സിനിമ, പരസ്യം, ഗെയിമിങ്, കാര്‍ട്ടൂണ്‍ തുടങ്ങിയ നിരവധി വിനോദ മാധ്യമങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് ആനിമേഷന്‍. ജൂനിയര്‍ അനിമേറ്റര്‍, മള്‍ട്ടി മീഡിയ സ്‌ക്രിപ്റ്റ് റൈറ്റര്‍, കമ്പ്യൂട്ടര്‍ ബേസ്ഡ് ട്രെയിനി ഡിസൈനര്‍, 2ഡി ആനിമേറ്റര്‍, 3ഡി ആനിമേറ്റര്‍, റിഗ്ഗിങ് ആര്‍ട്ടിസ്റ്റ്, സ്‌പെഷ്യല്‍ ഇഫക്ട്‌സ് ആനിമേറ്റര്‍, ബാക്ക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റ്, ലേയൗട്ട് ആര്‍ട്ടിസ്റ്റ്, ക്യാരക്ടര്‍ ആനിമേറ്റഡ് ഇമേജ് എഡിറ്റര്‍, ലൈറ്റിംഗ് ആര്‍ട്ടിസ്റ്റ്, മോഡലര്‍ തുടങ്ങി ലക്ഷകണക്കിന് രൂപ ശമ്പളമായി ലഭിക്കാവുന്ന തസ്തികകള്‍ ഉള്‍പെടുന്ന തൊഴില്‍ മേഖലയാണിത്.

ഇന്ത്യയിലും വിദേശത്തുമുള്ള വി.എഫ്.എക്‌സ്., ചിത്രത്തില്‍ ഉള്‍പെടുന്ന വിവിധതരം ആനിമേഷനുകള്‍, പരസ്യചിത്രങ്ങളുടെ ഗ്രാഫിക്‌സ്, കമ്പ്യൂട്ടര്‍ ഗെയിമുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, വിവിധതരത്തിലുള്ള എജ്യൂട്ടെയിന്‍മെന്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവയിലെല്ലാം ആനിമേറ്ററിനുള്ള കൈയ്യൊപ്പ് പതിഞ്ഞതാണ്. കമ്പ്യൂട്ടറുമായി പരിചയവും, വരയ്ക്കാനുള്ള വാസനയും ആവശ്യപ്പെടുന്ന ഈ തൊഴില്‍ മേഖലയില്‍ നിരീക്ഷണ ബുദ്ധിക്ക് നല്ല പ്രാധാന്യമുണ്ട്.

നിറങ്ങളുടെ ഉപയോഗം, ജീവജാലങ്ങളുടെ ചലനങ്ങള്‍, മനുഷ്യരുടെ ഭാവഭേദങ്ങള്‍ യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കുന്ന തരത്തില്‍ ഗ്രാഫിക്‌സായി പുനഃസൃഷ്ടിക്കാന്‍ ആനിമേറ്റര്‍ക്കു സാധിക്കുന്നു. ഇതുവഴി മികച്ച ദൃശ്യാനുഭവം ഉപയോക്താവിന് ലഭിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ സര്‍ഗാത്മകതയ്‌ക്കൊപ്പം ക്ഷമയും കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും മികച്ച ആശയവിനിമയശേഷിയും ആനിമേഷന്‍ രംഗത്ത് പ്രധാനമാണ്.

പുതു ലോകത്തില്‍ മൊബൈല്‍ ജേണലിസം, ഇന്റര്‍നെറ്റ് ഗെയിമിങ്, വെബ് ഡിസൈനിങ് എന്നിവിടങ്ങളിലും ടെലിവിഷന്‍, ഓണ്‍ലൈന്‍, പ്രിന്റ്‌റ് മാധ്യമങ്ങളുടെ സങ്കലനമായ കണ്‍വര്‍ജിങ് മാധ്യമത്തിലുമുള്ള സാധ്യത മാറ്റിവെയ്ക്കാനാകാത്തതാണ്. മൊബൈല്‍ ഫോണ്‍ രംഗത്ത് നിരവധി മുന്നേറ്റങ്ങള്‍ വരുമ്പോള്‍ പുത്തന്‍ ഇന്റര്‍ഫേസുകളുടെ ചലനംവരെ നിര്‍ണയിക്കുന്നത് ആനിമേറ്റര്‍മാരാണ്.

മൊബൈല്‍ ഫോണിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഗെയിമുകളും ജീവസുറ്റ കഥാപാത്രങ്ങളും ഇക്കൂട്ടര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
സിനിമാ മേഖലയില്‍ പുതിയ കാലത്ത് ആനിമേറ്റര്‍മാരുടെ പ്രാധാന്യം കൂടിവരുകയാണ്. ചെലവുകുറഞ്ഞ രീതിയില്‍ ചിത്രീകരിച്ച് ഗ്രാഫിക്‌സ് സഹായത്താല്‍ വെള്ളിത്തിരയില്‍ വിസ്മയമാകുന്ന ചിത്രങ്ങളുടെ എണ്ണം ഭാവിയില്‍ കൂടുതലായിരിക്കും.

ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ വിവിധ കമ്പനികളിലായി ആയിരത്തിലധികം ആനിമേറ്റര്‍മാര്‍ക്ക് തൊഴില്‍ ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശ്രദ്ധേയമായ ഇക്കാലത്ത് ഉത്പന്നം ഉപയോഗിക്കുന്ന ആളുടെ ആനിമേറ്റഡ് 3 ഡി രൂപം / ഹോളോഗ്രാം അവരവര്‍ക്ക് തന്നെ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ വരെ ഈ മേഖലയില്‍ ഇപ്പോളുണ്ട്.

സാങ്കേതിക വിദ്യയോട് ലോകത്തിനു പ്രിയമേറി വരുന്ന അവസരത്തില്‍ ഭാവിയില്‍ ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുപാടുണ്ടാകും. ബിരുദം എസ്സ്.എസ്സ്.എല്‍.സി., പ്ലസ് ടൂ, വി.എച്ച്.എസ്സ്.സി., ഡിപ്ലോമ, ഐ.ടി.ഐ. തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ആനിമേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, വിവിധ തരം ഡിപ്ലോമ കോഴ്‌സുകള്‍, മള്‍ട്ടി മീഡിയ അനിമേഷനില്‍ ബി.എസ്സ്.സി., ബി.എഫ്.എ. അനിമേഷന്‍ എന്നിവ ചെയ്യാവുന്നതാണ്.

കേരളത്തില്‍ വെസ്റ്റ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജി (കൊച്ചി), ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ആന്‍ഡ് വി.എഫ്.എക്‌സ്. ഫിലിം മേക്കിംഗ്, ബി.എസ്സ്.സി ഇന്‍ ആനിമേഷന്‍ ആന്‍ഡ് മല്‍ടി മീഡിയ, വിസ്ഡം സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (കൊച്ചി), മല്‍ട്ടി മീഡിയ ആന്‍ഡ് അനിമേഷന്‍ എന്നിവിടങ്ങളില്‍ ബി.എസ്സ് സി.യും എം.എസ്സ്.സി.യും പഠിക്കാന്‍ അവസരമുണ്ട്.

എങ്കിലും എന്‍പത്തിയഞ്ചോളം പഠനകേന്ദ്രങ്ങള്‍ ഉള്ള അരീന ആനിമേഷന്‍ വിവിധ തരത്തിലുള്ള മുപ്പതോളം അനിമേഷന്‍ കോഴ്‌സുകള്‍ ലഭ്യമാക്കുന്നു. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, കോട്ടയം സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവടങ്ങളില്‍ ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് പഠിക്കാം.

കോട്ടയത്തെ മായാ അകാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്ക്‌സില്‍ ആനിമേഷനിലെ വിവിധ മേഖലകള്‍ സ്വായക്തമാക്കാനുള്ള പത്തൊമ്പതോളം കോഴ്‌സുകള്‍ പഠിക്കാം. തിരുവനന്തപുരം സി-ഡിറ്റില്‍ ആനിമേഷന്‍, വെബ് ഡിസൈന്‍, പ്രിന്റ് ആന്‍ഡ് പബ്ലിഷിംഗ് ഗ്രാഫിക്‌സ് ഡിസൈന്‍, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളും മള്‍ട്ടി മീഡിയ ഡിസൈനിംഗ്, അനിമേഷന്‍ വീഡിയോ ഡിസൈനിംഗ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഡിപ്ലോമയും നല്‍കുന്നു.

കൊച്ചിയിലും തിരുവനന്തപുരത്തും സി-ഡാക്കില്‍ മള്‍ട്ടി മീഡിയ ആന്‍ഡ് വെബ് ഡിസൈനിങ്ങില്‍ സര്‍ട്ടിഫക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാക്കുന്നു. തിരുവനന്തപുരത്ത് ഫിലിംസ് അക്കാഡമിയും 3ഡി ഗെയിം ഡെവലൊപ്‌മെന്റ്, 3 ഡി സി.ജി.ഐ. സ്‌പെഷ്യലൈസേഷന്‍ ബേസിക് വിഷ്വലൈസേഷന്‍, 3ഡി സി.ജി.ഐ. അനിമേഷന്‍, അഡ്വാന്‍സ്ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ്, അഡ്വാന്‍സ്ഡ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയില്‍ കോഴ്‌സുകള്‍ നല്‍കുന്നു.

റിലയന്‍സ് എജ്യൂക്കേഷന്‍ കൊച്ചിയില്‍ ആനിമേഷന്‍ സംബന്ധിയായി ഇരുപത്തേഴോളം കോഴ്‌സുകള്‍ അവതരിപ്പിക്കുന്നു. തിരുവനന്തപുരം കെല്‍ട്രോണിന്റെ ഡിജിറ്റല്‍ എഡിറ്റിംഗ് ആന്‍ഡ് വീഡിയോ ആനിമേഷന്‍ ഡിപ്ലോമ കോഴ്‌സുമുണ്ട്. ഈ കോഴ്‌സുകള്‍ എല്ലാം മുഴുവന്‍ സമയവുമായും പാര്‍ട്ട് ടൈമായും ഓണ്‍ലൈനായും പഠിക്കാന്‍ അവസരമൊരുക്കുന്നു.

കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ഫൈനാന്‍സ്, മായാബിയസ് അക്കാഡമി: സ്‌കൂള്‍ ഓഫ് ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്, സെന്റ് സേവിയേഴ്‌സ് കോളേജ്, മുംബൈയിലെ എസ്സ്.എക്‌സ്.സ്‌കൂള്‍, വിസ്ലിംഗ് വുഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബംഗളൂരുവിലെ പിക്കാസ ആനിമേഷന്‍ കോളജ്, സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രീയേറ്റിവ് ആര്‍ട്‌സ് തുടങ്ങിയ ആനിമേഷന്‍ പഠനത്തിന് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!