പരസ്യങ്ങൾ വിപണിയിൽ ഉണ്ടാക്കുന്ന പ്രഭാവം നമ്മൾ പല തവണയായി ചർച്ച ചെയ്തിട്ടുണ്ടല്ലോ. ഉപഭോക്താവ് എന്ത് എത്രത്തോളം എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കുന്നത് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ആണെന്നു തന്നെ പറയാം. ഇവിടെയാണ് മാർക്കറ്റിങ് മാനേജർമാർക്ക് പ്രാധാന്യം കൈവരുന്നത്.
കമ്പനികളുടെ വിപണന ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുവാൻ വേണ്ടി നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുക എന്നതാണ് മാർക്കറ്റിങ് മാനേജർമാരുടെ പ്രധാനമായ ജോലി. ഗവേഷണങ്ങൾ നടത്തി, ഉപഭോക്താവിന്റെ ആവശ്യം വിലയിരുത്തി, വിൽപന തന്ത്രങ്ങളുണ്ടാക്കി, ആരെ ലക്ഷ്യമിട്ടാണ് വിപണിയിൽ ഇടപെടുന്നത് അതായത് ടാർഗറ്റ് ഓടിയൻസ് ഏതാണ് എന്നു കണക്കാക്കി, ആ വ്യക്തികളിലേക്ക് ഏറ്റവും മികച്ച രീതിയിൽ എത്തുവാൻ എങ്ങനെ സാധിക്കും എന്ന് മനസ്സിലാക്കുക എന്നതൊക്കെ ഒരു മാർക്കറ്റിങ് മാനേജരുടെ ജോലിയിലുൾപ്പെടും.
പാക്കേജ് ഡിസൈനിങ്, പരസ്യ കാമ്പെയിനുകൾ, ടെലിവിഷൻ-റേഡിയോ-ഇന്റർനെറ്റ്-ബിൽബോർഡുകൾ-ദിനപത്രങ്ങൾ തുടങ്ങിയ മേഖലകളിലും ഇവർ കമ്പനിയുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുവാൻ പങ്കെടുക്കും. ഈ-മെയിൽ കാമ്പെയിനുകൾ, മത്സരങ്ങൾ, സെലിബ്രിറ്റി എൻഡോർസ്‌മെന്റുകൾ, ടെലിവിഷൻ ഷോകൾ, എന്നിവയിലൂടെയൊക്കെയും ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ ശ്രമിക്കുന്നവരാണ് മാർക്കറ്റിങ് മാനേജർമാർ.
മാർക്കറ്റിങ് / ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ ബിരുദം ആണ് പല സ്ഥാപനങ്ങളും വിദ്യാഭ്യാസ യോഗ്യതയായി പറയുന്നതെങ്കിലും ബിരുദാനന്തര ബിരുദം ഉണ്ടാകുന്നത് ജോലി സാധ്യതകൾ വളരെയധികം വർധിപ്പിക്കും. മേഖലയിൽ പരിചയമുള്ളവർക്കും ജോലി നേടുന്നത് എളുപ്പമാകും. ശക്തമായ ആശയവിനിമയ മികവ്, വിൽപ്പന, അവതരണ മികവ്, നിയന്ത്രിക്കുവാനും ആസൂത്രണം ചെയ്യാനുമുള്ള തികവ്, നായക മികവ്, സമ്മർദ്ദമുള്ള സാഹചര്യങ്ങളിലും ജോലി ചെയ്യുവാനുള്ള ശേഷി, മാർക്കറ്റിങ് ട്രെൻഡുകളുടെയും ആൾക്കാരുടെ താത്‌പര്യങ്ങളുടെയും അറിവ്, ബജറ്റിങ് ചെയ്യുവാനുള്ള കഴിവ്, അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയെല്ലാം ജോലിക്ക് വളരെയധികം നിർണ്ണായകമാണ്.
ബിരുദം നേടിയതിന് ശേഷം മാസ്റ്റേഴ്സ് എടുക്കുന്നത് വഴി മാർക്കറ്റിങ്-ബ്രാൻഡ്-അസ്സറ്റ്-സെയിൽസ് മാനേജിങ്, മാർക്കറ്റ് റിസേർച്ച്, ഡിജിറ്റൽ മാർക്കറ്റിങ്, മീഡിയ പ്ലാനിങ് മുതലായ മേഖലകളിലേക്ക് അവസരങ്ങൾ തുറക്കും. 2 വർഷത്തെ മാർക്കറ്റിങ് മാനേജ്മെന്റ് എം.ബി.എ. കോഴ്‌സിലേക്ക് ചേരുവാൻ ബിരുദം 50 ശതമാനത്തിന് മുകളിൽ നേടി, സി.എ.റ്റി., ജി.എം.എ.റ്റി. തുടങ്ങിയ പരീക്ഷകളെഴുതി, പാസാകണം. ബംഗളൂരു, അഹമ്മദാബാദ്, കൽക്കട്ട, ലക്‌നൗ, ഇൻഡോർ എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ജംഷേദ്പുരിലെ സേവിയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ്സ്, ഫരിദാബാദിലെ ഫാക്കൽറ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുംബൈയിലെ എസ്സ്.പി.ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് എന്നിവയാണ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള പ്രമുഖ സ്ഥാപനങ്ങൾ.