പുതിയ ജോലിസ്ഥലത്തോ കോളേജിലോ സൗഹൃദസദസ്സുകളിലോ നിങ്ങളുടെ അന്തര്‍മുഖത്വം പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നുണ്ടോ? സൗഹൃദമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കൂന്നുണ്ടെങ്കിലും കിട്ടാതെ നിരാശനായി ഇരിക്കേണ്ടി വരാറുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട.നിങ്ങള്‍ക്കായിതാ ചില വിദ്യകള്‍.

ഒപ്പമുള്ളവരെ നിരീക്ഷിക്കാം
ആദ്യത്തെ കുറച്ചു ദിവസം എല്ലാവരെയും നിശബ്ദമായി ഇരുന്ന് നിരീക്ഷിക്കുക. നിങ്ങള്‍ കൂടെ ഉള്‍പ്പെടുന്ന സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. ഓരോരുത്തരും എങ്ങനെ പെരുമാറുന്നുവെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും അതോടെ നിങ്ങള്‍ക്ക് എകദേശധാരണ ലഭിക്കുന്നു. ആരോട് സംസാരിക്കുന്നതാണ് കൂടുതല്‍ നന്നാവുക എന്ന് തീരുമാനിക്കാനും നിങ്ങള്‍ക്ക് ഇതുവഴി അവസരം കിട്ടുന്നു. നിങ്ങളുടെ മനസ്സില്‍ സമയപരിധിയും കണക്കുകൂട്ടി വെക്കുക.

ചെറുതില്‍ തുടങ്ങാം
അവിടെ നിന്നും ചെറിയ പടികള്‍ വെയ്ക്കുക. ചെറിയ സംഭാഷണങ്ങള്‍ ആരംഭിക്കുക. ചായ കുടിക്കുന്ന സമയത്തും ഇടവേളകളിലും ചെറിയ വിശേഷങ്ങള്‍ പങ്കുവെക്കുക. ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് ഉപദേശം തേടുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റ് സഹപ്രവര്‍ത്തകരെയും അയാള്‍ പരിചയപ്പെടുത്തും. അങ്ങനെ പുതിയ സൗഹൃദങ്ങള്‍ തുടങ്ങാം. ഓരോ ദിവസവും പുതിയ ഒരാളെയെങ്കിലും പരിചയപ്പെടുമെന്ന് തീരുമാനിക്കുക.

കൂട്ടുകളില്‍ അംഗമാകാം
പലര്‍ക്കും ഓഫീസിനു ശേഷവും പല ക്ലബുകളിലും അംഗത്വം ഉണ്ടാകും. അവരുമൊത്ത് വിനോദങ്ങളില്‍ പങ്കുചേരുന്നതും സൗഹൃദങ്ങള്‍ വളരാന്‍ നല്ലതാണ്.

എന്ത് ചെയ്യുമ്പോഴും നിങ്ങള്‍ ഊര്‍ജ്ജസ്വലനായ മികച്ച വ്യക്തിത്വത്തിനു ഉടമയാണെന്ന് മനസ്സില്‍ കരുതണം. കാരണം ആത്മവിശ്വാസമാണ് മറ്റുള്ളവരെ നിങ്ങളിലേക്ക് അടുപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ സംഗതി.

Leave a Reply