വാര്‍ത്തകളില്‍ കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും കുഴപ്പിക്കുന്ന മോഷണങ്ങളും തെളിയിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? അത്തരം സാഹചര്യങ്ങളില്‍ കുറ്റകൃത്യം നടത്തുന്നവരെ കാഴ്ചയില്‍ പ്രകടമാക്കുന്ന തെളിവുകളൊന്നും കൃത്യം നടന്നിടത്ത് അവശേഷിപ്പിച്ചിരിക്കില്ല. എന്നാല്‍ സൂക്ഷ്മമായ പല തെളിവുകളും അറിഞ്ഞോ അറിയാതെയോ അവിടെ ഉണ്ടാകും. അത്തരം രേഖകള്‍ ശേഖരിച്ച് അവ പരിശോധിച്ച് കുറ്റാന്വേഷണത്തിനു സഹായിക്കുന്ന മേഖലയാണ് ഫോറന്‍സിക് സയന്‍സ്.

ആധുനിക കുറ്റാന്വേഷണത്തെ ഫലവത്താക്കുന്നതിന് ശാസ്ത്രീയ സഹായം നല്‍കുന്ന മേഖലയാണ് ഫോറന്‍സിക് സയന്‍സ്. ആയുധങ്ങളുടെ വിശകലനം, തെളിവ് ശേഖരിക്കല്‍, തെളിവ് പരിശോധിക്കല്‍, ഡി.എന്‍.എ. അടിസ്ഥാനമാക്കിയുള്ള തെളിവുകളുടെ വിശകലനം, ക്രിമിനോളജി, ടോക്ക്‌സിക്കോളോജി, അപകട കാരണങ്ങള്‍ കണ്ടെത്തല്‍ എന്നിവയെല്ലാം ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ്.
ശാസ്ത്രം പഠനവിഷയമാക്കിയവര്‍ക്ക് ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ബയോകെമിസ്ട്രി, മൈക്രോ ബയോളജി എന്നീ വിഷയങ്ങളിലെ ബിരുദമാണ് ഫോറന്‍സിക് സയന്‍സിലേക്കുള്ള യോഗ്യത.

നിരീക്ഷണ ബോധവും അവലോകന ശേഷിയും അന്വേഷണ ത്വരയും അഭിരുചിയും ആവശ്യത്തില്‍ അധികം വേണ്ടതാണ് ഈ മേഖല. ക്രൈം ബ്രാഞ്ച്, സി.ബി.ഐ., റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്, നാര്‍ക്കോട്ടിക്‌സ് തുടങ്ങി സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും ഫോറന്‍സിക് സയന്‍സിന് ഏറെ പ്രാധാന്യമുണ്ട്. കള്ള നോട്ടുകള്‍ പരിശോധിക്കുന്നതിന് ബാങ്കിലും, തെളിവുകള്‍ പരിശോധിക്കുന്നതിന് കോടതിയിലും, രേഖകള്‍ പരിശോധിക്കുന്നതിന് ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ പോലുള്ള ഇടങ്ങളിലും ഡിറ്റക്ടീവ് ഏജന്‍സികളിലും തൊഴില്‍ സാധ്യതയുണ്ട്. വിവിധ മേഖലയില്‍ ഉള്ളവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിനാല്‍ ആശയവിനമയശേഷി അനിവാര്യമാണ്.

 

മെഡിക്കല്‍ പ്രവേശന പരീക്ഷ, കൗണ്‍സിലിംഗ് തുടങ്ങിയവയാണ് ഫോറന്‍സിക് സയന്‍സുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം. ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക് പതോളജി, ഫോറന്‍സിക് അന്ത്രോപോളജി, ഫോറന്‍സിക് സൈക്കോളജി, ഫോറന്‍സിക് ഡെന്റിസ്റ്ററി ക്ലിനിക്കല്‍ ഫോറന്‍സിക് മെഡിക്കല്‍, ഫോറന്‍സിക് എന്‍ഡോമോള്‍ജി, ഫോറന്‍സിക് സെറോളജി, ഫോറന്‍സിക് കെമിസ്ട്രി, ഫോറന്‍സിക് ബാക്കിലോസ്‌ക്കോപ്പി, ഫോറന്‍സിക് ലിംഗ്വസ്റ്റിക്‌സ്, ഫോറന്‍സിക് ബാലിസ്റ്റിക്‌സ്, ഫോറന്‍സിക് ടോക്‌സിക്കോളജി, ഫോറന്‍സിക് എന്‍ജിനീയറിങ്, ഫോറന്‍സിക് ഫോട്ടോഗ്രഫി, ക്രൈം ലബോറട്ടറി അനലിസ്റ്റ്, ഫോറന്‍സിക് വെറ്റിറനറി സര്‍ജന്‍, ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ്, ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് ആന്‍ഡ് കള്‍ച്ചര്‍, സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക് ജിയോളജി, ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി തുടങ്ങിയവ ഫോറന്‍സിക് സയന്‍സ് ഉപരിപഠന ശാഖയാണ്.

ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി: കുറ്റാന്വേഷണത്തില്‍ തല്‍പരരായ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ് വിദഗ്ദ്ധന്റെ ചുമതല. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലുള്‍പ്പെടെ തൊഴിൽ സാധ്യതയൊരുക്കുന്ന ഈ പഠനശാഖയുടെ സാധ്യതകള്‍ ഇന്ന് ഏറിവരുകയാണ്. കുറ്റാന്വേഷണ സംവിധാനം വിപുലമാകുന്നതിനനുസരിച്ച് കുറ്റാന്വേഷണ ശാസ്ത്രജ്ഞര്‍, വിരലടയാള വിദഗ്ദ്ധർ, കൈയെഴുത്ത് വിദഗ്ദ്ധർ എന്നിങ്ങനെ അനവധി സാധ്യതകളിലേക്ക് ഫോറന്‍സിക് സയന്‍സ് വഴിതുറക്കുന്നു.

ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍: കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കല്‍.

ഫോറന്‍സിക് ഡാക്ടിലോസ്കോപി: വിരലടയാള പഠനം.

ഫോറന്‍സിക് കെമിസ്ട്രി: നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും സാന്നിധ്യം കണ്ടത്തൊന്‍.

ഫോറന്‍സിക് സൈക്കോളജി: മനുഷ്യമനസ്സുകളെക്കുറിച്ചുള്ള പഠനത്തില്‍ ഫോറന്‍സിക് രീതികള്‍ ഉപയോഗപ്പെടുത്തല്‍. കുറ്റവാളികളുടെ മനഃശാസ്ത്രം വിശകലനം ചെയ്യുന്നതില്‍ കൂടുതലായി ഉപയോഗിക്കുന്നു.

ഫോറന്‍സിക് പത്തോളജി / മെഡിസിന്‍ ഫോറന്‍സിക്: മരണത്തിന്‍െറയോ അപകടങ്ങളുടെയോ കാരണം കണ്ടത്തൊന്‍ വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തല്‍.

ഫോറന്‍സിക് ആന്ത്രോപോളജി: നരവംശ ശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഫോറന്‍സിക് സയന്‍സിനെ ഉപയോഗപ്പെടുത്തല്‍. മനുഷ്യ അസ്ഥിക്കൂടങ്ങള്‍ തിരിച്ചറിയുന്നതിലും മറ്റും.

ഫോറന്‍സിക് ഡെന്‍റിസ്ട്രി (ഒഡന്‍േറാളജി): പല്ലുകളുടെ പ്രത്യേകതകള്‍ പഠിച്ച് തെളിവ് ശേഖരിക്കുന്ന രീതി.

ഫോറന്‍സിക് ഫോട്ടോഗ്രഫി: ദൃശ്യങ്ങള്‍ വിശകലനം ചെയ്യലും തെളിവു ശേഖരിക്കലും.

ക്ളിനിക്കല്‍ ഫോറന്‍സിക് മെഡിസിന്‍: കുറ്റവാളികളില്‍നിന്ന് ലഭിക്കുന്ന വൈദ്യശാസ്ത്രപരമായ തെളിവുകള്‍ വിശകലനം ചെയ്യല്‍. ലൈംഗിക അതിക്രമങ്ങളിലുള്ള അന്വേഷണത്തിലുള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നു.

ഫോറന്‍സിക് എന്‍റമോളജി: കൊലപാതകം നടന്ന സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളിലുള്‍പ്പെടെയുള്ള കീടങ്ങളെക്കുറിച്ച് പഠിച്ച്‌ മരണത്തിന്‍െറ സമയവും സ്ഥലവും കണ്ടത്തൊന്‍. മൃതദേഹം സ്ഥലം മാറ്റിയിട്ടുണ്ടോയെന്നും കണ്ടെത്താൻ ഇത് സഹായകമാണ്.

ഫോറന്‍സിക് സെറോളജി: ശരീരസ്രവങ്ങളെക്കുറിച്ചുള്ള പഠനം.

ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ്: ലിംഗ്വിസ്റ്റിക്സ് വിദഗ്ദ്ധരുടെ സഹായത്തോടെ നിയമത്തിലെ കുരുക്കുകള്‍ക്ക് പ്രതിവിധി കാണാന്‍.

സൈറ്റോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍: കുറ്റാന്വേഷണത്തില്‍ ജനിതകശാസ്ത്രം, പ്രധാനമായും കോശങ്ങളുടെ പഠനം ഉപയോഗപ്പെടുത്തല്‍.

ഫോറന്‍സിക് ബാലിസ്റ്റിക്സ്: കുറ്റകൃത്യങ്ങളില്‍ ഉപയോഗിച്ച വെടിയുണ്ടയും വെടിയുണ്ടയുടെ ആഘാതവും തിരിച്ചറിയാന്‍. കോടതി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്.

ഫോറന്‍സിക് ടോക്സിക്കോളജി: മാരകവിഷങ്ങളും മറ്റു മയക്കുമരുന്നുകളും ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന പഠിക്കാൻ.

ഫോറന്‍സിക് എന്‍ജിനീയറിങ്: അപകട കാരണങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കുന്ന പഠനം.

ഫോറന്‍സിക് ആർട്ടിസ്റ്റ് ആന്‍ഡ് സ്‌കൾപ്ചേഴ്‌സ്: ലഭ്യമായ അവശിഷ്ടങ്ങള്‍ അല്ളെങ്കില്‍ തെളിവുകള്‍ ഉപയോഗിച്ച് കാണാതായവയുടെ മാതൃക പുനര്‍നിര്‍മിക്കല്‍. പ്രതികളുടെ ഛായാചിത്രം വരക്കുന്നതില്‍ കുറ്റാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തുന്നു.

ഫോറന്‍സിക് ജിയോളജി: മണ്ണ്, ധാതുക്കള്‍, ഇന്ധനങ്ങള്‍ എന്നിവയില്‍നിന്നുള്ള തെളിവുകള്‍ ഉപയോഗപ്പെടുത്തല്‍.

ചുരുളഴിയാത്ത നിരവധി കേസുകള്‍ തെളിയിക്കപ്പെട്ടത്തില്‍ ഫോറന്‍സിക് സയന്‍സ് പങ്ക് സ്തുത്യര്‍ഹമായ. കുറ്റാന്വേഷണ അതിവേഗമാക്കാന്‍ സഹായിക്കുന്ന ഈ മേഖലയിലേക്ക് വഴി തുറക്കാന്‍ ഫോറന്‍സിക് സയന്‍സ് ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്. ഫോറന്‍സിക് സയന്‍സില്‍ ബിരുദം നേടാനുള്ള യോഗ്യത പ്ലസ് ടു സയന്‍സ് ആയിരിക്കുക എന്നതാണ്.

നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, ഝാന്‍സിയിലെ ബുന്ദേല്‍ക്കണ്ട് യൂണിവേഴ്‌സിറ്റി, മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, അലഹബാദിലെ സാം ഹിഗ്ഗിന്‍ബോതംസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും ബിരുദം നേടാവുന്നതാണ്. റായ്പുരിലെ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല യൂണിവേഴ്‌സിറ്റി, പട്യാല പഞ്ചാബി യൂണിവേഴ്‌സിറ്റി, ലഖ്‌നൗ യൂണിവേഴ്‌സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകളും ലഭ്യമാണ്.

ബദ്രയിലെ ഭീം റാവു അംബേദ്ക്കര്‍ സര്‍വകലാശാലയിലും നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിലും മധ്യപ്രദേശിലെ ഡോ.ഹരിസിങ് ജോവര്‍ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണ്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, ഝാന്‍സിയിലെ ബുന്ദേല്‍ക്കണ്ട് യൂണിവേഴ്‌സിറ്റി എന്നിവിടിങ്ങളിലും ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദവും പഠിക്കാവുന്നതാണ്. ഐ.എഫ്.എസ്.ഇന്ത്യ എജുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് പഠനത്തില്‍ ഓണ്‍ലൈന്‍, വിദൂര പഠനം സാധ്യമാക്കുന്നു.

ഫോറന്‍സിക് സയന്‍സില്‍, ക്രിമിനോളജി, ഫിംഗര്‍ പ്രിന്റ്, സെല്‍ഫോണ്‍ ഫോറന്‍സിക്, ഫോറന്‍സിക് ഗ്രാഫോളജി തുടങ്ങി നിരവധി കോഴ്‌സുകള്‍ പഠിക്കാവുന്നതാണ്. ഫോറന്‍സിക് സയന്‍സ് മേല്‍പറഞ്ഞ സര്‍വകലാശാലകളില്‍ നിന്നും തുടര്‍പഠനവും ഡോക്ടറേറ്റ് ഓഫ് ഫിലോസഫിയും നേടാനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!