ബാഹുബലി എന്ന ചിത്രത്തെ ബാഹുബലി ആക്കിയതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചവരാണ് ശങ്കർ സിങ്, ടിം ഒ’കോണൽ, സെലിൻ ബർണാഡ് എന്നിവർ. ചിത്രത്തിലെ ഫോളി ആർട്ടിസ്റ്റുകളാണിവർ. സിനിമയുടെ കാഴ്ച്ചക്കാരും കേൾവിക്കാരും പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു കൂട്ടം ശബ്ദ വിദഗ്ധരാണ് ഫോളി ആർട്ടിസ്റ്റുകൾ – എന്നാൽ അതു തന്നെയാണ് അവരുടെ വിജയവും. സൗണ്ട് ഇഫക്ട്സ് എന്നതിന്റെ ഒരു വിഭാഗമാണ് ഫോളിയിങ് എന്നു പറയാം. യൂണിവേഴ്സൽ സ്റ്റുഡിയോസിലെ സൗണ്ട് എൻജിനീയറായിരുന്ന ജാക്ക് ഡൊണാവൻ ഫോളിയുടെ പേരിൽ നിന്നാണ് ഈ നാമമുണ്ടായത്. ആദ്യകാല ഫോളി ആർട്ടിസ്റ്റുമായിരുന്ന അദ്ദേഹത്തിന്റെ ടെക്നിക്കുകളാണ് പലതും ഇപ്പോഴും ഉപയോഗിക്കുന്നത്.

നടത്തം, തുണിയുടെ ഉരസൽ, വാതിൽ അടയുന്ന ശബ്ദം, എന്നിങ്ങനെ തുടങ്ങി, ദൈനംദിന ജീവിതത്തിലേതായ ശബ്ദങ്ങൾ സിനിമയ്ക്കോ മറ്റു മാധ്യമങ്ങൾക്കോ വേണ്ടി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നതിനെയാണ് ഫോളിയിങ് എന്നു പറയുന്നത്. ഉദാഹരണത്തിന്, യുദ്ധ സിനിമകളിലെ വാൾ, പരിച മുതലായ ആയുധങ്ങൾ മിക്കവാറും പ്ലാസ്റ്റിക്കിലോ മറ്റോ നിർമ്മിച്ചതായിരിക്കും. അപ്പോൾ അതിനെ വാൾ ആയി തോന്നിപ്പിക്കണമെങ്കിൽ തോന്നിക്കും വിധമുള്ള സൗണ്ട് ഇഫക്ടുകൾ ഉപയോഗിക്കും. സ്റ്റണ്ട് ചിത്രീകരണത്തിലും ഇത് വളരെയധികം നിർണ്ണായകമാണ്.

പല സന്ദർഭങ്ങളിലും, ശബ്ദം റെക്കോർഡ് ചെയ്യുവാൻ അതേ വസ്തു ലഭിച്ചെന്ന് വരില്ല. ഉള്ള വസ്തുക്കൾ കൊണ്ട് ആവശ്യമായ ശബ്ദം ഉണ്ടാക്കിയെടുക്കുവാൻ ഒരു മികവുറ്റ ഫോളി ആർട്ടിസ്റ്റിന് സാധിക്കും. ബാഹുബലിയിലെ കാളയുടെ കുളമ്പടി ശബ്ദം തടിക്കഷണങ്ങൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മികച്ച കൈ-കൺ ഏകോപനം, ഡീറ്റെയ്ലിങ്ങിലുള്ള ശ്രദ്ധ, സർഗ്ഗാത്മകമായി ചിന്തിക്കുവാനുള്ള കഴിവ്, ക്ഷമ എന്നതിന്റെ കൂടെ ടൈമിങ് എന്നതാണ് സർവ്വാധികം ഒരു ഫോളി ആർട്ടിസ്റ്റിന് വേണ്ട കഴിവുകൾ. സൗണ്ട് റെക്കോർഡിങ്ങ്‌, ഒരോ തരം മൈക്കുകൾ അല്ലെങ്കിൽ മറ്റു ഹാർഡ്വെയറുകൾ എന്നിവയുടെ ഉപയോഗവും പ്രസക്തിയും, പോസ്റ്റ് പ്രൊഡക്ഷൻ, എന്നീ വിഷയങ്ങളിൽ ആഴമായ പരിജ്ഞാനവും അവബോധവും ഒരു കഴിവുറ്റ ഫോളി ആര്ടിസ്റ്റിന് ഉണ്ടാകും.

ബെർക്ലി കോളേജ് മുതൽ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സൗണ്ട് റെക്കോർഡിങ്ങ് ആൻഡ് ഡിസൈൻ നൽകുന്ന കോഴ്‌സിലും സിമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗണ്ട് ഡിസൈൻ കോഴ്‌സിലും വരെ ഫോളിയിങ് പ്രാക്ടിക്കലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!