ജീവിതത്തില്‍ കുറച്ചു വിജയം കൈവരിച്ചവരുടെ വിജയത്തിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ അവര്‍ എന്തുത്തരമാകും പറയുക? ലക്ഷ്യം, വിജയം സങ്കല്‍പ്പിക്കാന്‍ ഉള്ള ധൈര്യം, സ്ഥിരോത്സാഹം ചിട്ട എന്നിങ്ങനെയാകും മറുപടി വരിക. ഏറ്റവും മികച്ച വിജയം നേടിയ വ്യക്തികളുടെ വിജയരഹസ്യം ചോദിച്ചാല്‍ അവര്‍ക്കും ഉത്തരമുണ്ടാവുക സ്ഥിരത, ലക്ഷ്യം, സ്ഥിരോത്സാഹം എന്നൊക്കെ തന്നെയാകും. ഇങ്ങനെ വിജയത്തെപ്പറ്റി ആരോട് ചോദിച്ചാലും ഏകദേശം ഒരുപോലെയാണ് ഉത്തരം ലഭിക്കുക. വിജയിക്കാന്‍ ഇതുമാത്രം മതി എന്നറിഞ്ഞിട്ടും പിന്നെ എന്തേ എല്ലാവരും ആഗ്രഹിക്കുന്നിടത്ത് എത്തുകയോ വിജയം കൈവരിക്കുകയോ ചെയ്യാത്തത് ? അല്ലെങ്കില്‍ കൈവരിക്കുന്നവരില്‍ തന്നെ അത് വ്യത്യാസപ്പെട്ടിരിക്കുന്നത്?

ഇവ കൂടാതെ വിജയിച്ചവരൊക്കെ ബോധപൂര്‍വമല്ലാതെ ചിലതുകൂടെ ചേര്‍ക്കുന്നുണ്ട്. മേമ്പൊടി ചേര്‍ക്കുമ്പോള്‍ സ്വാദിഷ്ടം ആകുന്ന കറി പോലെ അവ കൂടി ചേരുമ്പോള്‍ വിജയത്തിന്റെ തോത് കൂടുന്നു. എന്തൊക്കെയാണവ? അതത്ര രഹസ്യമൊന്നുമല്ല. നമുക്കു ചുറ്റുമുള്ള ശ്രദ്ധിക്കാതെ പോകുന്ന ചെറിയ സംഗതികളില്‍ ശ്രദ്ധയൂന്നുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണ് സത്യത്തില്‍ വിജയം. ചില ചിട്ടകള്‍ ആരംഭിക്കുകയും, അവ ചെയ്താല്‍ വിജയത്തിലേക്ക് എത്താമെന്ന അചഞ്ചലമായ വിശ്വാസവും, ദൃഢനിശ്ചയത്തോടെയും തീവ്രതയോടെയും ചെയ്യാനുള്ള മനസ്സും സാധാരണക്കാരില്‍നിന്ന് വിജയികളെ വ്യത്യസ്തരാക്കുന്നു. വിജയിക്കുന്നവര്‍ ഒരു ലക്ഷ്യം നേരത്തെ ഉറപ്പിക്കുകയും അതിനുചുറ്റും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷിയുടെ കണ്ണുമാത്രം നോക്കിയ അര്‍ജുനന്‍ എന്ന വില്ലാളിവീരന്റെ കഥ ഓര്‍മ്മയില്ലേ?

ലക്ഷ്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുക എന്ന് നാം എല്ലാകാലവും കേട്ടിട്ടുള്ളതാണ്. വളരെ എളുപ്പമുള്ള കാര്യമായിട്ടും ഒരിക്കല്‍പോലും നാം ചെയ്തു നോക്കിയിട്ടില്ല എന്നതാണ് സത്യം. കാരണം നാം കരുതുന്നത് വിജയിക്കാന്‍ ഇവ മാത്രം പോരാ മറ്റെന്തോ കൂടെ വേണം എന്നാണ്. കൂടുതല്‍ സമയവും വിജയത്തിന് പിന്നിലെ രഹസ്യം തേടി നാം വെറുതെ കളയും. വിജയം വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയായാണ് നാം കരുതിപ്പോന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങാതെ നാം നീട്ടിവെച്ചുകൊണ്ടേയിരിക്കും. പകരം വിജയിക്കാനുള്ള മന്ത്രങ്ങള്‍ യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തിരഞ്ഞുകൊണ്ടിരിക്കും. ഒരു വീഡിയോയില്‍ നിന്ന് അടുത്തതിലേക്ക് കൂടുതല്‍ എന്തോ കിട്ടുമെന്ന പ്രതീക്ഷയില്‍ നാം പൊയ്‌ക്കൊണ്ടിരിക്കും.

അഭിരുചിയും അഭിനിവേശവും ഉണ്ടായതുകൊണ്ട് മാത്രം വിജയം നമ്മെ തേടി എത്തുന്നില്ല. സ്ഥിരത എന്ന വാക്കിന് വിജയത്തില്‍ പ്രധാന പങ്കുണ്ട്. സ്ഥിരോത്സാഹത്തോടെ പാഠഭാഗങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുകയും കുറ്റമറ്റതായി അവതരിപ്പിക്കാന്‍ പാകത്തിന് പരിശീലനം നടത്തുകയും ചെയ്യുന്നവരെ വിജയം തേടിയെത്തുക തന്നെ ചെയ്യും. വിജയം എല്ലായ്‌പ്പോഴും വ്യത്യസ്തത കണ്ടുപിടിക്കുന്നതുകൊണ്ടോ മറ്റുള്ളവര്‍ക്ക് ഇല്ലാത്തതിനേക്കാള്‍ കൂടുതല്‍ അറിവ് രഹസ്യമായി നമ്മളിലുള്ളതു കൊണ്ടോ ഉണ്ടാകുന്ന ഒന്നല്ല. ലക്ഷ്യമെന്താണെന്നും അവയെ എങ്ങനെ നേടണമെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷേ, അത് എത്ര പേര്‍ സ്ഥിരമായി അതേ ആവേശത്തോടെ ചെയ്യുന്നു എന്നതിലാണ് കാര്യം. തോല്‍വികള്‍ ഉണ്ടാകുമ്പോഴും മുന്നോട്ടുപോകാനുള്ള ധൈര്യമാണ്, മറ്റൊന്നിലേക്ക് ശ്രദ്ധ പോകാതെ ലക്ഷ്യം മാത്രം കാണാനുള്ള കണ്ണുകളാണ്, ന്യായീകരണങ്ങള്‍ മാറ്റിവെച്ച് ലക്ഷ്യത്തിലേക്ക് ഇന്നുതന്നെ പരിശീലിക്കാന്‍ സന്നദ്ധമാകുന്ന മനസ്സാണ് അത്. വിജയമെന്നത് സാധാരണ അറിവുകളുടെ അസാധാരണമായ ഉപയോഗപ്പെടുത്തലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!