ജന്മദിന പാർട്ടികൾ മുതൽ കല്യാണങ്ങൾ വരെ, ഉത്സവങ്ങൾ മുതൽ കോളേജ് ഫെസ്റ്റുകൾ വരെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എത്തിപ്പെടാത്തതായി ഒന്നുമില്ല എന്നു തന്നെ പറയാം. ഓരോ ചെറിയ ഇവന്റിനെയും വിജയകരമാക്കുന്നതിൽ ഇവന്റ് മാനേജർക്ക് ഒരു വലിയ പങ്കുണ്ട്. ഇവന്റിലെ ഓരോ ഭാഗവും നടക്കുന്നത് ഇവന്റ് മാനേജരുടെ മേൽനോട്ടത്തിലും തീരുമാനത്തിൻമേലും ആയിരിക്കും. ഒരു ടിവിയെ അതിന്റെ റിമോട്ട് എന്നത് പോലെ, ആ പ്രോഗ്രാം ആദ്യാവസാനം നിയന്ത്രിച്ച്, ഓരോ സംഘങ്ങളെയും കോർത്തിണക്കി ഒത്തുചേർത്ത്, അതിനെ ഭംഗിയായി പൂർത്തിയാക്കുക എന്നതാണ് ഒരു ഇവന്റ് മാനേജ്‌മെന്റിന്റെ ജോലി.
പ്രതിദിനം ഇവന്റുകളുടെ എണ്ണം കൂടുകയാണ്. അവാർഡ് നൈറ്റുകൾ, ആനിവേഴ്‌സറി ആഘോഷങ്ങൾ, അനുമോദന ചടങ്ങുകൾ, അങ്ങനെ നീളുന്നു ആ നിര. ഇതൊക്കെ ഓർഗനൈസ് ചെയ്തു കൊണ്ടുപോകുക എന്നത് അത്ര എളുപ്പമല്ല. അപ്പോഴാണ് പലപ്പോഴും ആ ഇവന്റ് സംഘാടകർ, മാനേജ്മെന്റ് കമ്പനികളുടെ സഹായം തേടുന്നത്.
ആവശ്യക്കാരനെ കൺസൾട്ട് ചെയ്ത്, പ്ലാൻ ചെയ്ത്, അതിന്റെ ഡിസൈൻ തയ്യാറാക്കി, എല്ല ടീമുകളെയും സജ്ജമാക്കി, തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, ഇവന്റ് കോർഡിനേറ്റ് ചെയ്ത് പൂർത്തിയാക്കുക – ഇതാണ് ചെയ്യേണ്ടതായ ജോലി. മികച്ച ഓർഗനൈസിങ് കഴിവുകൾ, ആശയ വിനിമയത്തിലുള്ള മികവ്, കാര്യങ്ങൾ മാനേജ് ചെയ്യാനും സ്വാധീനപരമായി കാര്യങ്ങൾ അവതരിപ്പിക്കാനുമുള്ള കെൽപ്പ്, എന്നിവയുണ്ടെങ്കിൽ തീർച്ചയായും ഇതൊരു നല്ല കരിയർ ആക്കി മാറ്റാവുന്നതാണ്.
ഡിപ്ലോമ കോഴ്സ് ഇൻ ഇവന്റ് മാനേജ്‌മെന്റ് (ഡി.ഈ.എം.), പി.ജി. ഡിപ്ലോമ കോഴ്സ് ഇൻ ഇവന്റ് മാനേജ്‌മെന്റ് (പി.ജി.ഡി.ഈ.എം.), എം.ബി.എ. ഇവന്റ് മാനേജ്‌മെന്റ്, പി.ജി. ഡിപ്ലോമ ഇൻ ഇവന്റ് മാനേജ്‌മെന്റ് ആൻഡ് ആക്ടിവേഷൻ എന്നിവയാണ് തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ. നാഷണൽ അക്കാദമി ഓഫ് ഇവന്റ് മാനേജ്‌മെന്റ് ആൻഡ് ഡവലപ്പ്മെന്റ് എൻ.എ.ഈ.എം.ഡി. (അഹമ്മദാബാദ്, മുംബൈ, ഡൽഹി, ജയ്പുര്‍), മുംബൈയിലെ ഇവന്റ് മാനേജ്മെന്റ് ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹിയിലെ അമിറ്റി യൂണിവേഴ്സിറ്റി ഓഫ് ഇവന്റ് മാനേജ്‌മെന്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്റ് മാനേജ്‌മെന്റ് (മുംബൈ, അഹമ്മദാബാദ്, കൊലാപൂർ, പുണെ, ഒഡിഷ, ജോധ്പുർ) എന്നിവയാണ് പ്രമുഖ ഇവന്റ് മാനേജ്മെന്റ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള കോളേജുകൾ.
കോഴ്‌സുകൾ ചെയ്തതിന് ശേഷം ഒരു കമ്പനിയുടെ ഭാഗമാകുകയോ, പുതിയൊരു കമ്പനി തുടങ്ങി ടീമിനെ ഉണ്ടാകുകയോ ചെയ്യാം. കാര്യപ്രാപ്തി, പൂർത്തിയാക്കുമെന്ന ഉറപ്പ്, റേറ്റ് എന്നിവയാണ് ഒരു കമ്പനിയുടെ വിജയം തീരുമാനിക്കുന്നത്.