യഥാര്‍ത്ഥ സാഹചര്യത്തില്‍ മനുഷ്യന്‍ എങ്ങനെ പെരുമാറുന്നുവോ അതിനോട് കിടപിടിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ഥാനം പിടിച്ച് കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ഈ മാറ്റം സ്പഷ്ടമാണ്. വിദ്യാഭ്യാസമാണ് മനുഷ്യന്റെ പെരുമാറ്റത്തിന്റെ അടിസ്ഥാനം. അറിവും പരിചയ സമ്പത്തും പഠന രീതിയും എല്ലാം അടങ്ങുന്നതാണ് വിദ്യാഭ്യാസമെന്ന അനുഭവം. പക്ഷേ, ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവും താല്‍പര്യവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട ശ്രദ്ധയും വേറെവേറെ ആയിരിക്കും. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വലിയ പങ്കുണ്ട്.

അതിലൊന്നാണ് വ്യക്തിഗത പഠനം. ഓരോ കുട്ടിയും പ്രത്യേകത ഉള്ളവരാണ്. അതറിഞ്ഞ് കുട്ടിക്കൊപ്പം ഇരുന്നു കഴിവും കുറവുമളന്ന് പഠിപ്പിക്കുക എന്നത് സാധാരണ പഠന സമ്പ്രദായത്തില്‍ അസാധ്യമാണ്. ഈ കുറവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പരിഹരിക്കപ്പെടുന്നത്. ഓരോ കുട്ടിയും അവന്റെ കുറവുകള്‍ നികത്തി സമയമെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇത് സഹായിക്കുന്നു. ഏത് ഭാഗമാണ് മനസ്സിലാകാത്തതെന്നും ഓരോ കാര്യങ്ങളും എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ആഴത്തില്‍ വിലയിരുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുന്നു.

പഠിപ്പിക്കലിനു പുറമേ ഹാജര്‍ പട്ടിക തയ്യാറാക്കുക തുടങ്ങിയ ജോലികളും ടീച്ചര്‍മാര്‍ക്ക് എടുക്കേണ്ടി വരാറുണ്ട്. ഇത്തരം ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റെടുക്കുന്നതിലൂടെ ടീച്ചറിന്റെ യഥാര്‍ത്ഥ ജോലികള്‍ ചെയ്യാന്‍ അവസരം കൂടുകയാണ്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും കൂടുതല്‍ സമയം ലഭിക്കുമ്പോള്‍ പഠന നിലവാരവും ഉയരുകയും അവരുടെ ഭാവിയെ തന്നെ കാര്യമായി സ്വാധീനിക്കുന്ന തരത്തില്‍ വിദ്യാഭ്യാസമെന്ന പ്രക്രിയ മാറുകയും ചെയ്യും.

നിര്‍ബന്ധബുദ്ധിയോടെയുള്ള പഴയ പഠന രീതി കുഞ്ഞുമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനേക്കാള്‍ ദോഷകരമായി ബാധിച്ചേക്കാം. കാര്യങ്ങൾ ഗ്രഹിക്കാൻ ഓരോ കുട്ടിക്കുമുള്ള ശേഷിയും ഓരോരുത്തരും പഠനപ്രക്രിയയോട് പ്രതികരിക്കുന്ന രീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഒരേ അളവുകോലില്‍ എല്ലാ കുട്ടികളെയും അളക്കുന്നത് ഉചിതമായിരിക്കില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇവിടെയും രക്ഷക്കെത്തുന്നു. സങ്കീര്‍ണ്ണമായ ഒരായിരം മാതൃകകള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസും അനലിറ്റിക്കല്‍ എന്‍ജിനും ചേര്‍ന്ന് വ്യക്തിഗത മൂല്യനിര്‍ണ്ണയത്തിനും അതുവഴി ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രകടനം വിലയിരുത്താനും സഹായിക്കുന്നു.

ക്ലാസ്സ് മുറികള്‍ ഇപ്പോള്‍ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എല്ലാ വിഷയങ്ങളും ഡിജിറ്റലിലേക്ക് മാറ്റുന്നതും അത് കാലാനുസൃതമായി പുതുക്കുന്നതും ഒരു ഭഗീരഥ പ്രയത്‌നം തന്നെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ ആക്കാനും പഠനവും ഡിജിറ്റല്‍ സാധ്യതകളും തമ്മില്‍ ബന്ധിപ്പിക്കാനും കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here