പരസ്യപ്പെടുത്താത്ത ജോലികൾക്ക് നല്ല തലകളെ തിരഞ്ഞു പിടിച്ച് തലപ്പത്തിരുത്തുന്നവരാണ് ഹെഡ്ഹണ്ടർമാർ. വൻകിട വ്യവസായ കമ്പനികളുടെ എക്സിക്യുട്ടിവ് / ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് ഉദ്യോഗാർഥികളെ തിരഞ്ഞുപിടിക്കുകയാണ് ഹെഡ്ഹണ്ടർമാരുടെ ജോലി. ഇത് മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയാണ്.
കേവലം ബയോഡാറ്റകൾ ശേഖരിക്കുക എന്നത് മാത്രമല്ല ഇവരുടെ ജോലി. തൊഴിലുടമകൾക്ക് പലപ്പോഴും അവരുടെ സ്ഥാപനത്തിലെ ഉന്നത നിലകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള സമയം ലഭിക്കുകയില്ല. ഇൗ തിരഞ്ഞുപിടിക്കലിന് ഹെഡ്ഹണ്ടർമാരെ നിയമിക്കുക വഴി അവരുടെ സമയം ലാഭിക്കുവാനും അത്തരം ഉന്നത തസ്തികകളിൽ ഏറ്റവും അനുയോജ്യരായ വ്യക്തികളെ നിയമിക്കാനും സാധിക്കുന്നു. കമ്പനികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് പങ്കാളിയാകുന്നതിനൊപ്പം പുതു തലമുറയ്ക്ക് വഴികാട്ടിയാകുവാനും അവരുടെ കരിയർ പടുത്തുയർത്തുന്നതിൽ ഒരു ഘടകമാകാനും ഹെഡ്ഹണ്ടർമാർക്ക് സാധിക്കും.
മാനവവിഭവശേഷിയെ കുറിച്ചുള്ള അവഗാഹമാണ് പ്രധാനമായും വേണ്ടത്. ഒരു കമ്പനിയുമായി ബന്ധപ്പെട്ട് അവിടുത്തെ ഒഴിവുകൾ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യരെ അഭിമുഖം നടത്തി അവരിൽ മികച്ചവരെ കണ്ടെത്തുക എന്നിങ്ങനെയാണ് ജോലിയുടെ സ്വഭാവം. തനിക്ക് ചുറ്റും നിരന്തരമായ ഒരു പ്രൊഫഷണൽ നെറ്റ്വർക്ക് ഉണ്ടാക്കാൻ ഇവർക്ക് കഴിയണം. ജോലിചന്തയെ പറ്റി വ്യക്തമായ അറിവുണ്ടാകണം എന്നതും ഒരു പ്രധാന ഘടകമാണ്. കൂടുതൽ വ്യക്തികളുടെ നിയമനത്തിന് വഴിയൊരുക്കുക വഴി സ്വന്തം കരിയർ മുന്നോട്ട് പോകുന്നു.
പെട്ടെന്ന് ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള ശേഷി, മറ്റുള്ളവരുമായി സംവദിക്കാനും ബന്ധങ്ങൾ ഉണ്ടാക്കുവാനുമുള്ള കഴിവ്, ആശയവിനിമായത്തിൽ മികവ്, എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും ഇതൊരു കരിയർ ആയി തിരഞ്ഞെടുക്കുന്നത് നല്ലതാണ്. എത്രത്തോളം ലാഭമുണ്ടാക്കുവാൻ കഴിയും എന്നുള്ളത് എത്ര പേരുടെ നിയമനം കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും.
ഒന്നുകിൽ ആദ്യമേ കമ്പനിയുമായി പറഞ്ഞുറപ്പിച്ച തുകയാകാം, അല്ലെങ്കിൽ നിയമനം പൂർത്തിയാക്കിയതിന് ശേഷമാകാം പേയ്മെന്റ് നടത്തുന്നത്. ഈ പേയ്‌മെന്റ് എന്നു പറയുന്ന തുക, നിയമിത വ്യക്തിയുടെ വാർഷിക വരുമാനത്തിന്റെ ഒരു ശതമാനമായതിനാൽ തന്നെ, പോസ്റ്റിന്റെ പ്രാധാന്യം, വ്യക്‌തികളുടെ എണ്ണം, എന്നിവ ലാഭം നിർണ്ണയിക്കും. 50 ലക്ഷത്തോളം വാർഷിക വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരുദ്യോഗമാണിത്.