ഒരു കോഴ്‌സ് പഠിക്കുക. മറ്റൊരു ജോലി ചെയ്യുക. ആ ജോലി മടുത്ത് മറ്റൊരു ജോലിതേടിപ്പോകുക. ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും കൂടുതല്‍ യോജിച്ചതെന്ന് വേണ്ട സമയത്ത് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം. ഇവിടെയാണ് കരിയര്‍ കൗണ്‍സലിങ്ങിന്‍റെ ആവശ്യകത. തന്റെ അഭിരുചികള്‍ക്കിണങ്ങുന്ന, ആസ്വദിച്ചു ചെയ്യാന്‍ കഴുയുന്ന ജോലി നേരത്തെ തന്നെ മനസ്സിലാക്കാനും കരിയറില്‍ വിജയിക്കാനും കരിയര്‍ കൗണ്‍സലിങ് ചെയ്യുന്നത് ഇന്നത്തെകാലത്ത് വളരെ അത്യാവശ്യമാണ്.

മിക്കവരും കരിയര്‍ തിരഞ്ഞെടുക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തില്‍ സുഹൃത്തുകളുടെ സ്വാധീനം കൊണ്ടാണ്. സുഹൃത്തുക്കള്‍ ഒരു കാര്യത്തെ നല്ലതാണെന്ന് പറയുമ്പോള്‍ നമ്മുടെ താത്പര്യമനുസരിച്ച് നമുക്കും അത് ശരിയാണെന്ന് തോന്നാം. അത് ശരിയായിരിക്കുകയും ചെയ്യും. പക്ഷേ,  നമ്മുടെ സ്വഭാവവും കഴിവുമായി അതു പൂര്‍ണ്ണമായും യോജിക്കുമോ എന്നതാണ് കാര്യം. പിന്നെ ചിലര്‍ തൊഴില്‍ തിരഞ്ഞെടുക്കുന്നത് അതിന്റെ ജോലി സാധ്യത മുന്നില്‍കണ്ടാണ്. അതിന്റെ ഗുണങ്ങള്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉയര്‍ച്ച ഇതൊക്കെ ഇത്തരക്കാരെ ആകര്‍ഷിക്കും. ഇവിടെ നാം മറന്നുപോകുന്ന കാര്യം ഇഷ്ടമുള്ള ജോലി ആസ്വദിച്ച് ചെയ്യുമ്പോള്‍ മാത്രമേ ഉയര്‍ച്ചയും പ്രശസ്തിയും തേടിയെത്തുള്ളു എന്ന സത്യമാണ്.

അതിന് ആദ്യം വേണ്ടത് നാമെന്താണെന്ന് അറിയുകയാണ്. നമ്മുടെ ഇഷ്ടങ്ങളേക്കാള്‍ ഏതിലാണ് മികവുപുലര്‍ത്താന്‍ കഴിയുക എന്ന തിരിച്ചറിവാണ്. കണക്കില്‍ ഇഷ്ടവും ആര്‍ക്കിടെക്ചറില്‍ താത്പര്യവുമുള്ള കുട്ടി അതുകൊണ്ട് മാത്രം ആര്‍ക്കിടെക്ചര്‍ കോഴ്‌സ് എടുത്താല്‍ വിജയിക്കണമെന്നില്ല. അവന് ഒട്ടും കഴിയാത്ത വരയും ആര്‍ക്കിടെക്ചറിന് പഠിക്കേണ്ട മറ്റ് കാര്യങ്ങളും വരുമ്പോള്‍ പെട്ടന്ന് മടുക്കുകയും അതില്‍ നന്നായി ചെയ്യാന്‍ കഴിയാതെ പഠനം തന്നെ ഉപേക്ഷിക്കുകയും ചെയ്യും. അത്തരം അബദ്ധങ്ങള്‍ പറ്റാതിരിക്കാനാണ് ഒരു കരിയര്‍ കൗണ്‍സലറുടെ ഉപദേശം തേടുന്നത്.

നമ്മുടെ ശക്തിയും ദൗര്‍ബല്ല്യവും മനസ്സിലാക്കിത്തരാനും താത്പര്യമുള്ള കോഴ്‌സുകള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും സാദ്ധ്യതകളും സത്യസന്ധമായി പറഞ്ഞുതരാനും അവര്‍ക്ക് സാധിക്കും. തെറ്റായ കോഴ്‌സ് തിരഞ്ഞെടുക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് ശരിയായ പാതയിലൂടെ  നടത്താന്‍ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കരിയര്‍ കൗണ്‍സലിങ് നടത്തുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!