നാം അനുദിനം ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പണം എടുക്കുന്നത് മുതല്‍ ബില്‍ അടയ്ക്കുന്നതുവരെ സകലതും ഡിജിറ്റല്‍. എഴുത്തും വായനയും മാത്രമല്ല കലാരൂപങ്ങള്‍ പോലും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി. എന്തിനേറെ, എവിടെ എന്തു കൃഷി ചെയ്യണമെന്ന് തുടങ്ങി കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുകയും വില ബാങ്കിലേക്ക് എത്തുകയും ചെയ്യുന്ന ലിമാ പോര്‍ട്ടല്‍ വരെ എത്തി കാര്യങ്ങള്‍. ഭാവിയില്‍ എന്ത് കാര്യം ആരംഭിക്കാനും, കൃഷി മുതല്‍ ബിസിനസ് വരെ സര്‍ഗസൃഷ്ടി മുതല്‍ ശാസ്ത്രം വരെ എന്തിനും ഏതിനും വിവരസാങ്കേതികവിദ്യ കൂടിയേ തീരൂ എന്ന നില വന്നിരിക്കുന്നു.
സാങ്കേതിക പരിജ്ഞാനത്തിന്റെ ആവശ്യകത ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഒന്നുകില്‍ നമ്മള്‍ ഇത് പഠിക്കണം അല്ലെങ്കില്‍ ആരെയെങ്കിലും ഏല്‍പ്പിക്കണം. ഇക്കാര്യങ്ങളില്‍ അത്യാവശ്യ ധാരണയുള്ളവര്‍ക്ക് തൊഴില്‍സാദ്ധ്യത വളരെ വലുതാണ്. പുതിയൊരു സംരംഭം തുടങ്ങണമെങ്കിലും സാങ്കേതിക കാര്യങ്ങളില്‍ നല്ല ജ്ഞാനമുണ്ടായേ പറ്റൂ. എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് ഈ പ്രധാന സാങ്കേതിക കാര്യങ്ങളും ഒരു തൊഴില്‍ എന്ന നിലയില്‍ അവ നല്‍കുന്ന അവസരങ്ങളും.
ജാവാ ഡെവലപ്‌മെന്റ്
നിങ്ങള്‍ക്ക് ജാവ അറിയുമോ എങ്കില്‍ ഡിജിറ്റല്‍ പര്യാപ്തത നേരിടുന്നതിന്റെ പ്രധാന പടി കടന്നുകഴിഞ്ഞു. ഗെയിമുകളും അപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളും ഒക്കെ സൃഷ്ടിച്ചെടുക്കുന്നത് ജാവാ കോഡിംഗ് വഴിയാണ്. സ്വന്തമായി വെബ്‌സൈറ്റോ ബ്ലോഗോ തുടങ്ങണമെങ്കിലും ജാവ അറിഞ്ഞിരിക്കണം. ഇവ പഠിക്കാന്‍ അംഗീകൃത ബിരുദങ്ങളും ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകളും ഉണ്ട്.
എസ്.ഇ.ഒ. / എസ്.ഇ.എം.
ഓണ്‍ലൈന്‍വഴി വിപണനവും വെബ്‌സൈറ്റ് വ്യാപാരവും വിജയിക്കാന്‍ അത്യാവശ്യം അറിയേണ്ട ഒന്നാണ് സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷനും സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്ങും. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ദേശങ്ങള്‍ക്കപ്പുറം എത്താനും ലോകത്തിന്റെ ഏത് കോണില്‍നിന്നും ആവശ്യക്കാരെ കണ്ടെത്താനും ഇത് സഹായിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വിപണനത്തിന്റെ വിജയം ഉറപ്പിക്കുന്നത് എസ്.ഇ.ഒ. / എസ്.ഇ.എം. ആണ്. ഇതിന്റെ ബാലപാഠങ്ങള്‍ ഗൂഗിളില്‍ നിന്നും സൗജന്യമായി ലഭിക്കും.
മൊബൈല്‍ ഡെവലപ്‌മെന്റ്
കുറച്ചുകാലം മുമ്പ് വരെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണ് എല്ലാം കൈകാര്യം ചെയ്തിരുന്നത്. ഇന്ന് കൈയിലൊതുങ്ങുന്ന മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്നതാണ് സകല സാങ്കേതികവിദ്യകളും. കിലോമീറ്ററുകള്‍ക്കപ്പുറം ഇരുന്ന് വീട്ടിലെ എയര്‍ കണ്ടീഷണര്‍ പോലും നിയന്ത്രിക്കാന്‍ കഴിയുന്നിടത്തേക്ക് കാര്യങ്ങളെത്തി. ഓരോ ദിനവും മൊബൈല്‍ ഫോണ്‍ എന്ന സാങ്കേതികവിദ്യയുടെ പരമാവധി സാദ്ധ്യതയെ ഉപയോഗിക്കുകയാണ് ലോകം. ഭാവനയും വിവരസാങ്കേതികവിദ്യയിലെ അറിവുമുള്ള മൊബൈല്‍ ഡെവലപ്പര്‍മാര്‍ക്ക് അതുകൊണ്ടുതന്നെ വന്‍ സാദ്ധ്യതകളാണ് മുന്നില്‍.
നെഗോഷ്യേഷനും പെര്‍സ്വേഷനും
ഒരു ഉല്‍പ്പന്നം മറ്റൊരാള്‍ വാങ്ങണമെങ്കില്‍ ഉല്‍പ്പന്നത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവും വിശ്വാസവും ഉപഭോക്താവിന് അല്ലെങ്കില്‍ പ്രേക്ഷകന് ഉണ്ടാവണം. അതവരെ ബോധ്യപ്പെടുത്താനുള്ള കഴിവ് ഏതൊരു സംരംഭത്തിന്റെയും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വാക്‌സാമര്‍ത്ഥ്യം ഉള്ളവരുടെ പ്രാധാന്യം ഇവിടെയാണ്. അതുകൊണ്ടാണ് നെഗോഷ്യേഷന്‍ മാസ്റ്ററി എന്ന പാഠ്യപദ്ധതി തന്നെ ഉണ്ടായത്. ഇതുപോലെ തന്നെയാണ് പ്രേരിപ്പിക്കല്‍ അഥവാ പെര്‍സ്വേഷന്‍. ഐ.സി.എ.എസ്സും സി.ഐ.എം.എയും ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുന്നുണ്ട്. ഇടപാടുകള്‍ ഭംഗിയാക്കാന്‍ വാക്ചാതുരിയുള്ള ബിസിനസ് തന്ത്രമറിഞ്ഞ ടെക്‌നോളജി അവഗാഹമുള്ള ഇത്തരക്കാരെ കമ്പനികള്‍ കൊത്തിക്കൊണ്ടുപോകാറാണ്.
വെബ് ആര്‍ക്കിടെക്ചര്‍
ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഉപഭോക്താവുമായി ആദ്യം സംവദിക്കുന്നത് വെബ്‌സൈറ്റിലൂടെയാണ്. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ മാത്രമേ ബിസിനസ് അടുത്തഘട്ടത്തിലേക്ക് നയിക്കാനാകൂ. വെബ് ആര്‍ക്കിടെക്ടുകള്‍ ഇതാണ് ചെയ്യുന്നത്. ഏറ്റവും മനോഹരമായി വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യേണ്ടതും സമയാസമയം അപ്‌ഡേറ്റ് ചെയ്യേണ്ടതും അവരുടെ ജോലിയാണ്.
ഡാറ്റ അനലിസ്റ്റ്
സിസ്റ്റത്തിന്റെ ഭാഷ അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിച്ചുള്ളതാണ്. ഇവ കണ്ടുപിടിക്കുകയും മനസ്സിലാക്കുകയും അവയെ സാധാരണ ഭാഷയിലേക്ക് മാറ്റുകയും ചെയ്യുന്നവരാണ് ഡാറ്റ അനലിസ്റ്റുകള്‍. ഐ.ടി. കമ്പനികളുടെ മാത്രമല്ല ഐ.ടി. സഹായം ഉള്ള ഏത് സംരംഭത്തിനും ഡാറ്റ അനലിസ്റ്റുകള്‍ അവിഭാജ്യ ഘടകമാണ്.
നെറ്റ് വര്‍ക്ക് – ഇന്‍ഫര്‍മേഷന്‍ സുരക്ഷ
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് സുരക്ഷ. ഓരോ ഉപഭോക്താവിനെയും വിവരങ്ങള്‍ ചോര്‍ന്നു പോകാതെയും ഹാക്ക് ചെയ്യപ്പെടാതെയും സംരക്ഷിക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വിദഗ്ദ്ധര്‍ ആകുന്നവരെ കമ്പനികള്‍ മികച്ച പ്രതിഫലം നല്‍കിയാണ് ജോലിക്ക് എടുക്കുന്നത്.
ക്ലൗഡ് കമ്പ്യൂട്ടിങ്
ടെക്‌നോളജിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ശോഭിക്കാവുന്ന മറ്റൊന്നാണ് ക്ലൗഡ് കമ്പ്യൂട്ടിങ്. സങ്കീര്‍ണമായ ഡാറ്റയുള്ള വലിയ കമ്പനികള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിങ് പ്രാഗല്‍ഭ്യം ഉള്ളവരെ ആവശ്യമുണ്ട്.