പഠനത്തിന്റെ കാര്യത്തിലാണെങ്കിലും ജോലിയുടെ കാര്യത്തിലാണെങ്കിലും ഉത്പാദനക്ഷമത കൂട്ടുക എന്നതാണ് ഏറ്റവും നല്ല ഫലം ലഭിക്കാന്‍ വേണ്ടത്. നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്പാദനക്ഷമത കൊണ്ടുദ്ദേശിക്കുന്നത്. പലപ്പോഴും നമ്മുടെ കഴിവ് എത്രമാത്രമുണ്ടെന്ന് അറിയാനോ അത് പരമാവധി ഉപയോഗിക്കാനോ നമുക്ക് സാധിക്കാറില്ല. പക്ഷേ, ഈ പൂര്‍ണ്ണത നമുക്ക് വളരെ എളുപ്പത്തില്‍ നേടാവുന്നതേയുള്ളൂ. ചില ശീലങ്ങളിലൂടെയും മനസ്സിന്റെ അച്ചടക്കത്തിലൂടെയും നമുക്കത് സ്വായത്തമാക്കാം. അതെ, നമ്മുടെ ശീലങ്ങളില്‍ വരുന്ന ചെറിയ ചില മാറ്റങ്ങള്‍ നമ്മുടെ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

പച്ച വെള്ളത്തില്‍ കുളിക്കാം

ചൂടു വെള്ളത്തില്‍ കുളിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഇനിമുതല്‍ കുളി പച്ചവെള്ളത്തില്‍ ആക്കി നോക്കൂ. മാറ്റം അപ്പോള്‍ അറിയാം. പച്ചവെള്ളത്തിലുള്ള കുളി ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. തണുത്തവെള്ളം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. ഇത് മനുഷ്യന്റെ മാനസികനില മെച്ചപ്പെടുത്തുന്നു. അതുവഴി അവന്റെ ഉത്പാദനക്ഷമതയും.

സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട

ശീലമാക്കേണ്ട മറ്റൊരു കാര്യമാണ് ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളില്‍ നിന്നും കുറച്ചു സമയം മാറിനില്‍ക്കുക എന്നത്. സ്മാര്‍ട്ട്‌ഫോണും മറ്റ് ഉപകരണങ്ങളും ഫ്‌ളൈറ്റ് മോഡില്‍ കിടക്കുന്നത് ജോലിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ജോലി പൂര്‍ണ്ണ ഏകാഗ്രതയോടെ ചെയ്തുതീര്‍ക്കാന്‍ സാധിക്കും.

ശ്വാസോച്ഛ്വാസം ശ്രദ്ധിക്കൂ

നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ക്കേണ്ട ഏതെങ്കിലും ജോലി ഉണ്ടെങ്കിലോ അടുത്തെത്തിയ പരീക്ഷയ്ക്കു പഠിക്കുമ്പോഴോ സ്വാഭാവികമായും സമ്മര്‍ദ്ദം ഉണ്ടാകാം. സമ്മര്‍ദ്ദം ഒഴുവാക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ശ്വാസോച്ഛ്വാസം നിരീക്ഷിക്കുക എന്നത്. നിങ്ങള്‍ക്ക് മടുപ്പു തോന്നുമ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് 10 മിനിട്ട് നേരത്തേക്ക് നിര്‍ത്തുക. ശേഷം ശ്വാസം ഉള്ളിലേക്കെടുക്കുക. പുറത്തേക്ക് വിടുന്നത് മാത്രം ശ്രദ്ധിക്കുക. ഇങ്ങനെ കുറച്ചു സമയം ശ്രദ്ധിക്കുമ്പോള്‍ തന്നെ സമ്മര്‍ദ്ദവും പിരിമുറുക്കവും താനെ ഒഴിയും. ഇത് ജോലിയിലേക്ക് ഉന്മേഷത്തോടെ തിരിച്ചുവരാന്‍ സഹായിക്കും.

എഴുതി നേടൂ

നിങ്ങളുടെ ജോലിയെക്കുറിച്ചും തൊഴിലിടത്തിലെയും പുറത്തുമുള്ള അനുഭവങ്ങളെക്കുറിച്ചും എഴുതുന്നത് തലച്ചോറിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കും. പഠിക്കുന്ന കാര്യത്തിലാണെങ്കിലും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭവങ്ങള്‍ ചാലിച്ച് എഴുതുന്നത് തലച്ചോറിന്റെ ഇടതുഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. അത് ഓര്‍മ്മ വര്‍ധിപ്പിക്കുകയും ഗ്രഹണശക്തി കൂട്ടുകയും ചെയ്യുന്നു. ബുള്ളറ്റ് പോയന്റായി എഴുതിവക്കുന്നതും നല്ലതാണ്.

ഇടവേളയെടുക്കൂ

ഒരോ 25 മിനിറ്റിനുശേഷം അഞ്ചുമിനിറ്റ് ഇടവേള എടുക്കുന്നത് നമ്മെ ഉന്മേഷമുള്ളവരാക്കുന്നു. ഇത് സമയത്തിന്റെ കാര്യത്തില്‍ കൃത്യത കൊണ്ടുവരാന്‍ സഹായിച്ചേക്കാം. ജോലിയോ പഠനമോ സമയത്ത് പൂര്‍ത്തിയാക്കാനും സഹായിക്കും.

ജോലിക്കും പഠനത്തിനും പുറമെ ധ്യാനം, യോഗ, ചെറിയ വ്യായാമങ്ങള്‍ ഒക്കെ ചെയ്യുന്നത് നല്ലതാണ്. ശരീര ഭാഗങ്ങള്‍ ചലിപ്പിക്കുന്നതും ശരീരത്തെയും മനസ്സിനെയും ഏകാഗ്രമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here