വായിച്ചാൽ വളരും, വായിച്ചില്ലേൽ വളയും!
എന്നാൽ എന്താണ് വായിക്കുന്നത് എന്നതിന് അവിടെ വലിയൊരു പ്രസക്തിയുണ്ട്. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ എന്താണോ വായിക്കുന്നത്, അത് നമ്മുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും തന്നെ തീരുമാനിക്കുക വഴി സ്വഭാവരൂപീകരണത്തിൽ മികച്ചൊരു പങ്ക് വഹിക്കുന്നു. വായിക്കുവാൻ പോകുന്നത് എന്താണെന്ന് വായിക്കുന്നതിന് മുമ്പേ എങ്ങനെ വിലയിരുത്തുവാൻ സാധിക്കും എന്നതായിരിക്കും അടുത്ത ചോദ്യം. പുസ്തകങ്ങൾ പലപ്പോഴും വിപണിയിൽ എത്തുന്നതിന് മുൻപേ തന്നെ വായിച്ച്, അതിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തി, നിരൂപണം ചെയ്യുന്ന, വിദഗ്ദ്ധ പുസ്തക നിരൂപകരുണ്ട്.
പബ്ലിഷിങ് കമ്പനികളിലോ അല്ലെങ്കിൽ ഫ്രീലാൻസറായോ പുസ്തക നിരൂപണ മേഖലയിൽ ജോലി ചെയ്യാം. വിപണിയിൽ ലഭ്യമായ പുസ്‌തകങ്ങൾ എല്ലാം തന്നെ ഇവരുടെ കൈകളിലൂടെ കടന്നു പോയിട്ടുള്ളവയാണ്. പബ്ലിഷിങ് കമ്പനികളിൽ പുസ്തകങ്ങൾ എഴുത്തുകാർ സമർപ്പിച്ചു കഴിഞ്ഞാൽ കമ്പനിയിലെ നിരൂപകർ വായിച്ചു വിലയിരുത്തിയതിന് ശേഷം മാത്രമേ പബ്ലിഷിങ്ങിലേക്ക് കടക്കുകയുള്ളൂ. വെറുതെ വായിക്കുക എന്നതിലുപരി, അതിലെ ഭാഷപ്രയോഗങ്ങളുടെ നിലവാരം നിരീക്ഷിക്കുക, ചർച്ച ചെയ്യപ്പെടുന്ന വസ്തുതകളുടെ സത്യാവസ്ഥയും സാഹചര്യവും നിരീക്ഷിക്കുക, ഘടന പരിശോധിക്കുക, കുറവുകളും മികവുകളും തിരിച്ചറിയുക, ഇതെല്ലാം കാര്യക്ഷമമായി വിനിമയം ചെയ്യുക എന്നതൊക്കെയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കടമകൾ.
സൂക്ഷ്മ നിരീക്ഷണം, സമൂഹപരിജ്ഞാനം, ഭാഷാപ്രയോഗ മികവ്, വിശകലനം ചെയ്യാനുള്ള ശേഷി, ദൃഢമായ കാഴ്ചപ്പാടുകൾ, വായനയോടുള്ള കടുത്ത കമ്പം എന്നിവയെല്ലാമാണ് ഈ ജോലിക്ക് നിർണ്ണായകമാവുക. പ്രത്യേകം വിദ്യാഭ്യാസ യോഗ്യതകളൊന്നും തന്നെ സാധാരണ പറയുന്നില്ല എങ്കിലും ഇംഗ്ലീഷ് (മറ്റ് ഭാഷകളിലാണ് ജോലി ചെയ്യുവാൻ താത്പര്യപ്പെടുന്നതെങ്കിൽ പ്രസക്തമായ ഭാഷ), ജേർണലിസം ബിരുദ-ബിരുദാനന്തര -ഡിപ്ലോമ കോഴ്‌സുകൾ ചെയ്യുന്നത് ജോലി ലഭിക്കുവാൻ സഹായകമാകും.
വിശാലമായ വായനയും, ലോക വിഷയങ്ങളിലെല്ലാം അടിസ്ഥാനപരമായ അറിവും നിലപാടുകളും ഉള്ളവർക്ക് അനുയോജ്യമായ ഒരു ജോലിയാണിത്. വായനക്കാരന്റെ മനസ്സറിയുക എന്നതും ആവശ്യമാണ്. മാഗസിനുകൾ, പത്രങ്ങൾ, എന്നിവിടങ്ങളിൽ പ്രവർത്തന പരിചയമുള്ളവർക്ക് കാര്യമായ മുൻതൂക്കം ലഭിക്കും. ചെന്നൈയിലെ ലയോള കോളേജ്, ക്രിസ്ത്യൻ കോളേജ്, ഡൽഹിയിലെ ഹിന്ദു കോളേജ്, സെന്റ് സ്റ്റീഫൻസ് കോളേജ്, പുണെയിലെ ഫെർഗുസൺ കോളേജ്, മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജ് എന്നിവയാണ് ഇംഗ്ലീഷ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള പ്രമുഖ കോളേജുകൾ.