് എന്ന് പറയുന്നത്. അസംസ്‌കൃത വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം കേടുപാടുകള്‍ കൂടാതെ അപായ സാധ്യതകള്‍ കുറച്ച് കാര്യക്ഷമതയോടെ ആവശ്യക്കാരായ കമ്പനികളിലെത്തിക്കുന്നതും കമ്പനി ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ ഏത് കോണിലുമുള്ള വിതരണക്കാരിലും ഉപഭോക്താക്കളില്‍ എത്തിക്കുന്നതും ലോജിസ്റ്റിക്‌സിന്റെ പരിധിയില്‍ വരുന്നു.

പഠനാവസരങ്ങള്‍

2022ഓടെ 1.17 കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്ന മേഖലയാണ് ലോജിസ്റ്റിക്‌സ്. ഭാവിയില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു മാനേജ്‌മെന്റ് പഠന മേഖലയെന്ന നിലയില്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റില്‍ പ്ലസ് 2 കഴിഞ്ഞവര്‍ക്കുളള ഡിപ്‌ളോമ കോഴ്‌സുകള്‍ മുതല്‍ എം.ബി.എ. ബിരുദം വരെ വിവിധ തലത്തിലുള്ള കോഴ്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കോമ്പറ്റിറ്റീവ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പി ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ ലഭ്യമാണ്.

ഐ.ഐ.എം. കൊല്‍ക്കത്ത, ഐ.ഐ.എം. ബംഗളൂരു, ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് സ്റ്റഡീസ് ഗാസിയാബാദ്, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പുണെ എന്നിവയാണ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പഠനത്തിനായി സമീപിക്കാവുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍.

മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ വിദൂര വിദ്യാഭ്യാസ പരിപാടിയിലൂടെ പി.ജി. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സ് നടത്തുന്നുണ്ട്. ഒരു വര്‍ഷമാണു ദൈര്‍ഘ്യം. ഏതെങ്കിലും ആര്‍ട്‌സ് -സയന്‍സ് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍ജിനീയറിങ്ങ് ബിരുദം 2 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വല്ലാര്‍പാടം പോലുള്ള വന്‍കിട കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, ഷിപ്പിങ്ങ് കമ്പനികള്‍, ഇ കൊമേഴ്‌സ് പോര്‍ട്ടലുകള്‍ തുടങ്ങി അസംസ്‌കൃത വസ്തുക്കള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സാധാരണ കമ്പനികള്‍ വരെ ലോജിസ്റ്റിക്‌സിനെ ആശ്രയിക്കുന്നു. അതു കൊണ്ടു തന്നെ വളര്‍ന്ന് വരുന്ന ഒരു തൊഴില്‍ മേഖലയാണിത്. വന്‍കിട കമ്പനികളുടെ ചരക്ക് നീക്കം, ഉത്പന്ന സംഭരണം, ഗതാഗതം എന്നീ മേഖലകളിലാണ് അവസരങ്ങള്‍. ലോക വ്യാപാരത്തിന്റ്റെ 90 ശതമാനവും കപ്പലുകളിലൂടെയാണെന്നതും ഈ രംഗത്തെ പ്രൊഫഷണലുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

1 COMMENT

  1. ലോജിസ്റ്റിക്സ് സാധ്യതകളെക്കുറിച്ച് ഇത്രയേറെ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here