ചെടികളുടെയും അലങ്കാര പുഷ്പങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണ പഠനശാഖയാണ് ഫ്ലോറികൾച്ചർ അഥവാ ഫ്ലവർ ഫാമിംഗ്. ഉദ്യാനങ്ങളിൽ കാണുന്ന അലങ്കാരച്ചെടികൾ, വീട്ടിനുള്ളിൽ വളർത്താവുന്ന ചെടിയിനങ്ങൾ തുടങ്ങിയവയുടെ വളർത്തൽ, പരിപാലനം എന്നിവയാണ് ഈ മേഖലയിൽ പ്രധാനമായും ഉൾപ്പെടുന്നത്.

കാർഷിക പഠനത്തിൽ ഏറെ പ്രാധാന്യമുള്ള ശാഖയാണ് ഫ്ലോറികൾച്ചർ. ഇൗ മേഖലയിലെ വിദഗ്ധരെ ഫ്ലോറികൾച്ചറിസ്റുകൾ എന്ന് വിളിക്കുന്നു. പൂകൃഷി, വിളവെടുപ്പ്, വിത്ത് ഉത്പാദനം, പുതിയ ഇനം ചെടികളുടെ ബ്രീഡിങ്, കീടനാശിനി, ഉപകരണങ്ങൾ തുടങ്ങിയ പരിപാലന ഉപാധികളോടെ ഉത്പാദനവും വികസനവും ഫ്ലോറികൾച്ചറിസ്റുകൾ മേൽനോട്ടം വഹിക്കുന്നു.

പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി ബയോളജി മുഖ്യവിഷയമായി പഠിച്ചവർക്ക് ആയിരിക്കും ഈ രംഗം കൂടുതൽ ശോഭനീയമാകുക. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കോളേജ് ഓഫ് ഹോർട്ടികൾച്ചറിൽ ബി.എസ്.സി, എം.എസ്.സി ഫ്ലോറികൾച്ചർ പഠിക്കാൻ അവസരമുണ്ട്.

ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ ഡോ. യശ്വന്ത് സിംഗ് പർമാർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി, ഗ്യാങ്ടോക്കിലെ സിക്കിം യൂണിവേഴ്സിറ്റി, നോയിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ ടെക്നോളജി, ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഫ്ലോറികൾച്ചറിങ് ആൻഡ് ലാൻഡ്സ്കെയിപ്പിങ് എന്ന വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം. പഞ്ചാബിലെ ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റി, ആന്ധ്രാ പ്രദേശിലെ ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ടെക്നോളജി, മഹാരാഷ്ട്രയിലെ യശ്വന്ത് റാവു ചവൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഫ്ലോറികൾച്ചറിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾ ചെയ്യാവുന്നതാണ്.

ബംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ്, തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റി, കൊൽക്കത്തയിലെ കൽക്കട്ട യൂണിവേഴ്സിറ്റി, തെലങ്കാനയിലെ ആചാര്യ എൻ. ജി. രംഗ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി തുടങ്ങിയിടത്ത് എം.എസ്.സി ഹോർട്ടികൾച്ചറിന്റെ കീഴിൽ ഫ്ലോറികൾച്ചർ പഠിക്കാം.

കാർഷിക ഉത്പാദന കേന്ദ്രങ്ങൾ, തേയില, കാപ്പി, റബ്ബർ പ്ലാന്റേഷനുകൾ, പരുത്തി, ചണം, പുകയില, വിവിധ തരം ഫലങ്ങൾ, കീടനാശിനി ഉത്പാദനം, കാർഷിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ ഫ്ലോറികൾച്ചറിസ്റ്റ്റിന് തൊഴിൽ സാധ്യത ഏറെയാണ്. അലങ്കാര പുഷ്പ കൃഷി നേട്ടമുള്ള മേഖലയാണ്. ഡിമാന്റുള്ള അലങ്കാര പുഷ്പങ്ങൾ വൻ തോതിൽ ശാസ്ത്രീയമായി കൃഷി ചെയ്താൽ ലഭിക്കുന്ന വിളവിനൊത്ത് പൂക്കൾ വിപണിയിൽ എത്തിക്കാനും നല്ല തുക സമ്പാദിക്കാനും കഴിയും.

Leave a Reply