പാശ്ചാത്യ വൈദ്യശാസ്ത്രം ശരീരത്തിലെ ജീവശാസ്ത്ര-രസതന്ത്രശാസ്ത്ര ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഓറിയന്റൽ വൈദ്യശാസ്ത്രം ചി (qi) അഥവാ ശരീരത്തിൽ ഉള്ളതായി പറയുന്ന എനർജി അല്ലെങ്കിൽ ഊർജ്ജത്തിന്റെ പ്രവാഹത്തെ കേന്ദ്രീകരിക്കുന്നു. ഓറിയന്റൽ ശാഖയുടെ ഒരു സുപ്രധാന ഘടകമാണ് അക്യൂപഞ്ചർ. ഈ ഉർജ്ജപ്രവാഹം ഉളവാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പാശ്ചാത്യ ശാഖയിൽ കാണാത്തവയാണ്. അതിൽ ഏറ്റവും പ്രധാനം സൂചികളാണ്. പല തരത്തിലുള്ള കപ്പുകളും, ചെറുതോതിലുള്ള വൈദ്യുതിയും ഒക്കെ ഉപയോഗിക്കാറുണ്ട്.

ശരീരത്തിൽ ഓരോ മീഡിയനുകൾ അഥവാ കേന്ദ്രബിന്ദുക്കളിലൂടെ ഊർജ്ജം സഞ്ചരിക്കുന്നു എന്നതാണ് ഇതിന്റെ മൂലഘടകം. എന്നാൽ ഹൈപ്പർടെൻഷൻ, ശാരീരിക-മാനസിക സമ്മർദം എന്നിവയൊക്കെ കൊണ്ട് ശരീരം അസന്തുലിതമാകുന്ന അവസ്ഥ വരുന്നു. അങ്ങനെ വരുമ്പോൾ, ഈ ബിന്ദുക്കളിലൂടെ വൈദ്യ പ്രയോഗങ്ങൾ നടത്തി, ശരീരത്തെ പരിപാലിച്ച്, സ്വയം സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ പ്രാപ്തമാക്കുക എന്നതാണ് അക്യൂപഞ്ചറിന്റെ ലക്ഷ്യം.

ക്ഷമയും, പ്രയത്നിക്കുവാനുള്ള മനസ്സും, ഈ ശാസ്ത്രശാഖയോട് താത്പര്യവുമുള്ള ഒരു വ്യക്തിക്ക് അത്യുത്തമമാണ് ഈ കരിയർ. സാധാരണയായി 30 തൊട്ട് 60 മിനിറ്റു വരെ നീളുന്ന സെഷനുകളിൽ പരിചരിച്ച്, അവരുമായി നല്ലൊരു ആശയവിനിമയം രൂപപ്പെടുത്തി, ട്രീറ്റ്‌മെന്റ് നടത്തി, അതിന്റെ റെക്കോർഡുകൾ സൂക്ഷിച്ച് ശാരീരികമായും മാനസികമായും സുഖാവസ്ഥയിൽ എത്തിക്കുക എന്നതാണ് ഒരു അക്യൂപഞ്ചറിസ്റ്റ് ചെയ്യേണ്ടത്.

വ്യത്യസ്തമായ ഒരു വൈദ്യശാസ്ത്ര മേഖലയാണിത്. പല കോഴ്‌സുകളുടെയും ഭാഗമായി അക്യൂപഞ്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് അക്യൂപഞ്ചർ സയൻസിന്റെ അംഗീഗ്രത സ്ഥാപനങ്ങളായ തമിഴ്നാട് വിനായക മിഷൻ യൂണിവേഴ്‌സിറ്റിയിൽ 10+2 കഴിഞ്ഞവർക്ക് ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും, കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇഗ്നോയും ഇപ്പോൾ അക്യുപഞ്ചർ ഡിപ്ലോമ കോഴ്സ് തുടങ്ങിയിട്ടുണ്ട്.

പഠനത്തിന് ശേഷം സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങിയോ, അല്ലെങ്കിൽ മറ്റു ഓറിയന്റൽ ശാസ്ത്രശാഖകൾ അഭ്യസിക്കുന്നവരുമായി ചേർന്നോ പ്രവർത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!