നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് അഞ്ചു നിമിഷങ്ങളാണ്. വെറും അഞ്ചേ അഞ്ച് സെക്കന്‍ഡുകള്‍! നിങ്ങള്‍ യാചകന്‍ ആകുമോ, അതോ ശതകോടീശ്വരന്‍ ആകുമോ, ലോക പ്രശസ്ത കലാകാരന്‍ ആകുമോ, സ്വപ്നം കണ്ട ജീവിതം കെട്ടിപ്പടുത്തവന്‍ ആകുമോ, ജോലിയിലും ജീവിതത്തിലും ആഗ്രഹിച്ചതൊക്കെ കൈപ്പിടിയിലൊതുക്കുമോ, അതോ തോല്‍വികളുടെ കണക്കെടുത്ത് അസംതൃപ്തമായ ജീവിതം ജീവിച്ചു തീര്‍ക്കുമോ എന്നെല്ലാം തീരുമാനിക്കുന്നത് വെറും 5 നിമിഷങ്ങളാണ്. എങ്ങനെയെന്നല്ലേ? പറയാം.

ഏതു വലിയ കാര്യങ്ങളും ആദ്യം സംഭവിക്കുന്നത് നമ്മുടെ ചിന്തയിലാണ്. പിന്നീടത് ആഗ്രഹമായും ആവേശമായും ലക്ഷ്യമായും മാറുന്നു. ഇവിടെ വരെ എല്ലാവരുടെയും പാത ഒരുപോലെ ഒരുപോലെ ആയിരിക്കും. ഇനിയാണ് വിജയത്തിലേക്കുള്ള അടുത്തപടി; ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നിരന്തര പരിശ്രമം. ഇവിടെയാണ് നമ്മളില്‍ പലര്‍ക്കും കാലിടറുന്നത്.

മികച്ച സ്വപ്നങ്ങള്‍ നമുക്കുണ്ടാകും. അത് സാക്ഷാത്കരിക്കാനുള്ള അദമ്യമായ ആഗ്രഹമുണ്ടാകും. എന്തിന് അവ സംഭവിക്കുന്നതായി സ്വപ്നം പോലും കണ്ടു കളയും. പക്ഷേ എത്ര ശ്രമിച്ചിട്ടും ആഗ്രഹത്തിന് വേണ്ടി നിരന്തരം പരിശ്രമിക്കാന്‍ എന്തോ ഒരു കുറവുള്ള പോലെ! ഒരു പ്രചോദനക്കുറവ്. അങ്ങനെ അതിനുവേണ്ടി നാം ചെയ്യേണ്ട കാര്യങ്ങള്‍ പിന്നീടത്തേക്കു മാറ്റിവെച്ചു കൊണ്ടേയിരിക്കും.

വിജയശ്രീലാളിതരെന്ന് നാം വിശേഷിപ്പിക്കുന്നവര്‍ ഇത്തരത്തില്‍ ചെയ്യേണ്ട ജോലി നീട്ടിവെക്കാത്തവരായിരിക്കും. അല്ലെങ്കില്‍ ന്യായീകരണം കണ്ടെത്താന്‍ മടി ഉള്ളവരായിരിക്കും. ചിട്ടയോടെ ചെയ്താല്‍ എന്തും സാധ്യമാകുമെന്ന് അവര്‍ പറയുമ്പോള്‍ ചിട്ടയില്ലായ്മ ഓര്‍ത്ത് നമുക്ക് നമ്മളോട് തന്നെ പുച്ഛം വരും. പൊണ്ണത്തടിയും കുടവയറും കുറച്ച് ആകര്‍ഷകമായ ശരീരം ആക്കി മാറ്റാന്‍ നാം ചിലപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ അതിനുവേണ്ടി നാളെ മുതല്‍ തന്നെ വ്യായാമം ചെയ്യുമെന്ന് ഉറപ്പിച്ചാലും അടുത്ത ദിവസം ആകുമ്പോള്‍ എന്തെങ്കിലും കാരണത്താല്‍ അത് ചെയ്യാതെ ആകും. അങ്ങനെ അത് നീണ്ടുപോവുകയും ചെയ്യും.

ഇങ്ങനെ പഠനത്തിന്റെ് കാര്യത്തിലും ജോലിയുടെ കാര്യത്തിലും തുടങ്ങി ഏതുകാര്യത്തിലും ഇതായിരിക്കും അവസ്ഥ! അങ്ങനെ താന്‍ ആഗ്രഹിച്ചത് ചെയ്യാതാകുമ്പോള്‍ നമുക്ക് നമ്മളോട് തന്നെ ബഹുമാനകുറവ് തോന്നും. പുതിയ ശീലം ആരംഭിക്കാന്‍ ഒരു എന്തോ ഒരു പ്രചോദന കുറവ് ഉള്ളതായി നമ്മള്‍ സുഹൃത്തുക്കളോട് പരാതിപറയും.

ഇത് നിങ്ങളുടെ തെറ്റല്ല. നമ്മുടെ തലച്ചോര്‍ നമ്മെ സുഖകരമായ അവസ്ഥയില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന് തരത്തില്‍ രൂപപ്പെട്ടതാണ്. ഒരുതരത്തിലുള്ള വെല്ലുവിളികള്‍ക്കും അപകടങ്ങളിലേക്കും പോകാന്‍ തലച്ചോറ് നമ്മെ അനുവദിക്കില്ല. നിങ്ങളെ വേദനിപ്പിക്കുന്ന ഒരു കാര്യം ചെയ്യാനോ നിങ്ങളുടെ സുഖത്തിന് കോട്ടം തട്ടുന്ന എന്തെങ്കിലും ചെയ്യാനോ അനിശ്ചിതത്വം ഉള്ളതോ ബുദ്ധിമുട്ടേറിയതോ ആയ കാര്യം ചെയ്യാന്‍ തലച്ചോറ് അനുവദിക്കില്ല.

നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പുതുതായി ആരംഭിക്കുന്ന ശ്രമങ്ങള്‍ ബുദ്ധിമുട്ടുള്ളതായിരിക്കും. സുഖകരമായ ആലസ്യത്തില്‍നിന്ന് നിങ്ങളെ പിടിച്ചെണീപ്പിക്കുന്നതായിരിക്കും. വിജയിക്കുമോ എന്ന് ഉറപ്പില്ലാത്ത ആയിരിക്കും. നിങ്ങള്‍ അവ ചെയ്യണമെന്ന ഉറച്ച തീരുമാനം എടുക്കുമ്പോഴും എന്തുവിലകൊടുത്തും നിങ്ങളെ ‘സുഖകരമല്ലാത്ത’ അവസ്ഥയില്‍നിന്നും തിരികെ ‘സമാധാനത്തിലേക്ക്’ കൊണ്ടുവരാന്‍ തലച്ചോര്‍ ശ്രമിച്ചുകൊണ്ടിരിക്കും.

5 സെക്കന്‍ഡുകളുടെ പ്രാധാന്യം എവിടെയാണ്. നാളെ രാവിലെ അലാറം അടിക്കുമ്പോള്‍ നിങ്ങള്‍ എണ്ണി തുടങ്ങുക. 1…2..3…4…5.. നിങ്ങള്‍ ഒരു മിസൈല്‍ വിക്ഷേപിക്കുകയാണെന്ന് കരുതുക. അടുത്ത 5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മിസൈല്‍ കുതിച്ചുയരും. 5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങളാകുന്ന മിസൈല്‍ എഴുന്നേറ്റിരിക്കണം. അടുത്ത 5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങളുടെ ആശയം പ്രവര്‍ത്തി ആക്കി മാറ്റണം. ആദ്യത്തെ അഞ്ച് സെക്കന്റിന് നിങ്ങളെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. 5 സെക്കന്‍ഡുകള്‍ കഴിഞ്ഞാല്‍ തലച്ചോറ് വീണ്ടും നിങ്ങളെ പഴയ ‘സ്വസ്ഥതയിലേക്ക്’ നയിക്കും.

തലച്ചോറ് നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് 5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചെയ്യാനുള്ളത് എന്താണോ അത് ചെയ്തു തുടങ്ങിയിരിക്കണം. കാരണം ഓരോ മനുഷ്യനും 5 സെക്കന്‍ഡുകള്‍ വീതമുള്ള ഒരു കിളിവാതില്‍ ആണ്. പുറത്ത് അനന്തമായ സാധ്യതകള്‍ നിങ്ങളെ കാത്തിരിക്കുന്നു. അവയിലേക്ക് പറന്നുയരാനുള്ള നിങ്ങളുടെ വഴിയാണ് 5 സെക്കന്‍ഡ്. അത് ഉപയോഗപ്പെടുത്തുക. 20 ദിവസമെങ്കിലും ഒരു കാര്യം തുടര്‍ച്ചയായി ചെയ്യുന്നുവെങ്കില്‍ അത് നമ്മുടെ ശീലമാകും. പരിശ്രമം ശീലമാകട്ടെ. അത് ആവര്‍ത്തിക്കുക.

ഓരോ സമയത്തും നമുക്കുമുന്നില്‍ ഇത്തരം 5 സെക്കന്‍ഡ് പഴുതുകളുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്നത് 5 സെക്കന്‍ഡുകള്‍ കൊണ്ട് തീരുമാനിച്ച് ആരംഭിക്കുക. കാരണം ലക്ഷ്യത്തിലേക്കുള്ള പരിശ്രമവും ആരംഭിക്കുക എന്നതാണ് ഏറ്റവും വലിയ പ്രചോദനം. തീരുമാനമെടുക്കുന്നതിന് 5 സെക്കന്‍ഡ് നിയമത്തിന്റെ ശക്തി മനസ്സിലായാല്‍ പിന്നെ ഒന്നിനും നിങ്ങളെ പുറകോട്ട് വലിക്കാന്‍ സാധിക്കില്ല. ശ്രമമാരംഭിക്കൂ, ഇപ്പോള്‍ തന്നെ 5..4..3..2..1…

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!