Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

സാമൂഹ്യ ശാസ്ത്രത്തിന്റെ ഒരു ഉപ വിഭാഗമായ ഡെമോഗ്രാഫി, ഗവേഷണ തലം വരെയുള്ള പഠന സൗകര്യങ്ങളുള്ള ഒരു മേഖലയായി വികസിച്ചിട്ടുണ്ടിപ്പോൾ. ജനന മരണ നിരക്ക്, കുടിയേറ്റം, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, വിവിധ ജന സമൂഹങ്ങളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ, അത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആഴത്തിലുള്ള പഠനം നടത്തുന്നവരാണ് ഡെമോഗ്രാഫേഴ്സ്.

ഒരു ക്ഷേമ രാഷ്ട്രത്തിന്  അതിന്റെ നയ രൂപീകരണത്തിന്  ജന സംഖ്യാ പഠനം അത്യന്താപേക്ഷികമാണ്.  ആയതിനാൽ തന്നെ ഈ ശാസ്ത്ര ശാഖ വളരെയധികം വികാസം പ്രാപിച്ചയൊന്നാണ്. ഗവേഷണോന്മുഖ പഠനത്തിന് താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന വിഷയമാണിത്.  ആന്ത്രപ്പോളജിക്കൽ ഡെമോഗ്രാഫി, ബയോ ഡെമോഗ്രാഫി, ഇക്കണോമിക് ഡെമോഗ്രാഫി, ഹിസ്റ്റോറിക്കൽ ഡെമോഗ്രാഫി, ഇന്റർ നാഷണൽ ഡെമോഗ്രാഫി, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡെമോഗ്രാഫി, ഫെർട്ടിലിറ്റി ആൻഡ് ഫാമിലി പ്ലാനിങ്ങ്, ഡെമോഗ്രാഫിക് മൈക്രോ സിമുലേഷൻ, ഡെമോഗ്രാഫിക് ഫോർകാസ്റ്റിങ്ങ്, ഫോർമൽ ഡെമോഗ്രാഫി, പോപ്പുലേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് തുടങ്ങി സ്പെഷ്യലൈസ് ചെയ്യാവുന്ന മേഖലകൾ നിരവധിയാണ്.

പഠന സൗകര്യങ്ങളും കോഴ്സുകളും

സാമൂഹിക ശാസ്ത്രത്തിലോ അനുബന്ധ വിഷയങ്ങളിലോ ഡിഗ്രിയെടുത്തവർക്ക് ഡെമോഗ്രാഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ എം എ ക്ക് ചേരാം.  ചില സ്ഥാപനങ്ങളിൽ ഏതു വിഷയത്തിലും ഡിഗ്രിയെടുത്തവർക്കും പ്രവേശനമുണ്ട്.  തുടർന്ന് എം ഫിലിനോ പി എച്ച് ഡിക്കോ ചേരാം.

ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് കൽപ്പിത സർവകലാശാല പദവിയുള്ള മുംബൈയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് (IIPS).  പോപ്പുലേഷൻ സയൻസിൽ ബിരുദാനന്തര ബിരുദങ്ങൾക്കും എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങൾക്കും ഇവിടെ അവസരമുണ്ട്. ഹ്രസ്വ കാല കോഴ്സുകളുമുണ്ട്. വിദേശ വിദ്യാർഥികൾ ധാരാളം പഠിക്കുന്ന സ്ഥാപനമാണിത്. വിശദ വിവരങ്ങൾക്ക് www.iipsindia.org/about.htm.

കേരളാ യൂണിവേഴ്സിറ്റിയുടെ (www.keralauniversity.ac.in) എം എസ് സി പ്രോഗ്രാമിന്  ഗണിതത്തിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദമെടുത്തവർക്കാണ് അവസരം. ചെന്നൈയിലെ അണ്ണാമല യൂണിവേഴ്സിറ്റി (www.annamalaiuniversity.ac.in/) ഡെമോഗ്രാഫിയിൽ പി ജി ഡിപ്ലോമാ കോഴ്സ് നടത്തുന്നുണ്ട്. ഡിഗ്രി യോഗ്യതയായുള്ള ഈ കോഴ്സിന്റെ  കാലാവധി ഒരു വർഷമാണ്. ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ (www.b-u.ac.in) ഡിപ്പാർട്ട്മെന്റ് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിൽ എം എ, എം ഫിൽ, പി എച്ച് ഡി എന്നീ കോഴ്സുകളുണ്ട്.  ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ പി എച്ച് ഡിക്ക് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mids.ac.in/aboutus.htm.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ 18 പോപ്പുലേഷൻ റിസേർച്ച് സെന്ററുകൾ ഗവേഷണത്തിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായുണ്ട്.  വിശദ വിവരങ്ങൾക്ക് www.ihs.org.in/PopulationResearch.htm.

ഗവേഷണ പഠനത്തിനായി ആശ്രയിക്കാവുന്ന മറ്റൊരു പ്രശസ്ത സ്ഥാപനമാണ് ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയിഞ്ച് (www.isec.ac.in/). തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസും (www.cds.edu/) ഗവേഷണ പഠനങ്ങൾക്കായുള്ള പ്രശസ്തമായ സ്ഥാപനമാണ്.

തൊഴിൽ സാധ്യതകൾ

ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും ഏറെ തൊഴിൽ സാധ്യതയുള്ള വിഷയമാണ്  ഡെമോഗ്രാഫി.  പൊതു മേഖലയിലും സ്വകാര്യ മേഖലയിലും അവസരങ്ങളുണ്ട്.  അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകളും ഏറെയാണ്.  ഇൻഷുറൻസ് സ്ഥാപനങ്ങളിലും കേന്ദ്ര സർവീസുകളിലും ഡെമോഗ്രാഫേഴ്സിനെ ആവശ്യമുണ്ട്. വിവിധ കമ്പനികൾക്കായുള്ള മാർക്കറ്റ് സ്റ്റഡിയും അനാലിസിസും നടത്തുന്ന സ്ഥാപനങ്ങളിലും ഡെമോഗ്രാഫേഴ്സിന്റെ  സേവനം അത്യന്താപേക്ഷിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!