ടൂറിസം മേഖലയിൽ കേരളത്തിന് പ്രശസ്തി വർധിക്കുന്നത് അനുസരിച്ച് പ്രാധാന്യം വർധിക്കുന്ന കോഴ്സുകളിൽ ഒന്നാണ് ഹോട്ടൽ മാനേജ്മെന്റ്. 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിൽ പ്രവേശനം നേടാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഇഗ്നൗവുമായി ചേർന്ന് നടത്തുന്ന ത്രീവർഷ ബി.എസ്.സി. ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ കോഴ്സും പഠിക്കാവുന്നതാണ്. പൊതുപ്രവേശന പരീക്ഷ പാസാവണം.
കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കോഴിക്കോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാടിലെ ലക്കിടിയിലുള്ള ഓറിയന്റഡ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് എന്നിവടങ്ങളിൽ പ്രവേശന പരീക്ഷയാണ് മാനദണ്ഡം. അതാത് വർഷം പ്ലസ്ടു പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് മാനേജ്മെന്റും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റും ചേർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.
വിവിധ സർവകലാശാലകൾക്ക് കീഴിൽ കേരളത്തിൽ ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പഠിക്കാവുന്നതാണ്. തിരുവനതപുരത്തെ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, ആലപ്പുഴയിലെ നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, ശ്രീനാരായണ ഗുരു മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോടുള്ള ശ്രീനാരായണ ഗുരു മെമ്മോറിയൽ കാറ്ററിംഗ് ടെക്നോളജി, ബെയ്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐ.സി.എൻ.എ.എസ്., ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട്, നിലമ്പൂർ അമൽ കോളേജ് ഓഫ് മാനേജ്മെന്റൽ സ്റ്റഡീസ്, പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, തൃശൂരുള്ള നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് എന്നിവടങ്ങളിലും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ടൂറിസം റിസോർട്ട് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ സ്പാ മാനേജ്മെന്റ്/സ്പാ തെറാപ്പി തുടങ്ങിയ കോഴ്സുകളും പഠിക്കാവുന്നതാണ്.
ഹോട്ടൽ മാനേജർ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്രണ്ട് ഓഫീസ് റിസപ്ഷനിസ്റ്റ്, റെസ്റ്റോറന്റ് മാനേജർ, കിച്ചൻ സൂപർവൈസർ, ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജസ് മാനേജർ, വെയിറ്റർ / വെയിട്രസ്, ബട്ലർ, ഹൗസ് കീപിങ് മാനേജർ, ബാർട്ടെന്റർ തുടങ്ങി അവസരങ്ങളുടെ സുവർണ്ണ ഖനിയാണ് ഉള്ളത്. അദ്ധ്യാപന രംഗത്തും അവസരങ്ങളുണ്ട്.