നിതിന്‍ ആര്‍.വിശ്വന്‍
കലാപരമായ മനസ്സും കഴിവും ക്രിയാത്മകതയുമാണ് പരസ്യരംഗത്ത് ഏറ്റവുമാവശ്യം. ഒരു ഉത്പന്നത്തിന്റെ നിർമാണം മുതൽ അത് വില്പനയ്ക്ക് അടുക്കി വെയ്ക്കുന്നതുവരെ ക്രിയാത്മകത ഉണ്ടായാലേ അത് വിജയകരമാകൂ. ഇതിൽ പരസ്യങ്ങൾ ഒരു പ്രധാന ഘടകമാണ്. ടെലിവിഷനിൽ ശ്രദ്ധേയമായ ഒരു പരസ്യം മതി മൂല്യമില്ലാത്ത ഒരു വസ്തു പോലും മാർക്കറ്റിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആക്കാൻ.
വെറുതെ ഇരിക്കുമ്പോൾ ആളുകൾ “സന്തൂർ.. സന്തൂർ…” എന്ന് ഈണത്തിലും “ആയാ നയാ ഉജാല…” എന്ന് സിനിമ ഗാനത്തിന്റെ താളത്തോടെ പാടുന്നതുമൊക്കെ (ഇപ്പോൾ ഇത് അതിന്റെ താളത്തിൽ തന്നെ നിങ്ങൾ വായിച്ചതുമെല്ലാം) പരസ്യ വാചകങ്ങളുടെ മികവാണ്. ഇത്തരം പരസ്യവാചകങ്ങൾ ഉദിക്കുന്നതിനു പിന്നിൽ കോപ്പി റൈറ്റർ എന്നറിയപ്പെടുന്നവരാണ്. ഇതിൽ നിന്നും ഇൗ തൊഴിൽരംഗത്തിന്റെ പ്രസക്തി മനസ്സിലായിക്കാണുമല്ലോ.
വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ചോർന്ന് പോകാതെ രസകരവും ക്രിയാത്മകവുമായി ഉപഭോക്താക്കൾക്ക് താൽപര്യമുണ്ടാക്കുന്ന രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ കോപ്പി റൈറ്റിങ് നിങ്ങൾക്ക് ഇണങ്ങും. വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും വിവിധ മാധ്യമങ്ങളിലൂടെ പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം.
ഓരോ മാധ്യമത്തിനും ഓരോ രീതിയിലാണ് കോപ്പി റൈറ്റിങ്. ദൃശ്യ മാധ്യമമായ ടെലിവിഷന് ശ്രവ്യമാധ്യമമായ റേഡിയോയ്ക്കുള്ള കോപ്പി ഉപയോഗിച്ചാൽ അത് കാര്യക്ഷമമായ മാർക്കറ്റിംഗിന് ഉപകരിക്കില്ല. ഇത് രണ്ടുമല്ല ഡിജിറ്റൽ മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾ വഴിയുമുള്ള പരസ്യ ക്യാമ്പയിനുകൾക്ക് വേണ്ടത്. അതുകൊണ്ട് തന്നെ മാധ്യമം മനസ്സിലാക്കി ഉത്പന്നം അവതരിപ്പിക്കുവാനുള്ള കഴിവുണ്ടാകണം. സമയ നിഷ്ഠയോടെ അത് ക്ലൈന്റിന് നൽകുകയും വേണം. പ്രസിദ്ധീകരണത്തിനുള്ളവയുടെ പ്രൂഫ് റീഡിങ്ങും കോപ്പി റൈറ്ററുടെ ജോലിയാണ്.
കോപ്പി റൈറ്ററാകുക എന്നത് 100 ശതമാനം ക്രിയാത്മകമായ ജോലിയാണ്. ഭാരമേറിയ ബിരുദങ്ങൾ ഉള്ളയാൾക്ക് നല്ല പരസ്യ വാചകങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്നില്ല. എങ്കിലും ഒരു തൊഴിൽ രംഗമെന്ന നിലയ്ക്ക് പരസ്യ മേഖലയിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ കോപ്പി റൈറ്റിങ്ങിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്. എം.എ മാസ് കമ്മ്യൂണിക്കേഷൻ ബിരുദത്തിന്റെ ഉപവിഭാഗമാണ് അഡ്വർടൈസിംഗ്.
ഇന്ത്യയിൽ സ്കൂൾ ഓഫ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ, പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ, മുംബൈ സേവിയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിൽ പഠിക്കാം. ഡൽഹി സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ, നാഷണൽ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് അഡ്വർടൈസിംഗ്, മുബൈയിലെ ഭവൻസ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ്, തെലങ്കാനയിലെ ഭാരതീയ വിദ്യാഭവൻ, തമിഴ്നാട്ടിലെ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിംഗ്, ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ അഡ്വർടൈസിംഗ് മേഖലയും ബന്ധപ്പെട്ടതുമായ വിഷയങ്ങളിൽ പി.ജി ഡിപ്ലോമയും ഉണ്ട്.
പരസ്യ ഏജൻസികളും, റേഡിയോ- ടി.വി. – ഡിജിറ്റൽ മാധ്യമങ്ങൾ, ദിനപത്രങ്ങൾ, വ്യവസായമേഖല, സർക്കാരുകളുടെയും വൻകിട സ്വകാര്യ കമ്പനികളുടെയും പബ്ലിക് റിലേഷൻ വകുപ്പ് എന്നു തുടങ്ങി പരസ്യം എവിടെയുണ്ടോ, അവിടെ ക്രിയാത്മകതയുള്ള കോപ്പി റൈറ്ററിന് തൊഴിലുണ്ട്. ആകർഷകമായ ശമ്പളവും ഉണ്ടാകും. ഫ്രീലാൻസ് കോപ്പി റൈറ്ററായും ജോലി ചെയ്യാം.