വിവിധ സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള 651 വിദൂരപഠന കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ജി.സി. ഉന്നതാധികാര സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ചില സര്‍വ്വകലാശാലകള്‍ വിദൂരപഠന കോഴ്‌സുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുമ്പോഴാണ് നേര്‍വിപരീത ദിശയിലുള്ള നടപടിയുമായി യു.ജി.സി. മുന്നോട്ടു വന്നിരിക്കുന്നത്.
2018-19 അക്കാദമിക വര്‍ഷത്തെ പുതുക്കിയ യു.ജി.സി ചട്ടങ്ങളനുസരിച്ച് അനുമതി ലഭിച്ച കോഴ്സുകളെല്ലാം സാധുവായിരിക്കും. ഡല്‍ഹി, അണ്ണാ, മദ്രാസ്, കശ്മീര്‍ സര്‍വകലാശാലകളുടെ കോഴ്സുകളും അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
പുതിയ ചട്ടങ്ങള്‍ പ്രകാരം ബിരുദ -ബിരുദാനന്തര ബിരുദ തലത്തിലെ ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങള്‍ക്കാണ് അനുമതി. എന്‍ജിനീയറിങ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്സിങ്, ആര്‍കിടെക്ചര്‍, ഫിസിയോതെറാപ്പി കോഴ്സുകള്‍ക്ക് വിദൂരപഠന അനുമതി ഇല്ല. ഈ വിഷയങ്ങളിലെ വിദൂരപഠന കോഴ്‌സുകള്‍ ആരെങ്കിലും നടത്തിയാല്‍ അവയ്ക്ക് അംഗീകാരമുണ്ടാവില്ല.
കേന്ദ്ര സര്‍വകലാശാലകള്‍ക്കും കല്‍പിത സര്‍വകലാശാലകള്‍ക്കും രാജ്യവ്യാപകമായി വിദൂരപഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അനുമതിയുണ്ട്. സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍ക്ക് തങ്ങളുടെ അധികാര പരിധിയില്‍ വിദൂരപഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാം.
വിദൂരപഠന കേഴ്‌സുകള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ യു.ജി.സി. നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു സര്‍വ്വകലാശാല നടത്തുന്ന ആകെ കോഴ്‌സുകളുടെ 20 ശതമാനം വിദൂരപഠനത്തിലൂടെ നടപ്പാക്കാനാവും.