ഒ.എം.എസ്. എന്നും ഒ.എം.എഫ്.എസ്. എന്നുമൊക്കെ ചുരുക്കിവിളിക്കുന്ന ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നത് ഡെന്റിസ്ട്രിയിലെ ഒരു സ്പെഷലൈസ്ഡ് ശാഖയാണ്. മുഖം, കഴുത്ത്, തല, താടിയെല്ല്, വായിലെ കോശങ്ങൾ, മുതലായവയിൽ വൈദ്യപരിശോധനകൾ നടത്തി ആവശ്യമെങ്കിൽ ശസ്ത്രക്രിയകൾ നടത്തുന്ന വിദഗ്ദ്ധരാണിവർ.

ഓറൽ കാവിറ്റിയുടെയും മാക്സിലോഫേഷ്യൽ ഭാഗങ്ങളുടെയും വൈദ്യ സംബന്ധമായ പ്രശ്നങ്ങളും രോഗങ്ങളും പരിചരിക്കുന്നതിനാൽ തന്നെ പലപ്പോഴും മണിക്കൂറുകൾ നീണ്ട ചികിത്സാ രീതികളിലേർപ്പെടേണ്ടി വരും. മെഡിക്കൽ, ഡെന്റൽ വിഭാഗങ്ങളിൽ വെവ്വേറെ ബിരുദങ്ങൾ ആവശ്യമായി വരും. ഒരു സാധാരണ ഡെന്റിസ്റ്റ് ചെയ്യുന്നതിനേക്കാൾ തടസ്സങ്ങളേറെയുള്ള ജോലിയാണ് പലപ്പോഴും ഒരു മാക്സിലോഫേഷ്യൽ സർജന്റേത്. ടെംപരോമാൻഡിബുലാർ ജോയിന്റ് രോഗങ്ങൾ പോലത്തെ സാഹചര്യങ്ങളിൽ പുനർനിർമ്മാണ സാദ്ധ്യമാക്കുന്ന റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ നടത്തേണ്ടതായും വരും. ജന്മനാ ശരീരത്തിലുള്ളതോ പിന്നീടുണ്ടായതോ ആയ ഘടനാപരമായ അസ്വാഭാവികതകളെ പരിചരിക്കാനും ഇവരുടെ സേവനം ആവശ്യമാണ്.

വായിലെ അർബുദം ചികിത്സിക്കാനും മുഖം, കഴുത്ത്, താടിയെല്ല്, വായ എന്നിവിടങ്ങളിൽ നിന്ന് ബയോപ്‌സിക്കായി ട്യൂമറുകൾ നീക്കം ചെയ്യാനും ഇവരുടെ സഹായം വേണ്ടി വരാം. പല്ലുകളിലെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടാനായി അവയെ മാറ്റുക, കോസ്മെറ്റിക്ക് ഡെന്റൽ ചികിത്സാകൾക്ക് വ്യക്തിയെ വിധേയരാക്കുക എന്നതൊക്കെ ജോലിയുടെ ഭാഗമാണ്. ഒരു ഡെന്റിസ്റ്റിന്റെയും മെഡിക്കൽ സർജന്റെയും മികവുകൾ ഈ മേഖലയ്ക്ക് അനിവാര്യമാണ്. തീരുമാനമെടുക്കാനുള്ള മികവും, മനസ്സാന്നിധ്യവുമാണ് അതിലേറ്റവും പ്രധാനം. ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, ക്ഷമ, ദുർഘട സാഹചര്യങ്ങളിലും ശാന്തനായിരിക്കുന്നതിനുള്ള കഴിവ്, നിരീക്ഷണ പാടവം. നേതൃത്വ മികവ് എന്നിവയെല്ലാം ആവശ്യമാണ്. ശാരീരികമായി നോക്കുകയാണെങ്കിൽ ഏറെ നേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുമെന്നതിനാൽ തന്നെ അതിന് സാധിക്കണം. ദൃഡതയോടെ കൈകൾക്ക് ഇളക്കങ്ങൾ സംഭവിക്കാതെ, നീണ്ട മണിക്കൂറുകളിൽ തളരാതെ ജോലി ചെയ്യുവാൻ കഴിയണം.

ഡൽഹിയിലെ മൗലാനാ ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, മണിപ്പാൽ കോളേജ് ഓഫ് ഡെന്റൽ സയൻസ്, ധാർവാഡിലെ എസ്.ഡി.എം. കോളേജ്, ലഖ്നൗവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി. ജംഷേദ്പുരിലെ അവധ് ഡെന്റൽ കോളേജ്, ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, അമൃതസറിലെ ശ്രീ ഗുരു റാം ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, ചെന്നൈയിലെ തമിഴ്‌നാട് ഗവണ്മെന്റ് ഡെന്റൽ കോളേജ്, കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്‌ട്രി, തിരുവല്ലയിലെ പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് എന്ന് തുടങ്ങി ഒട്ടേറെ ഇൻസ്റിറ്റ്യൂട്ടുകളും കോളേജുകളും ഈ കോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!