ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോസ്‌പേഷ്യൽ എൻജിനിയറിങ്, സർവേയിങ് എൻജിനീയറിങ് -ഇതെത്ര പേരാണപ്പാ!
ഭൂമിശാസ്ത്ര പരമായ വിവരങ്ങളുടെ ശേഖരണം, ഏകീകരണം, നിർവ്വഹണം എന്നിവയ്ക്കായുള്ള സേവനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജിയോമാറ്റിക്സ് എൻജിനിയറിങ്. സാറ്റലൈറ്റ് പൊസിഷനിങ്, സാറ്റലൈറ്റ് ഇമേജ് പ്രോസസിങ് മുതലായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ മൊത്തമോ ഭാഗങ്ങളോ സർവേ ചെയ്ത്, അതിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത്, അതിനെ അടിസ്ഥാനപ്പെടുത്തി മാപ്പുകളും പ്ലാനുകളും നിർമ്മിക്കുക എന്നതാണ് ജിയോമാറ്റിക്സ് എൻജിനിയറിങ്ങിന്റെ പ്രധാന ലക്ഷ്യം.
സ്ഥാനാടിസ്ഥിത അളവെടുക്കൽ, കണക്കെടുപ്പ് എന്നിവയും ഈ മേഖലയിൽ വരുന്നതാണ്. ശാസ്ത്ര സാങ്കേതികതയുടെ മുന്നേറ്റങ്ങളുമൊത്ത് വേഗതയിൽ പരിണമിച്ചും പുരോഗമിച്ചും കൊണ്ടിരിക്കുന്ന ഒരു ശാഖ കൂടിയാണിത്. നമ്മൾ ജീവിക്കുന്ന നമ്മുടെ ഭൂമിയിലെ, ഓരോ സ്ഥലത്തെയും നിരീക്ഷിച്ച്, വരും തലമുറകളെയും മനസ്സിൽ കണ്ടു കൊണ്ട്, സ്ഥായിയായും വ്യക്തമായും സന്തുലിതമായും എങ്ങനെ മനസിലാക്കാം, പ്ലാൻ ചെയ്യാം, കൈകാര്യം ചെയ്യാം എന്നീ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകുവാൻ ഈ ശാസ്ത്രത്തിനു സാധിക്കും.
റോഡ്, റെയിൽവേസ്, പാലം, ടാം, സബ് വേ, ടണൽ എന്നിവയുടെ എല്ലാം നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുന്നു ഒരു ജിയോമാറ്റിക്സ് എൻജിനിയർ. കൂടാതെ ഉപഗ്രഹങ്ങൾ വിനിയോഗിച്ച് വാഹനങ്ങളും മറ്റും ട്രാക്ക് ചെയ്യുന്ന സംവിധാനങ്ങൾ, ഏരിയൽ ഫോട്ടോഗ്രാഫുകൾ വെച്ച് വിവര ശേഖരണം, ഭൂമിയുടെ ചലനങ്ങളുടെയെല്ലാം വീക്ഷണം എന്നിവയെല്ലാം തന്നെ ഈ ജോലിയുടെ ഭാഗമാണ്. ക്ഷമ, വിഷയത്തിലെ പരിജ്ഞാനം, പുത്തൻ സാങ്കേതികവിദ്യയുടെ അറിവും അത് കൈകാര്യം ചെയ്യാനുള്ള മികവും, ടീമായി പ്രവർത്തിക്കുവാനുള്ള കഴിവ് എന്നിവയെല്ലാം ഈ ജോലിക്ക് വളരെ നിർണ്ണായകമാണ്.
ഡൽഹി, റൂർകീ എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികൾ, ജാർഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്), തമിഴ്‌നാട്ടിലെ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ഗുജറാത്തിലെ സി.ഇ.പി.ടി. യൂണിവേഴ്സിറ്റി, നാഗ്പുരിലെ രാഷ്ട്രശാന്ത് ട്യുകടോജി മഹാരാജ് നാഗ്പുർ യൂണിവേഴ്സിറ്റി (ആർ.ടി.എം.എൻ.ഉ.) തുടങ്ങിയ സ്ഥാപനങ്ങളിൽ വിഷയത്തത്തിൽ കോഴ്‌സുകൾ ലഭ്യമാണ്.