മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന് ദേശീയ പെട്രോ കെമിക്കല്‍ അവാര്‍ഡ്. അവിനാശ് ആര്‍. പൈയുടെ പി.എച്ച്.ഡി കോഴ്സിന്‍റെ ഭാഗമായുള്ള പഠനമാണ് ഗ്രീന്‍ പോളിമെറിക് മെറ്റീരിയല്‍ ആന്‍റ് പ്രോഡക്ട് വിഭാഗത്തില്‍ നൂതന ആശയത്തിനുള്ള പുരസ്കാരത്തിന് അര്‍ഹമായത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബയില്‍നിന്ന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം അവിനാശ് ആര്‍. പൈ ഏറ്റുവാങ്ങി.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നുള്ള അധിക വൈദ്യുത കാന്തിക തരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഷീല്‍ഡിംഗ് ആണ് ഇവര്‍ കണ്ടെത്തിയത്. സസ്യങ്ങളിലെ സെല്ലുലോസ് നാനോ ഫൈബറുകള്‍ ഉപയോഗിച്ചാണ് ഈ ഷീല്‍ഡിംഗ് തയ്യാറാക്കുന്നത്. നിലവില്‍ വൈദ്യുത കാന്തിക മലിനീകരണം തടയുന്നതിന് ഉപയോഗിച്ചുവരുന്ന ലോഹ, പ്ലാസ്റ്റിക് ഷീല്‍ഡുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ്. അതുകൊണ്ടുതന്നെ പുതിയ കണ്ടുപിടുത്തത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.

ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ ന്യൂട്ടന്‍ ഭാഭ പി.എച്ച് ഡി ഫെലോഷിപ്പ് ജേതാവായ അവിനാശ് ആര്‍. പൈ ഇതേ വിഷയത്തില്‍ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റര്‍ സര്‍വകലാശലയില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. 6ജി മൊബെല്‍ നെറ്റ് വര്‍ക്കുകള്‍ യാഥാര്‍ത്ഥമാകുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന വൈദ്യുത കാന്തിക മലിനീകരണം ഫലപ്രദമായി തടയുന്നതിന് സഹായകമായ ഷീല്‍ഡുകള്‍ വികസിപ്പിക്കുന്നതിനുള്ള പഠനം നടത്തിവരികയാണെന്ന് അവിനാശ് പറഞ്ഞു.(പി.ആർ.ഒ./39/1441/2022)