ഉപഭോക്താക്കൾക്കും വ്യാവസായിക മേഖലയിൽ നിലനിൽക്കുന്ന രാജ്യങ്ങൾക്കും പുതിയ വിപണിയും ഉത്പന്നങ്ങളും കൈയിലെത്തിക്കുന്ന മേഖലയാണ് ഫോറിൻ ആൻഡ് ഇന്റർനാഷണൽ ട്രേഡ്.
ഒരു രാജ്യത്തെ ഉത്പന്നങ്ങളും സേവനങ്ങളും മറ്റു രാജ്യങ്ങളിൽ എത്തിക്കുമ്പോൾ അത് കയറ്റുമതിയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഇവിടേയ്ക്ക് വാങ്ങുന്നത് ഇറക്കുമതിയും ആണെന്ന് അറിയാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ, തുണിത്തരങ്ങൾ, സ്പെയർ പാർട്സ്, ഇലക്ട്രോണിക്സ്, എണ്ണ, മദ്യം തുടങ്ങി വെള്ളം വരെയുള്ള ഉത്പന്നങ്ങളും ടൂറിസം, ബാങ്കിംഗ്, കണ്‍സള്‍ട്ടേഷന്‍ എന്നിങ്ങനെ സേവനങ്ങളും ഇതിൽപ്പെടും. ഇവയുടെ കയറ്റിറക്കുമതിയിലൂടെ രാജ്യത്തിന്റെ ആകെ ഉത്പാദന നിരക്ക് വർധിപ്പിക്കാനുമെല്ലാം കഴിയുന്ന മേഖലയാണിത്.
പ്ലസ് ടു പാസായവർക്ക് ഈ മേഖലയിലെ വിവിധ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. പുണെ ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്‌സിൽ ബാച്‌ലർ ഓഫ് ഫോറിൻ ട്രേഡ് അഥവാ ബി.എഫ്.ടി. പഠിക്കാൻ അവസരമുണ്ട്. ഹൈദരാബാദിലെ ബദ്രുക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ബി.എ ഫോറിൻ ട്രേഡ് ഉണ്ട്. പുണെ എം.ഐ.ടി സ്കൂൾ ഓഫ് മാനേജ്മെന്റ്, പഞ്ചാബിലെ മിത്തൽ സ്കൂൾ ഓഫ് ബിസിനസ്സ്, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, രാജസ്ഥാനിലെ ബനസ്ഥലി വിദ്യാപീഠം, നോയിഡയിലെ അമിറ്റി ഇന്റർനാഷണൽ ബിസിനസ്സ് സ്കൂൾ എന്നിവിടങ്ങളിൽ ബി.ബി.എ. കോഴ്സ് പഠിക്കാം.
ഇൻഡോറിലെ റിനൈസ്സൻസ് കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, ഇൻഡോർ പ്രൊഫഷണൽ സ്റ്റഡീസ് അക്കാദമി, രുക്‌മാദേവി പന്നലാൽ ലദ്ധ മഹേശ്വരി കോളേജ് എന്നിവിടങ്ങളിൽ ബി.കോം ഫോറിൻ ട്രേഡ് പഠിക്കാം. പുണെ ബ്രിഹൻ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്സിൽ ഫോറിൻ ട്രേഡിൽ ബിരുദാനന്തര ബിരുദം പഠിക്കാം. പുണെ സർവകലാശാലയിൽ ഫോറിൻ ട്രേഡിൽ പി.ജി ഡിപ്ലോമ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ടാക്സേഷൻ എന്നിവയിൽ ഡിപ്ലോമയും പഠിക്കാൻ അവസരമുണ്ട്.
എം.ബി.എക്കാർക്ക് അവസരങ്ങൾ ഒരുപാടുള്ള മാനേജ്മെൻറ് രംഗമാണിത്. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ബിസിനസ്സ്, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് എന്നിവിടങ്ങളിൽ ഇന്റർനാഷനൽ ബിസിനസ്സിൽ എം.ബി.എ എടുക്കാം. ഇൻഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയത്തിലും പുണെ ബ്രിഹൻ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമേഴ്സിലും ഫോറിൻ ട്രേഡിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എയുമുണ്ട്.
ട്രേഡ് പോളിസി, മാർക്കറ്റിങ് കമ്യൂണിക്കേഷൻ, കൊമോഡിട്ടീസ് ഓപറേഷൻസ്, മാർക്കറ്റ് ഡേറ്റാ, പ്രോഡക്റ്റ് ആപ്ലിക്കേഷൻ തുടങ്ങിയ രംഗങ്ങളിൽ ജോലി സാധ്യതയുണ്ട്.