വിഡിയോ ഗെയിമുകൾ കളിച്ചു കാശുണ്ടാക്കാം! 2018-ലെ കണക്കുകൾ അനുസരിച്ച് ഈ ലോകത്തിൽ 2.5 ബില്യൻ വിഡിയോ ഗെയിമർമാരാണ് ഉള്ളത്. അസാസ്സിൻസ് ക്രീഡും ജി ടി എയും മുതൽ ക്ലാഷ് ഓഫ് ക്ലാൻസും പബ്‌ജിയും വരെ, ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത ഗെയിമുകൾ വിരളമാണ്. പ്രതിദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഗെയിമിംഗ്.
ഗെയിമിംഗ് മേഖലയിലെ എല്ലാ പ്രധാനപ്പെട്ട കമ്പനികളിലും നിശ്ചയമായും ഗെയിം ടെസ്റ്റിങ്ങിനായി നിയമനങ്ങൾ ഉണ്ടായിരിക്കും. വെറുതെ ഗെയിമുകൾ കളിച്ചാൽ പോരാ. കമ്പനിയുടെ വിപണിയിൽ ഇറങ്ങാത്തതായ ഗെയിമുകൾ കളിച്ച്, അതിൽ ആ ഗെയിം ഡെവലപ്പർ വരുത്തിയതായ പിശകുകൾ അഥവാ ബഗ്ഗുകൾ കണ്ടുപിടിക്കുക, അത് കമ്പനിയോട് വിനിമയം ചെയ്ത് അവ തിരുത്തുക എന്നിവ ജോലിയുടെ ഭാഗമാണ്.
ഒരു ഗെയിം ടെസ്റ്റർ ആകാൻ ഗെയിമിങ്ങിന്റെ ഭാഷാപ്രയോഗങ്ങൾ അറിഞ്ഞിരിക്കുക എന്നതും അനിവാര്യമാണ്. ബഗ്ഗുകൾ കണ്ടുപിടിക്കുക, അതിന്റെ കാരണം കണ്ടെത്തി ബഗ്ഗ് റിപ്പോർട്ട് സമർപ്പിക്കുക, എന്നിവയാണ് പ്രധാനമായും ജോലിയിൽ ചെയ്യേണ്ടത്. ആശയവിനിമയ മികവ്, സാങ്കേതികമായ അറിവ്, ടീമിൽ പ്രവർത്തിക്കുവാനുള്ള കഴിവ്, ചെറിയ കാര്യങ്ങളിൽ ശ്രദ്ധ, എന്നിവ ഒരു ടെസ്റ്റർ ആകാൻ നിർണ്ണായകമാണ്.
മണിക്കൂറുകളുടെ എണ്ണം വെച്ചോ, വാർഷികമായി തീരുമാനിച്ചോ ആയിരിക്കും വരുമാനം. പേ റേറ്റ് എന്നത്, കമ്പനിയുടെ വലിപ്പം, ലൊക്കേഷൻ, വ്യക്തിയുടെ അനുഭവസമ്പത്തും ജ്ഞാനവും, എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ആർട്, ഡിസൈൻ, പ്രോഗ്രാമിങ് മുതലായ പ്രമുഖ ഗെയിമിങ് മേഖലയിലേക്കുള്ള തൊഴിലിന് ഒരു എളുപ്പ മാർഗ്ഗവും കൂടിയാണ് ഇത്. പ്രത്യേകമായ ബിരുദമോ ഒന്നും ആവശ്യമില്ല, വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പാർട് ടൈം ആയി ചെയ്യുവാനും സാധിക്കും എന്നതാണ് അടുത്ത സവിശേഷത.
സമർപ്പിക്കുന്ന റെസ്യൂമേ അഥവാ ബയോഡാറ്റ എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. അതിൽ അക്ഷരതെറ്റുകളോ ഒന്നും വരാതെ നോക്കുക, ഒഴിവിന്റെ റിക്വയർമെന്റുകൾ നോക്കി, അവയിൽ ഉള്ള കഴിവുകൾ ഉൾപ്പെടുത്തുക. ഇതിനായി കമ്പ്യൂട്ടറോ മറ്റോ വാങ്ങേണ്ടതുമില്ല, കമ്പനിയിൽ നിന്നു ഒരു ഡെവലപ്പർ കിറ്റ് തന്നെ കൊടുക്കുകയാണ് പതിവ്. കമ്പനി തിരഞ്ഞെടുക്കുമ്പോൾ ഒന്നു കൂടി ശ്രദ്ധിക്കുക – ഏതു കമ്പനി നിർമ്മിക്കുന്ന ഗെയിമുകൾ ആണോ നിങ്ങളെ താത്പര്യപ്പെടുത്തുന്നത്, അവിടെ ചേരുവാൻ ശ്രമിക്കുക.
ഇതു കൂടാതെ, പ്രോഗ്രാമിങ്ങിൽ ബിരുദം ഉണ്ടെങ്കിൽ, എസ്സ്-ഡേറ്റ് (SDET), അഥവാ സോഫ്റ്റ്വെയർ ഡിസൈൻ / ഡവലപ്‌മെന്റ് എന്‍ജിനീയര്‍ ഇൻ ടെസ്റ്റ്, എന്ന ജോലിയും ലക്ഷ്യം വയ്ക്കാം. മാനുവൽ ആയി ടെസ്റ്റ് ചെയ്യുന്ന പ്രക്രിയ മാറ്റി, പ്രോഗ്രാമിങ്ങും കോഡിങ്ങും ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്ന രീതിയാണിത്. ഒത്തിരിയധികം ലെവലുകളോ ഗെയിമർമാരോ ഉള്ളതായ ഓൺലൈൻ ഗെയിമുകളിൽ ഒക്കെ ഇതാണ് ടെസ്റ്റ് ചെയ്യുവാൻ ഉപയോഗിക്കുന്നത്.
റോക്ക്സ്റ്റാർ, യൂബിസോഫ്റ്റ് മുതലായ പ്രമുഖ അന്താരാഷ്ട്ര ഗെയിമിങ് കമ്പനികൾ ഉൾപ്പടെ ഇന്ത്യയിൽ ഇപ്പോൾ ടെസ്റ്റർ പദവിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയാണ്. വളർന്നു വരുന്ന ഒരു ശാഖയായതിനാൽ തന്നെ, വി ആർ (വിർചുവൽ റിയാലിറ്റി) പോലത്തെ പുതു സാങ്കേതികതകൾ ചേർത്ത് വച്ച്, ഒത്തിരിയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ഗെയിമിങ് മേഖല.