ഇന്ത്യയുടെ തലസ്ഥാന നഗരം, കുത്തുബ് മിനാറും, ഇന്ത്യന്‍ ഗേറ്റും, ഹൂമയൂണ്‍ കുടീരം, മെഹ്‌റോളിയിലെ ഇരുമ്പ് തൂണ്‍, തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ പ്രകടമാക്കുന്ന ഡല്‍ഹി. മഹാഭാരത ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥ എന്നറിയപ്പെടുന്ന  ഡല്‍ഹി. ദഹ് ലി എന്ന പദത്തില്‍ നിന്നാണ് ഡല്‍ഹി എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു. ദഹ് ലി എന്നാല്‍ വാതില്‍പ്പടി എന്നാണര്‍ത്ഥം. ആരവല്ലി പര്‍വതത്തിനും യമുനാനദിക്കും ഇടയിലുള്ള ഡല്‍ഹി കടന്ന് വേണം ഗംഗാതടത്തിലേക്ക് പ്രവേശിക്കാന്‍. അതുകൊണ്ട് തന്നെ ഗംഗാതടത്തിലേക്കുള്ള വാതില്‍പ്പടിയാണ് ഡല്‍ഹി.

എ. ഡി. എട്ടാം നൂറ്റാണ്ടില്‍ നിന്നാണ് ഡല്‍ഹി ചരിത്രം പറഞ്ഞ് തുടങ്ങേണ്ടത്. അന്ന് രജപുത്ര വിഭാഗത്തില്‍പ്പെട്ട തോമര്‍മാരാണ് ഡല്‍ഹിയെ ആദ്യ തലസ്ഥാനമാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഡല്‍ഹിയുടെ നിയന്ത്രണം രജപുത്ര വിഭാഗത്തിലെ ചൗഹാന്‍മാര്‍ക്കായി. 1192-ല്‍ മുഹമ്മദ് ഗോറി ഡല്‍ഹി പിടിച്ചെടുത്തു. തുടര്‍ന്ന് സുല്‍ത്താന്‍മാരുടെയും മുഗളന്‍മാരുടേയും ബ്രിട്ടീഷുകാരുടെയും സ്വതന്ത്ര ഇന്ത്യയുടെയും തലസ്ഥാനമായി ഡല്‍ഹി.

1206 മുതല്‍ 1526 വരെയാണ് സുല്‍ത്താന്‍ ഭരണകാലം. ഈ കാലയളവില്‍ ഡല്‍ഹി തലസ്ഥാനമായി അഞ്ച് രാജവംശങ്ങള്‍ ഭരണം നടത്തി. അടിമ വംശം, ഖില്‍ജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധി വംശം എന്നിവ. 1526-ല്‍ ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ ബാബര്‍ പരാജയപ്പെടുത്തിയതേടെ മുഗള്‍ സാമ്രാജ്യം രൂപം കൊണ്ടു. ഹൂമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നിവരാണ് ബാബറിന് ശേഷം അധികാരത്തില്‍ വന്ന പ്രധാന മുഗള്‍ ചക്രവര്‍ത്തിമാര്‍.

1803-ല്‍ ബ്രിട്ടീഷുകാര്‍ ഡല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചു. മറാത്തകളുടെ ആക്രമണം തടയാന്‍ ബ്രിട്ടീഷുകാര്‍ മുഗള്‍ ചക്രവര്‍ത്തിക്ക് സൈനിക സഹായം നല്‍കി. 1803 സെപ്റ്റംബര്‍ 11-ന് മറാത്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഡല്‍ഹി ബ്രിട്ടീഷുകാരുടെ കൈയിലായി. ബ്രിട്ടീഷ് ആസ്ഥാനം കല്‍ക്കട്ടയിലായതിനാല്‍ മുഗള്‍ ചക്രവര്‍ത്തിയെ ചെങ്കോട്ടയില്‍ തുടരാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചു.

1857-ലെ കലാപത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഡല്‍ഹി. മീററ്റില്‍ നിന്ന് ‘ ദില്ലി ചലോ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി വിപ്ലവകാരികള്‍ 1857 മേയ് 11-ന് അതിരാവിലെ ഡല്‍ഹിയിലെത്തിയത്. ചെങ്കോട്ടയില്‍ എത്തിയ അവര്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷ രണ്ടാമനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. 1857 സെപ്റ്റംബറില്‍ ഡല്‍ഹി തിരിച്ചു പിടിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. ബഹദൂര്‍ഷ രണ്ടാമനെ തടവുകാരനായി പിടിച്ച്, ചെങ്കോട്ടയില്‍ വിചാരണ ചെയ്തു. തുടര്‍ന്ന് മ്യാന്‍മറിലേക്ക് നാടുകടത്തി. 1862 നവംബര്‍ ഏഴിന് മ്യാന്‍മറില്‍ ബഹദൂര്‍ഷ രണ്ടാമന്‍ അന്തരിച്ചു.

1911-ല്‍ ഡല്‍ഹി ബ്രിട്ടീഷ്  ഇന്ത്യയുടെ തലസ്ഥാനമായി. ഇന്ത്യയിലെത്തിയ ജോര്‍ജ് അഞ്ചാമന്റെയും ഭാര്യ മേരിയുടെയും ബഹുമാനാര്‍ത്ഥം നടത്തിയ ദര്‍ബാറിലായിരുന്നു ഡല്‍ഹിയെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം. റെയ്‌സിനകുന്ന് കേന്ദ്രീകരിച്ച് പത്ത് ചതുരശ്രമൈല്‍ പ്രദേശത്ത് നഗരം നിര്‍മിച്ചു. ക്ലാസിക്കല്‍ ഗ്രീക്ക് ശൈലിയും ഇന്ത്യന്‍ വാസ്തു നിര്‍മാണ ശൈലിയും സംയോജിപ്പിച്ചായിരുന്നു നിര്‍മാണം. ഹെര്‍ബര്‍ട്ട് ബേക്കര്‍, എഡ്വിന്‍ ല്യൂട്ടന്‍സ് എന്നിവരായിരുന്നു ശില്‍പികള്‍.

1947-ലെ ഇന്ത്യാ വിഭജനം ഡല്‍ഹിയെ പിടിച്ചുകുലുക്കി. അഞ്ച് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി. തിലക് നഗര്‍, ലജ്പത് നഗര്‍ എന്നീ കോളനികള്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു. അന്ന് ഡല്‍ഹി നേരിട്ട മറ്റൊരു വിപത്ത് വര്‍ഗീയ കലാപങ്ങളായിരുന്നു.

ഡല്‍ഹിയുടെ വിജ്ഞാനമേഖലയ്ക്ക് തുടക്കം കുറിച്ചത് 1792-ല്‍ സ്ഥാപിച്ച ഡല്‍ഹി കോളേജാണ്. ഉറുദു ഭാഷയുടെയും ശാസ്ത്ര- സാഹിത്യത്തിന്റെയും കാലമായിരുന്നു അത്. ‘ഡല്‍ഹി നവോത്ഥാനം’ എന്നാണ് ഈ മാറ്റം വിശേഷിപ്പിക്കപ്പെട്ടത്.

മുഗള്‍ പ്രഭു വര്‍ഗം ഡല്‍ഹിയില്‍ താമസിച്ചിരുന്ന വസതികളാണ് ഹവേലികള്‍. 19-ാം നൂറ്റാണ്ടുവരെ നൂറോളം ഹവേലികള്‍ ഡല്‍ഹിയിലുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹവേലികളുടെ സംരക്ഷണം ഇപ്പോള്‍ പുരാവസ്തുവകുപ്പിനാണ്. ഏഴ് നഗരങ്ങളുടെ നഗരമെന്നാണ് ഡല്‍ഹിയെ വിശേഷിപ്പിക്കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!