എഴുപതുകളിലെ അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച ഒരു കലാരൂപമെന്നതിലുപരി, ഒരു സംസ്കാരമാണ് ഹിപ്പ് ഹോപ്പ്. കൂടുതലായും അമേരിക്കയിലെ ആഫ്രിക്കൻ വംശജരിൽ നിന്നാണ് ഇതിന്റെ ജനനം, റാപ്പിങ്, ബ്രേക്ക് ഡാൻസ് നൃത്തം, ഡീജെയിങ്, ഗ്രാഫിറ്റി വര എന്നിവയെല്ലാം ആ സംസ്കാരത്തിന്റെ അവിഭാജ്യങ്ങളായ ഘടകങ്ങളാണ്. ലോകത്തിലെ തന്നെ സ്വാധീനശക്തിയുള്ള സംഗീത ശാഖയായി ഹിപ്പ് ഹോപ്പ് മാറിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു.
റാക്കിം, നോട്ടോറിയസ് ബിഗ്, ഡോ. ഡ്രെ, സ്‌നൂപ് ഡോഗ് എന്നിവരിൽ തുടങ്ങി എമിനം, കാന്യെ വെസ്റ്റ്, കെൻഡ്രിക് ലമാർ, ജയ് സീ എന്നിവർ വരെയുള്ള കലാകാരന്മാരുടെ നീണ്ട നിര ഇന്ന് ലോകത്തിന്റെ യുവത്വത്തിന് പരിചിതരാണ്. രാഷ്ട്രീയം, കലാപം, വിപ്ലവം, സാമ്പത്തികശാസ്ത്രം, ആഗോളവത്കരണം, സ്ത്രീ ശാക്തീകരണം, ആക്ടിവിസം ഇങ്ങനെ തുടങ്ങി വിവിധ വിഷയങ്ങളിൽ അഗാധമായ ജ്ഞാനം ഉൾകൊള്ളുന്ന, എന്നാൽ അതേ സമയം സ്വന്തം ജീവിതത്തിലെ കടമ്പകൾ, സംഘർഷങ്ങൾ എന്നിവയെപ്പറ്റിയും പരാമർശിക്കുന്ന ഈ സംഗീത ശാഖ പഠന വിഷയമാക്കുന്നത് വളരെയധികം ഉത്തമമാണ്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംസ്കാരമാണിത്.
ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റി ഇതിനെ വിഷയമാക്കിയിരിക്കുന്നു എന്നത് അറിഞ്ഞു കാണുമല്ലോ? അതെ, യൂണിവേഴ്സിസ്റ്റി ഓഫ് മുംബൈയിലെ ഡിപ്പാർട്ടമെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ഹിപ്പ് ഹോപ്പ് സ്റ്റഡീസിൽ സർട്ടിഫിക്കറ്റ് കോഴ്സ് നൽകുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളിലെ കോഴ്‌സുകളുടെ പാത പിന്തുടർന്നാണ് ഇത്. വൈകാതെ തന്നെ വിഷയത്തിൽ ഒരു ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ എന്നത് രാജ്യത്തെ ഹിപ്പ് ഹിപ്പ് ആരാധകർക്കും കലാകാരന്മാർക്കും സാധ്യതകളുടെ ഒരു വാതിൽ തുറക്കുകയാണ്.
ഇതൊരു കരിയറായി തിരഞ്ഞെടുക്കുവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക – ഇതിനെ കരിയറായി കരുതിയാൽ തന്നെ ഒരു പടി പിന്നോട്ട് പോവുകയാണ് ആ വ്യക്തി. ഇതൊരു ജീവിതമായി കാണുന്നവരാണ് ഹിപ്പ് ഹോപ്പ് കലാകാരന്മാർ. അടങ്ങാത്ത ആഗ്രഹം, ലോകവിഷയങ്ങളെ പാട്ടി അഗാധമായ പരിജ്ഞാനം, അഭിപ്രായങ്ങൾ രൂപപ്പെടുത്തുവാനുള്ള കഴിവ്, അനന്തമായ പദസമ്പത്ത്, ക്രിയാത്മകത, ഭാഷാപരിജ്ഞാനം, സംഗീതത്തിൽ അഭിരുചി, മ്യൂസിക് പ്രൊഡക്ഷനിലുള്ള മികവ് എന്നിവയൊക്കെ ഒരു ഹിപ്പ് ഹോപ്പ് കലാകാരന് അത്യാവശ്യമായി വേണ്ടതാണ്.
നമ്മുടെ രാജ്യത്തിൽ ഡിവൈൻ, ബ്രോദ്ധ വി, സ്മോക്കി എന്നിവരൊക്കെ തുടങ്ങി വെച്ച ഈ സംസ്കാരത്തിന്റെ കൊടി കൊണ്ട് പോകുവാൻ പുതിയ അവതാരങ്ങൾക്ക് ഒരു തുടക്കമാകട്ടെ ഇത്.