സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്ടോബര്‍ നാലിന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലെ 78 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്‌സി പുറപ്പെടുവിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാര്‍ക്കും അവരുടെ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുളളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാം.

കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങള്‍ ഇതിനായി സര്‍വീസ് നടത്തും. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇത് ഉറപ്പാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശനം നല്‍കും. കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമെ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കുകയുള്ളൂ.

പരീക്ഷാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇന്‍വിജിലേറ്ററെ വിവരം അറിയിക്കണം. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല. എല്ലാ പരീക്ഷാര്‍ത്ഥികളും മുഖാവരണം നിര്‍ബന്ധമായി ധരിച്ചിരിക്കണം. തിരിച്ചറിയലിനായി ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. ചെറിയ ബോട്ടില്‍ സാനിറ്റൈസര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് കൈയില്‍ കരുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!