കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്കിയപ്പോള്‍ അതിന്റെ 0.67 ശതമാനം മാത്രമാണ് കേരളത്തിന് കിട്ടിയത്. കേരളം ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തെറ്റായ നടപടികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ.), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ.) എന്നീ പ്രൊജക്ടുകള്‍ ഏകോപിപ്പിച്ച്, പ്രി-പ്രൈമറി മുതല്‍ 12 വരെയുള്ള ക്ലാസ്സുകളെ ലക്ഷ്യംവച്ച് സമഗ്രശിക്ഷാ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഏപ്രില്‍ മുതല്‍ നടപ്പാക്കുന്നത്. ഇതിനായി പദ്ധതി സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 1,941 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി കേരളം കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. കേന്ദ്രം അംഗീകരിക്കുന്ന പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും.

ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന തുകയുടെ പ്രാരംഭ കണക്ക് കേന്ദ്രം പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിനുണ്ടായിരുന്നത് 413.43 കോടി രൂപയായിരുന്നു. തുക കുറഞ്ഞുപോയി എന്നു കാട്ടി കേരളം നിവേദനം നല്‍കിയപ്പോള്‍ പദ്ധതിയില്‍ നാമമാത്ര വര്‍ദ്ധന വരുത്താന്‍ കേന്ദ്രം തയ്യാറായി. തുടര്‍ന്ന് പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് 437.64 കോടി രൂപയുടെ പദ്ധതി തത്ത്വത്തില്‍ അംഗീകരിക്കുകയും കേരളത്തിന്റെ ആകെ പദ്ധതി 729.40 കോടി രൂപയുടേതായി നിജപ്പെടുത്തുകയും ചെയ്തു.

സാമ്പത്തിക വിതരണത്തിന്റെ മാനദണ്ഡം ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ കേരളത്തിന് 900 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ സംസ്ഥാന വിഹിതമടക്കം 1,500 കോടിയിലധികം വരുന്ന അടങ്കല്‍ വരുന്ന തുക ഉപയോഗിച്ച് അര്‍ഹതപ്പെട്ട പദ്ധതി നടപ്പാക്കാമായിരുന്നു. ഇത് അനുവദിച്ചില്ല എന്നു മാത്രമല്ല, ആദ്യം ഉറപ്പുനല്‍കിയിരുന്ന തുക പകുതിയില്‍ താഴെയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രവിഹിതമായി 206 കോടി രൂപ മാത്രം നല്കുക വഴി കേരളത്തിന്റെ വിദ്യാഭ്യാസ പദ്ധതി 343.34 കോടി രൂപയുടേതു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ബിഹാര്‍, അസം മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആദ്യം നിശ്ചയിച്ചതിലധികം തുക കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങി കേന്ദ്രത്തിന് താല്പര്യമുള്ള സംസ്ഥാനങ്ങള്‍ വലിയ പരിക്കില്ലാതെ പദ്ധതി പാസാക്കിയെടുത്തു. എന്നാല്‍, കേരളത്തിന്റെ പദ്ധതി മാത്രമാണ് പകുതിയില്‍ താഴെയായി വെട്ടിക്കുറച്ചത്. പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കാന്‍ ദേശീയതലത്തില്‍ ശ്രമിക്കുന്നതായി പറയുമ്പോഴാണ് പന്ത്രണ്ടാം ക്ലാസുവരെ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന നേട്ടത്തിന്റെ പടിവാതില്ക്കല്‍ നില്ക്കുന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ തമസ്‌കരിക്കപ്പെടുന്നത്.

അതേസമയം, കേന്ദ്ര വിഹിതത്തിന് കാത്തിരിക്കാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ അദ്ധ്യപക പരിശീലനങ്ങള്‍ അടക്കമുള്ള നടപടികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹലോ ഇംഗ്ലീഷ് പദ്ധതി ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിച്ചു. എങ്കിലും ഫണ്ട് കുറയുന്നത് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുക തന്നെ ചെയ്യും. കലാ-കായിക-പ്രവൃത്തി പരിചയ വിഭാഗത്തിലെ സ്‌പെഷലിസ്റ്റ് അദ്ധ്യാപകരുടെ വേതനത്തിലുണ്ടായ കുറവ് ഇത്തരമൊരു പ്രതിസന്ധിയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കലാ-കായിക-പ്രവൃത്തി പരിചയ വിഭാഗത്തിലെ സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ക്ക് 25,200 രൂപ പ്രതിമാസ വേതനം നല്കിയപ്പോള്‍ ഈ വര്‍ഷം അത് കേവലം 7,000 രൂപയായി വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയുണ്ടായി. കേന്ദ്രവിഹിതം 4,200 രൂപ ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ 2,800 രൂപ കൂടി ചേര്‍ത്താണ് 7,000 രൂപ ആയത്. ഇപ്പോള്‍ ഇതിനൊപ്പം മറ്റൊരു 7,000 രൂപ കൂടി സംസ്ഥാനം അധികമായി അനുവദിച്ച് വേതനം 14,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകനും കേന്ദ്രം 4,200 രൂപ മാത്രം അനുവദിക്കുമ്പോള്‍, സംസ്ഥാനം 9,800 രൂപയാണ് അധികമായി വഹിക്കുന്നത്.

കേവലം രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രമാണ് കേരളത്തിനുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളോടും വിദ്യാസമ്പന്ന സമൂഹത്തോടും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവജ്ഞയുടെ അവഗണനയുടെയും തുടര്‍ച്ചയാണിതെന്നും പ്രൊഫ.രവീന്ദ്രനാഥ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!