ആതിര ഗോപിനാഥ്
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. വെള്ളം നിറഞ്ഞ ഇടുക്കി ഡാം വാര്‍ത്തകളിലും നിറയുന്നു. ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ഷട്ടറുകള്‍ തുറക്കും.
എപ്പോഴാണ് ഷട്ടറുകള്‍ തുറക്കുക, അവയുടെ ചരിത്രമെന്ത് തുടങ്ങിയവയെ കുറിച്ച് വ്യക്തമായ ധാരണ എത്ര പേര്‍ക്കുണ്ട് എന്നത് സംശയമാണ്. അതിനാല്‍ത്തന്നെ പല വിധത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു.
ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ വ്യത്യസ്ത രീതിയിലുള്ള മൂന്ന് അണക്കെട്ടുകളാണുള്ളത് -ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇവ മൂന്നും ചേര്‍ന്ന് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്നതാണ് ഇടുക്കി ജല സംഭരണി. 6,000 മീറ്ററിലധികം നീളമുള്ള വിവിധ വലിപ്പത്തിലുള്ള തുരങ്കങ്ങള്‍, ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിങ്ങനെയുള്ള സവിശേഷതകള്‍ വേറെ.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള പദ്ധതിയിലെ സംഭരണജലം മൂലമറ്റം പവര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവയില്‍ ഏറ്റവും വലിയ അണക്കെട്ടാണ് ഇടുക്കി ആര്‍ച്ച് ഡാം.
ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന് ഡാം പണിയാം എന്ന ആശയം ആദ്യമായി തിരുവിതാംകൂര്‍ സര്‍ക്കാരിനു മുന്നിലെത്തുന്നത് 1919ലെ ഒരു റിപ്പോര്‍ട്ടിലൂടെയാണ്. ഇറ്റാലിയന്‍ എന്‍ജിനീയര്‍ ജേക്കബ്ബിന്റേതായിരുന്നു ആശയം. പക്ഷേ, അതു പരിഗണിക്കപ്പെട്ടില്ല.
പിന്നീട് 1922ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യൂ.ജെ.ജോണ്‍ നായാട്ടിനെത്തിയത് വഴിത്തിരിവായി. അദ്ദേഹത്തിന് ചെമ്പന്‍ കരുവെള്ളയാന്‍ കൊലുമ്പന്‍ എന്ന ആദിവാസി ഇടുക്കി കാണിച്ചുകൊടുത്തു. പാദങ്ങള്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന കുറവന്‍ -കുറത്തി മലകളും അതിനിടയിലൂടെ ഒഴുകിവരുന്ന പെരിയാറും കണ്ട ജോണ്‍ അവിടെ ഡാം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം വീണ്ടും തിരുവിതാംകൂര്‍ സര്‍ക്കാറിനു മുന്നില്‍ വെച്ചു. വൈദ്യുതി ഉത്പാദനവും ജലസേചനവും സാദ്ധ്യമാക്കുന്ന പദ്ധതിയുടെ നിര്‍ദ്ദേശം സഹോദരനും എന്‍ജിനീയറുമായ പി.ജെ.തോമസിന്റെ സഹായത്തോടെ 1932ലാണ് അദ്ദേഹം തിരുവിതാംകൂര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്.
1935ല്‍ അസംബ്ലി അംഗമായിരുന്ന കെ.എ.നാരായണ പിള്ള ഇടുക്കി ഡാമിനെ കുറിച്ച് വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി ഇറ്റാലിയന്‍ എന്‍ജിനിയര്‍ ആന്‍ജലോ ഒമേദയോയും ക്ലാന്തയോ മാസെലെയും ഇടുക്കിയെക്കുറിച്ച് 1937ല്‍ പഠനം നടത്തിയെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.
1947 ലാണ് അടുത്ത റിപ്പോര്‍ട്ട് വരുന്നത്. ഇത്തവണ തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ മുഖ്യ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പി.ജോസഫ് ജോണാണ് ഏറെക്കുറെ വ്യക്തമായൊരു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പെരിയാറിനെയും ചെറുതോണിയെയും ബന്ധിപ്പിച്ച് ഒരു അണകെട്ടാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനുമായിരുന്നു നിര്‍ദ്ദേശം. ഒന്നും നടന്നില്ല.
1956ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതോടെ കഥ മാറി. 1957ല്‍ കേന്ദ്ര ജല കമ്മീഷന്‍ വിശദമായ പഠനം നടത്തുകയും 1961ല്‍ രൂപകല്പന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 1963 ജനുവരിയില്‍ പദ്ധതിക്ക് ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇടുക്കിയുടെ സാമ്പത്തിക ചുമതല കെ.എസ്.ഇ.ബി. ഏറ്റെടുത്തു. 1966ല്‍ ഇടുക്കി ഡാമിനു കാനഡ സഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇന്ത്യയും കാനഡയും കരാര്‍ ഒപ്പിട്ടു.
അങ്ങനെ 1968 ഫെബ്രുവരി 17ന് ഇടുക്കി അണക്കെട്ടിന്റെ പ്രാരംഭ പണികള്‍ എന്‍ജിനിയര്‍ സൂപ്രണ്ട് ഇ.യു.ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഘട്ടം ഘട്ടമായി പണിതീര്‍ത്ത ഡാം 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.
കമാനാകൃതിയുള്ളതാണ് ഇടുക്കി ആര്‍ച്ച് ഡാം. ഭാരം താങ്ങുവാന്‍ ആര്‍ച്ചിനു കൂടുതല്‍ ശേഷിയുണ്ട്. ഏകദേശം 2,000 ദശലക്ഷം ടണ്‍ ജലം ഉള്‍ക്കൊള്ളാന്‍ സാദ്ധ്യതയുള്ള സംഭരണിയുടെ സമ്മര്‍ദം താങ്ങാന്‍ ശേഷിയുള്ളതാണ് ആര്‍ച്ച് അണക്കെട്ട്. ഒരു മുറി ചിരട്ടയെ നാലായി ഭാഗിച്ചതില്‍ ഒരു കഷണത്തിന്റെ രൂപമാണ് ആര്‍ച്ച് ഡാമിന്.
കുറത്തി മലയെയും കുറവന്‍ മലയെയും ഈ അണക്കെട്ട് ഇരുവശങ്ങളിലുമായി ബന്ധിപ്പിക്കുന്നു. 168.91 മീറ്റര്‍ ഉയരമുള്ള ഇവയ്ക്ക് ഷട്ടറുകളില്ല. 365.85 മീറ്ററാണ് ഡാമിന്റെ മുകളിലത്തെ നീളം. മുകളില്‍ 7.62 മീറ്ററാണ് വീതിയെങ്കില്‍ അടിത്തട്ടിലേക്ക് വരുമ്പോള്‍ അത് 19.81 മീറ്ററായി വര്‍ദ്ധിക്കുന്നു.
ഇടുക്കി ജലസംഭരണിയുടെ ഷട്ടറുകള്‍ ചെറുതോണി അണക്കെട്ടിലാണ് സ്ഥിതിചെയ്യുന്നത്. 138 മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാമാണ് ചെറുതോണി.
കുറത്തിയുടെ വലതുകയ്യും കുറവന്റെ ഇടതു കൈയ്യും തമ്മില്‍ ചേര്‍ത്തിരിക്കുന്നതാണ് ഇടുക്കി ആര്‍ച്ച് ഡാമെങ്കില്‍ ചെറുതോണി അണക്കെട്ട് കുറവന്റെ വലതുകൈയ്യാണ്. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി ഡാം നിര്‍മ്മിച്ചത് ചെറുതോണിപ്പുഴയിലൂടെ പെരിയാര്‍ രക്ഷപ്പെടാതിരിക്കാന്‍ കൂടിയാണ്.
2,403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. 2,400 അടി ആകുമ്പോള്‍ തന്നെ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കും. 2,395 അടിയാകുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. 2,399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ടും. പ്രദേശവാസികള്‍ക്കും സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയമാണിത്. റെഡ് അലര്‍ട്ട് നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രത്യേക അറിയിപ്പൊന്നും കൂടാതെ തന്നെ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കും.
അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണമാകും ഇത്തവണ തുറക്കുക. ഓരോ ഷട്ടറും കുറഞ്ഞത് 40 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തേണ്ടത്. എങ്കില്‍ സെക്കന്‍ഡില്‍ 50 മുതല്‍ 60 വരെ ക്യുബിക് സെന്റീമീറ്റര്‍ ജലം ഓരോ ഷട്ടറിലൂടെയും ഒഴുകും. ഈ ജലം ചെറുതോണി പുഴയിലൂടെ ഒഴുകി ലോവര്‍ പെരിയാര്‍ ഡാമിലെത്തും.
ലോവര്‍ പെരിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ജലം അവിടെ നിന്നും ഒഴുകി നേര്യമംഗലം വഴി ഭൂതത്താന്‍ കെട്ടിലെത്തും. ഭൂതത്താന്‍ കെട്ടിലും നേരത്തെ തന്നെ ഷട്ടറുകള്‍ കുറച്ച് തുറന്നിരിക്കും. അവിടെ നിന്നും ജലം കാലടി വഴി ആലുവയിലും ഏലൂര്‍ വ്യവസായ മേഖലയിലൂടെ ഒഴുകി വേമ്പനാട്ടുകായലിലും അങ്ങനെ അറബിക്കടലിലും എത്തും.
ഇതിനുമുമ്പ് രണ്ട് തവണയാണ് ഇടുക്കി ഡാം തുറന്നത് . 1981ലും 1992ലുമാണ് ഇതിനുമുമ്പ് ഷട്ടര്‍ തുറന്നത്. ആദ്യതവണ ഇടവിട്ടിടവിട്ടും അടുത്ത തവണ 12 ദിവസം തുടര്‍ച്ചയായുമാണ് ഷട്ടര്‍ തുറന്നത്. പക്ഷേ, അതു രണ്ടും ഇടവപ്പാതി കഴിഞ്ഞ് തുലാവര്‍ഷമഴക്കാലത്ത് ഒക്ടോബര്‍ -നവംബറിലാണ് തുറന്നതെന്നാണ് പ്രത്യേകത. ജൂണ്‍- ജൂലൈയിലെ ഇടവപ്പാതിക്കുതന്നെ ഷട്ടര്‍ തുറക്കേണ്ടിവരുന്നത് ആദ്യമായാണ്.
ഇടുക്കി ജലസംഭരണിയെ കിളിവള്ളിത്തോടിനു കുറുകെ കളമാവ് അണക്കെട്ടുകൊണ്ട് തടഞ്ഞുനിര്‍ത്തുന്നു. വൈദ്യുതി ഉണ്ടാക്കാനും ജലത്തേ കടത്തിവിടാനും ശക്തിതുരങ്കങ്ങളും സമ്മര്‍ദ്ദ ലഘുകരണ തുരങ്കമായ സര്‍ജ് ഷാഫ്റ്റും ജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രശലഭകകവാട അറയുമെല്ലാം ചേരുന്ന അത്ഭുതമാണ് ഇടുക്കി ഡാം.
ഒരു അണക്കെട്ടിന്റെ സംഭരണശേഷി കഴിഞ്ഞാല്‍ സുരക്ഷിതമായ തോതില്‍ വെള്ളം ഒഴുക്കിവിടുന്നത് ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. അണക്കെട്ടിന്റെ ഷട്ടറുകള്‍ അതിനുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പ്രചാരണം കണ്ടാല്‍ ഷട്ടര്‍ തുറക്കുക എന്നത് ജനങ്ങുടെ സ്വത്തിനും ജീവനും ഭീഷണിയാവുന്ന വിധത്തില്‍ ഡാം പൊട്ടിച്ച് വിടുന്ന പരിപാടിയാണ് എന്നു തോന്നും.
എല്ലാം കൃത്യമായും ശാസ്ത്രീയമായും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലും മാത്രം ചെയ്യുന്ന കാര്യമാണിത്. ദുരന്തനിവാരണ അതോറിറ്റിയുടെയും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണത്തിലുമാണ് ഇടുക്കിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വെള്ളം തുറക്കുന്നതു തന്നെ ആദ്യം വെള്ളം ഒഴുകുന്ന വഴിയിലൂടെ ട്രയല്‍ നോക്കിയിട്ടായിരിക്കും.
അതിനാല്‍ത്തന്നെ ഭയപ്പെടേണ്ട ഒരാവശ്യവും ഇല്ല. ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ സാധാരണഗതിയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനുള്ള സംവിധാനമാണ്. വെള്ളം ഒഴുകിവരാന്‍ സാദ്ധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്ന സ്ഥലങ്ങളില്‍ അതു കൃത്യമായി പാലിക്കണം എന്നു മാത്രം.
Please share…