കല്യാണങ്ങൾ, ഇവെന്റുകൾ, ഫെസ്റ്റുകൾ എന്നിങ്ങനെ തുടങ്ങി ഇന്ന് ഡി.ജെ. പരിപാടികൾ ഉൾപ്പെടുത്താതെ പരിപാടികൾ കുറവാണ്. സിനിമ തിയേറ്ററിൽ നിന്ന് പോയതിനു കാലങ്ങൾക്കു ശേഷവും കേൾവിക്കാർ കാലങ്ങളോളം അതിലെ പാട്ടുകൾ ഏറ്റു പാടുന്നതും നമുക്ക് കാണാം.

പാട്ടുകൾ കൊണ്ടോ ചിലപ്പോൾ അതിലെ ബി.ജി.എം. അല്ലെങ്കിൽ പശ്ചാത്തല സംഗീതം (ബാക്ക്ഗ്രൗണ്ട് മ്യൂസിക്) കൊണ്ടോ വരെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റ് ആകുന്നതും സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ മേഖലകൾ താത്‌പര്യപ്പെടുന്ന അനവധി ചെറുപ്പക്കാരുണ്ടെങ്കിലും കേവലം ബെഡ്റൂം പ്രൊഡ്യൂസർമാരായി തീർന്ന് മറ്റു പല ജോലിയിലും പ്രവേശിക്കുകയും ചെയ്യുന്നു. ഈ മേഖലയുടെ ഒത്തിരിയധികം സാധ്യതകളിലേക്ക്.

പലരുടെയും വിചാരം പോലെ ഇന്നത്തെ ഓഡിയോ പ്രൊഡക്ഷനിൽ പാട്ടുകളിൽ ഉപയോഗിക്കുന്ന ശബ്ദങ്ങളും ഉപകരണങ്ങളുമെല്ലാം റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്യപ്പെടുകയല്ലാ. ഡിജിറ്റൽ ഓഡിയോ വർക്സ്റേഷനുകളുടെ (ഡി.എ.ഡബ്ല്യൂ.) വരവോടെ ഇതെല്ലാം കമ്പ്യൂട്ടറിന്റെയും സോഫ്റ്റ് വെയറുകളുടെയും സഹായത്തോടെ സംഗീത സംവിധായകന്റെ വീക്ഷണത്തിൽ മ്യൂസിക് പ്രൊഡ്യൂസേഴ്‌സിന്റെയും സൗണ്ട് ഡിസൈനർമാരുടെയും നിർമ്മിക്കപ്പെടുകയാണ്. ക്യൂബേസ്, എഫ്.എൽ. സ്റ്റുഡിയോ, നുവെന്റോ, പ്രോ ടൂൾസ്, ലോജിക്, ഏബിൾട്ടൻ എന്നിങ്ങനെ ഡി.എ. ഡബ്ലുകൾ അനേകമാണ്.

വിവിധ പ്ലഗ്ഇൻ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറെക്കുറെ ഏതു സംഗീതോപകരണത്തിന്റെ നാദവും ഇത്തരത്തിൽ ഉണ്ടാക്കുവാൻ സാധിക്കും. ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഇതിനുള്ള ജോലി സാധ്യതകളും കൂടുതലാണ്. കൂടാതെ ഡി.ജെ. അഥവാ ഡിസ്ക് ജോക്കികളും ഇന്നത്തെ വിനോദ പരിപാടികളിലും ഫാമിലി ഗെറ്റ് ടുഗതറുകളിലും വരെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറുകയാണ്.

പൂണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), ഡൽഹിയിലെ ക്രിപ്റ്റോ സൈഫർ അക്കാദമി, പൂണെയിലെ ഫാക്കൽറ്റി ഓഫ് ലിബറൽ ആർട്‌സ്, സയൻസ്, ആൻഡ് കോമേഴ്‌സ്, മുംബൈയിലെ അഥർവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ എന്നിങ്ങനെ ഇന്ത്യയിൽ പല കോളേജുകളിലായി സൗണ്ട് ഡിസൈൻ, ഓഡിയോ പ്രൊഡക്ഷൻ സംബന്ധിച്ച കോഴ്‌സുകൾ ലഭ്യമാണ്. ഡിജെയിങ്ങിന് ലോക പ്രശസ്തമായ പോയിന്റ് ബ്ളാങ്ക്‌ മ്യൂസിക് സ്കൂൾ മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഒത്തിരി ഓൺലൈൻ കോഴ്‌സുകളും ലഭ്യമാണ്. ആർമിൻ വാൻ ബ്യുറൻ, ഡെഡ്മൗസ് മുതലായ മ്യൂസിക് പ്രൊഡക്ഷൻ / ഡി.ജെ. മേഖലയിലെ പ്രമുഖരുടെ മാസ്റ്റർ ക്ലാസ്സുകളും ഉപയോഗിക്കാവുന്നതാണ്.

6 ഡി തിയറ്ററുകളുടെ കാലത്തേക്ക് നാം കടക്കുമ്പോൾ ഈ ടെക്‌നിക്കൽ വിഭാഗത്തിലെ പ്രവർത്തനങ്ങൾക്കും പ്രാധാന്യമേറുകയാണ്. ലോകസിനിമാ നിലവാരത്തിലേക്ക് ഇന്ത്യൻ സിനിമയെ ഉയർത്തുന്നത്തിൽ അവരുടെ പങ്ക് വലുതാണ്.

Leave a Reply