നിതിന്‍ ആര്‍.വിശ്വന്‍

പുതിയൊരു നഗരം കെട്ടിപ്പടുക്കുന്നതിനേക്കാൾ പ്രയാസകരവും ബുദ്ധിമുട്ടേറിയതുമാണ് നിലവിലുള്ള ഒന്നിനെ മെച്ചപ്പെടുത്തി എടുക്കാൻ ശ്രമിക്കുന്നത്. ലാബിൽനിന്ന് ഫീൽഡിലേക്ക് എന്ന അഭികാമ്യമായ സമീപനം കൊണ്ട് ഇത്തരത്തിലുള്ള ശ്രമങ്ങളെ അനായാസകരമാക്കുകയാണ് ട്രാൻസ്‌ലേഷൻ എൻജിനീയറിങ്ങ് എന്ന പുത്തൻ പഠനമേഖല.

ശാസ്ത്രീയവും വ്യാവസായികവുമായ വ്യത്യസ്‌ത മേഖലകളെ എൻജിനീയറിങ്ങുമായി സമുനയിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള എൻജിനീയർമാരുടെ തലമുറയ്ക്ക് വഴിതെളിക്കുകയാണ് രണ്ട് വ്യത്യസ്ത പഠന മേഖലകൾ ചേരുന്ന പഠനശാഖയായ (ഇന്റർ ഡിസ്സിപ്ലിനറി) ട്രാൻസ്‌ലേഷണൽ എൻജിനീയറിങ്ങ്. വിദ്യാർത്ഥികളിലെ പ്രായോഗിക വിജ്ഞാനത്തെ ‘പഠനലാബുകളിൽനിന്നും അനുഭവ സമ്പത്ത് നൽകുന്ന ഫീൽഡിലേക്ക്’ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇത്.

ഇന്ത്യയിൽ ട്രാൻസ്‌ലേഷണൽ ആൻഡ് പ്രൊഫെഷണൽ ലീഡർഷിപ്പ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഈ എൻജിനീയറിങ്ങ് ശാഖ നിലവിൽ തിരുവനന്തപുരം ബാർടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ മാത്രമാണുള്ളത്. 2013ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഈ കോഴ്‌സ് ആരംഭിച്ചത്.
ലോകത്തിലെ മികച്ച സർവ്വകലാശാലകളായ നെതർലാൻഡ്‌സിലെ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി, അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി, കാനഡയിലെ ദ യൂണിവേഴ്‌സിറ്റി ഓഫ് മോൺട്രിയൽ, രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളായ ഐ.ഐ.ടി. മദ്രാസ്, ഐ.ഐ.ടി. ബോംബെ, ഐ.ഐ.ടി. ഡൽഹി എന്നിവയുമായി സഹകരിച്ചാണ് ഇൗ കോഴ്‌സ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നത്. നാല് സെമസ്‌റ്റർ അടങ്ങിയ രണ്ടു വർഷ എം.ടെക്. കോഴ്‌സിന്റെ ഭാഗമായി വിദേശ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ രണ്ട് മാസത്തെ ഇന്റേൺഷിപ്പിനു ഇൗ കോഴ്സ് അവസരമൊരുക്കുന്നു.

എൻജിനീയറിങ്ങിലെ ആഴത്തിലുള്ള അറിവിനോടൊപ്പം ക്രിയാത്മക മനസ്സും സാമൂഹ്യ ചുറ്റുപാടുകളോടുള്ള താൽപര്യവുമാണ് ട്രാൻസ്‌ലേഷണൽ എൻജിനീയറിങ് ശാഖയ്ക്ക് അനിവാര്യമായുള്ളത്. ഗവേഷണവും പ്രായോഗികതലത്തിലുള്ള അറിവും തമ്മിലുള്ള അന്തരം ഇല്ലാതാക്കുവാനും ഗവേഷണപദ്ധതികളെ സമൂഹത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ ഉപയോഗപ്രദമായ പ്രോജക്ടുകളാക്കി മാറ്റുകയാണ് ഇതിലൂടെ നടക്കുന്നത്. സ്വയം തൊഴിൽ നേടാനുള്ള കഴിവ്, സംരംഭകത്വശേഷി നിർമ്മാണം, സ്വന്തം പ്രവർത്തനങ്ങളിലുള്ള അവബോധം, ആരോഗ്യകരമായ ജീവിതം പടുത്തുയർത്തൽ, തർക്കപരിഹാരശേഷി വർധിപ്പിക്കൽ തുടങ്ങി ജീവിത വിജയത്തിന് അനിവാര്യമായ മൂല്യങ്ങളും ഘടകങ്ങളും കോഴ്‌സിന്റെ പാഠ്യപദ്ധതിയോടൊപ്പം വിദ്യാർഥികൾക്ക് ആർജ്ജിക്കാൻ സാധിക്കുന്നു.

ആഗോള സുസ്ഥിര വികസനത്തിനായി എൻജിനീയറിങ് പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ശ്രമിക്കുന്ന സമഗ്രമായ കോഴ്‌സായ ട്രാൻസ്‌ലേഷൻ എൻജിനീയറിങ്ങിൽ ദേശീയവും അന്തർദേശീയവുമായ പുത്തൻ സാങ്കേതിക വിദ്യകളെ വിദ്യാർത്ഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ലൈവ് പ്രോജക്ടുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുത്ത്, സർക്കാർ വകുപ്പുകൾവഴി അത്തരം പ്രോജക്ടുകൾ കൈമാറ്റം ചെയ്യാൻ അവസരമൊരുക്കുന്നതിനോടൊപ്പം, വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവുകളെക്കുറിച്ച് അവബോധരാകാനും ഈ കോഴ്‌സ്‌ വഴിയൊരുക്കുന്നു.

മൂന്ന് മാസം ദൈർഘ്യമുള്ള ‘ജനശലഭം’ പദ്ധതി പോലെയുള്ള സാമൂഹിക-ഉത്തരവാദിത്വ ക്യാമ്പുകൾ കോഴ്‍സുമായി ബന്ധപ്പെട്ട സംഘടിപ്പിക്കുന്നു. ഒപ്പം തൊഴിൽ പരിശീലനം ലഭിക്കാനുള്ള അവസരവും സാധ്യമാകുന്നു. ഇന്ത്യയിലും വിദേശത്തും നിരവധി സർവ്വകലാശാലകളിലും കമ്പനികളിലും, രാജ്യത്തെ വിവിധ സർക്കാർ, അർദ്ധസർക്കാർ / എൻ.ജി.ഒ. സ്ഥാപനങ്ങളിലും തൊഴിൽ അവസരമുണ്ട്. വിശദവിവരങ്ങൾക്കും ബന്ധപ്പെടുവാനും www.tplc.gecbh.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!