സിനിമകളും ഡോകുമെന്ററികളും മുതൽ സീരിയലുകളും ഹ്രസ്വചിത്രങ്ങളും വരെ, കലാപരമായ ആവിഷ്കാരങ്ങൾക്ക് പ്രതിദിനം പ്രാധാന്യവും പ്രചാരവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ വീഡിയോ പ്രൊഡക്ഷൻ സർവ്വവ്യാപിയാകുമ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ ആ പ്രോജെക്ടിലെ ഏറ്റവുമധികം നിർണ്ണായകമായ ഒരു ജോലി നിർവഹിക്കുന്ന വ്യക്തിയുണ്ട്  – വീഡിയോ എഡിറ്റർ. ഡയറക്ടറുടെ വീക്ഷണത്തിൽ ക്യാമറമാൻ പകർത്തിയ ഷോട്ടുകളുടെ സാഗരത്തിൽ നിന്നും ഒരു അർഥവത്തായ ഒരു നറേറ്റിവ്‌ അഥവാ ആഖ്യാനം രൂപപ്പെടുത്തിയെടുക്കുന്നത് പലപ്പൊഴും ഒരു എഡിറ്റർ ആണ്.

ക്ഷണം തോറും വളരുന്ന, പരിണമിക്കുന്ന എന്റർടെയ്ൻമെന്റ് ശാഖയിൽ മാത്രമല്ലാ, വാർത്താമാധ്യമങ്ങളുടെയും മാറുന്ന മാധ്യമപ്രവർത്തനത്തിന്റെയും ഒരു അവിഭാജ്യ ഘടകമാണ് വീഡിയോ എഡിറ്റർ. ഷൂട്ട് ചെയ്ത എല്ലാ ഷോട്ടുകളെയും അതിലെ ശബ്ദങ്ങളേയുമെല്ലാം ആഴത്തിൽ വിശകലനം ചെയ്ത്, അതിലെ ഏറ്റവും പ്രസക്തവും മികച്ചതുമായ ഭാഗങ്ങൾ തിരഞ്ഞെടുത്ത്, മറ്റ് ഭാഗങ്ങൾ വെട്ടിച്ചുരുക്കി, അഭികാമ്യവും അനുയോജ്യവുമായ ക്രമത്തിലാക്കി, ഒരു പൂർണ്ണതയിലേക്ക് എത്തിക്കുന്നത് ഒരു എഡിറ്റർ അഥവാ ചിത്രസംയോജനകനാണ്.

ഷൂട്ടിങ് സമയത്ത്‌ മികച്ചതായി തോന്നുന്ന ഷോട്ടുകൾ കളയേണ്ടി വരുന്നതും അപ്പോൾ മികവ് കുറഞ്ഞതായി തോന്നിയ ഷോട്ടുകൾക്ക് അതിന് അനുയോജ്യമായ സ്ഥാനക്രമം, പശ്ചാത്തലം, വേഗം, പ്രസക്തി എന്നിവ കൈവന്ന് അതിനു ചേർന്നതായ കളറിങ്ങും ട്രാൻസിഷനുകളും നൽകുമ്പോൾ അവയ്ക്ക് പുതുജീവൻ ലഭിക്കുന്നതും എല്ലാ എഡിറ്റർമാരും കാണുന്ന ഒരു കാഴ്ചയാണ്. പലപ്പോഴും, പ്രത്യേകിച്ച് എക്സ്‌പെരിമന്റൽ സിനിമാ ശാഖയിൽ ഉപയോഗിക്കുന്ന നോൺ ലീനിയർ ആഖ്യാന രീതിയിൽ, ചിത്രത്തിന്റെ ഗതിയും ക്രമവും ആയതിനാൽ തന്നെ കഥയുടെ ആവിഷ്കാരവും ആ ദൃശ്യാനുഭവത്തിന്റെ സ്വഭാവവും വരെ തീരുമാനിക്കപെടുന്നത് വീഡിയോ എഡിറ്ററുടെ ഡെസ്കിലാണ്.

കല്യാണ – ഇവന്റ് വീഡിയോഗ്രാഫിക്കും വരെ ആവശ്യക്കാർ കൂടുന്ന ഈ സാഹചര്യത്തിൽ എഡിറ്റർമാർ വളരെ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. ഫൈനൽ കട്ട് പ്രോ, അഡോബി പ്രീമിയർ എന്നിവയാണ് പ്രമുഖ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ.

എം.എഫ്.എ. ഇൻ മീഡിയ ഡിസൈൻ, ബി.എസ്. ഇൻ ഡിജിറ്റൽ സിനിമട്ടൊഗ്രാഫി, മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ഫിലിം ആൻഡ് ടിവി എന്നിവയാണ് വീഡിയോ എഡിറ്റിങ് താത്പര്യപ്പെടുന്നവർ തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ. വാർത്താ മാധ്യമ മേഖലയിലേക്ക് തിരിയുവാനായി വീഡിയോ എഡിറ്റിങ് ഉൾപ്പെടുന്ന ജേർണലിസം കോഴ്സുകളും തിരഞ്ഞെടുക്കാം. പൂണെയിലെ എഫ്.ടി.ഐ.ഐ., കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ വിസ്‌ലിംഗ് വൂഡ്‌സ് ഇന്റർനാഷനൽ, നോയിഡയിലെ ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ എന്നിവയാണ് ഏറ്റവും പ്രശസ്തമായ വീഡിയോ എഡിറ്റിങ് കോഴ്‌സുകൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!