അമ്മയാകാൻ പോകുന്ന ഒരു യുവതിയുടെ പരിപാലനവും മേൽനോട്ടവും നിർവഹിക്കുന്നത് ഗൈനക്കോളജിസ്റ്റ് അല്ലാ!
പിന്നെയാരാണാവോ അത് എന്നതായിരിക്കും ചോദ്യം. ഗർഭാവസ്ഥയിലുള്ള യുവതിയുടെ സുഖം ഉറപ്പുവരുത്തി ആരോഗ്യത്തിൽ മേൽനോട്ടം വഹിക്കുന്ന വൈദ്യ വിദഗ്ധന്മാരെ വിളിക്കുക ഒബ്സ്റ്റട്രീഷൻ എന്നാണ്. ഗർഭം ധരിക്കാതെയിരിക്കുമ്പോൾ യുവതികൾ നേരിടുന്ന ജനനേന്ദ്രിയ വ്യൂഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റ്. ഗർഭം, ജന്മം നൽകൽ, അമ്മയുടെ ആരോഗ്യം, എന്നീ മേഖലകളിൽ ശ്രദ്ധ ചെലുത്തുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒബ്സ്റ്റട്രിക്സ്.
ഇന്ത്യക്കും പുറത്തുമായി ധാരാളം ജോലിസാധ്യതയുള്ള ഒരു മേഖലയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസർച്ച് ഇൻസ്റിറ്റ്യൂട്ടുകളിലും യൂണിവേഴ്സിറ്റികളിലും മറ്റും ചേർന്നാൽ അവസരങ്ങൾ നിരവധിയാണ് എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. ഗൈനക്കോളജി, ഓങ്കോളജി, എൻഡോക്രൈനോളജി, മറ്റേർണൽ കെയർ എന്നെ വിഭാഗങ്ങളിലേക്കും തിരിയാം എന്നതാണ് മറ്റൊരു സവിശേഷത.
ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറേറ്റ് കോഴ്സുകൾ വിഷയത്തിൽ ലഭ്യമാണ്. മാസ്റ്റർ കോഴ്സുകളിലേക്ക് തിരിയുന്നതിന്, മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ.) അംഗീകൃതമായ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കണം. പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷം അഞ്ചര വർഷത്തെ എം.ബി.ബി.എസ്., തുടർന്ന് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സിൽ 2 വർഷത്തെ എം.എം.എസ്. കോഴ്‌സും, പിന്നാലെ മൂന്നു വർഷത്തെ ഡി.എം. കോഴ്‌സും തിരഞ്ഞെടുക്കാവുന്നതാണ്.
നീറ്റ്, എയിംസ്, ജിപ്മെർ തുടങ്ങിയ എൻട്രൻസ് പരീക്ഷകളുടെ ഫലമാണ് അഡ്മിഷനിൽ നിർണ്ണായകമാവുക. എന്നാൽ ഇന്ത്യയിൽ തന്നെ തുടക്കശമ്പളമായി പ്രതിവർഷം ശരാശരി 5 തൊട്ട് 10 ലക്ഷം വരെ ലഭിക്കുമെന്നതും, ഇത് കുറച്ച് വർഷത്തെ പരിചയസമ്പത്ത് കൊണ്ട് 10 തൊട്ട് 20 ലക്ഷം വരെയായി ഉയരുമെന്നതുമാണ് ഈ മേഖലയുടെ സവിശേഷത. അഗാധമായ ജ്ഞാനം, നിരീക്ഷണ പാടവം, പരിചരണ മികവ്, ആശയവിനിമയത്തിലുള്ള കഴിവ് എന്നിവയെല്ലാം ഈ ജോലിക്ക് ആവശ്യമാണ്.
ഡൈൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പുണെയിലെ തന്നെ ഭാരതി വിദ്യാപീഠ് യൂണിവേഴ്സിറ്റി, ലുധിയാനയിൽ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, പുണെയിലെ ഡീ.വൈ.പാട്ടീൽ വിദ്യാപീഠം, കോയമ്പത്തുരിലെ അമൃത സ്‌കൂൾ ഓഫ് മെഡിസിൻ,തുടങ്ങിയവയാണ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള പ്രധാന കോളേജുകൾ.