പയ്യെ തിന്നാൽ പനയും തിന്നാം എന്ന് കേട്ടിട്ടില്ലേ? വിഷമകരമായ വിഷയങ്ങൾ കുറച്ചു കുറച്ചായി പഠിച്ചുതീർ ക്കാനേ വഴിയുള്ളൂ. അത്തരം വിഷയങ്ങളുടെ വ്യാപ്‍തി കണ്ട് പേടിക്കേണ്ടതില്ല. കുറച്ചു കുറച്ചായി പഠിക്കുമ്പോൾ പെട്ടെന്ന് ഓർമ്മിച്ചെടുക്കനുള്ള കഴിവും വർദ്ധിക്കും.
രണ്ടു മണിക്കൂറിലധികം കുത്തിയിരുന്ന് പഠിക്കാതിരിക്കുക. ഇൗ രണ്ടു മണിക്കൂറിനെ ഇരുപത്തിയഞ്ച് മിനിറ്റ് വീതമുള്ള പഠന വേളകളായി തിരിക്കുക. ഓരോ ഇരുപത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു അഞ്ച് മിനിറ്റ് ഇടവേളകൾ എടുക്കുക. രണ്ടു മണിക്കൂറിന്റെ ഒരു പഠന ചക്രം പൂർത്തിയാകുമ്പോൾ ഇരുപത് മിനിറ്റ് ഇടവേളയെടുക്കുക.
ഇൗ ഇടവേളയിൽ പരീക്ഷാസംബന്ധവും പഠനസംബന്ധവുമായ കാര്യങ്ങൾ ചിന്തിക്കാതിരിക്കുക. കാരണം, ഇടവേളകളിലും അതേ വിഷയംതന്നെ ചിന്തിക്കുകയാണെങ്കിൽ അത് ഇടവേളയല്ലല്ലോ. അതുകൊണ്ട് തലച്ചോറിന് വിഭവം ലഭിക്കാതിരിക്കുകയും തുടർന്നുള്ള പഠനം വിഷമകരമാവുകയും ചെയ്യും. ശരിയായ ഇടവേളകൾ നിങ്ങളുടെ ഏകാഗ്രത ഉത്തേജിപ്പിക്കും.