ശ്ശെടാ! ടെക്നിക്കൽ റൈറ്റർമാരോ? അതാരാണാവോ? നല്ല ടെക്നിക്കുകളുൾപ്പെടുത്തി എഴുതുന്നവരോ?

മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ സാധനം വാങ്ങിച്ചതിനു ശേഷം നമ്മൾ ആദ്യം ചെയ്യുക അതിനെ എങ്ങനെ പ്രവർത്തിപ്പിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം എന്ന് വിശദമായി പറയുന്ന യൂസർ മാനുവലുകൾ പരിശോധിക്കുക എന്നതാണ്. ഇൻസ്‌ട്രക്ഷൻ മാനുവലുകൾ, ഹൗ ടു ഗൈഡുകൾ, ജേർണൽ എഴുത്തുകൾ തുടങ്ങിയ രേഖകൾ അഥവാ ഡോക്യൂമെന്റുകൾ തയ്യാറാക്കുന്നവരാണ് ടെക്നിക്കൽ റൈറ്റർമാർ. സങ്കീർണ്ണമായ സാങ്കേതിക ആശയങ്ങളെ വേഗത്തിൽ, എളുപ്പത്തിൽ ആശയവിനിമയം ചെയ്യുക എന്നതാണ് ജോലി. സാങ്കേതികമായ അറിവുകൾ വികസിപ്പിച്ച്, ശേഖരിച്ച്, കമ്പനിയുടെ വിനിമയ മാധ്യമങ്ങളിലൂടെ ഏവരിലേക്കും എത്തിക്കുക എന്നതും ജോലിയുടെ ഭാഗമാണ്.

ഒരു വസ്തുവിനായി മാനുവലുകൾ തയ്യാറാക്കുന്നതിന്റെ അണിയറയിൽ നടക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. സാങ്കേതികമായ സഹായം തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുക, ഡിസൈനർമാരും ഡെവലപ്പർമാരുമൊത്ത് ചേർന്ന് വസ്തുവിന്റെ സാമ്പിളുകൾ വിശകലനം ചെയ്യുക, ഉൽപ്പന്നം ഉപയോഗത്തിന് അനായാസമാക്കുവാൻ ഘടനാപരമായ മാറ്റങ്ങൾ നിർദേശിക്കുക, ഉൽപ്പന്നങ്ങൾക്ക് ആവശ്യമായി വരുന്ന ഡോക്യൂമെന്റുകൾ തയ്യാറാക്കുക, വസ്തുതകളും നിരീക്ഷണങ്ങളും എഴുതി വ്യവസ്ഥാനുസൃതമായി സൂക്ഷിക്കുക, മറ്റ് എഴുത്തുകാരുടെ മാനുവലുകൾ വിലയിരുത്തി അതിൽ വേണ്ട മാറ്റങ്ങൾ വരുത്തുക, ചിതങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് ആശയങ്ങൾ സുലഭമായി വിനിമയം ചെയ്യുക, ഉപഭോക്താവിലേക്കെത്താനുള്ള അനുയോജ്യമായ മാധ്യമം തിരഞ്ഞെടുക്കുക, ഉപഭോക്താക്കളോടു സംവദിച്ച് കുറവുകൾ മനസിലാക്കി നികത്തുക എന്നിവയെല്ലാം ടെക്നിക്കൽ റൈറ്റർമാർമാരുടെ നിത്യേനയുള്ള പ്രവർത്തനങ്ങളാണ്.

ഇപ്പോൾ ഇത്തരം വിദഗ്ദ്ധർ കൂടുതലും ജോലി ചെയ്യുന്നതും അറിവുകൾ കൈമാറുന്നതും ഓൺലൈൻ മാധ്യമം വഴിയാണെങ്കിലും പ്രിന്റ് ചെയ്ത് ഉൽപ്പന്നത്തിന്റെ കൂടെ നൽകുന്നതും പതിവാണ്. കമ്പ്യൂട്ടറിലെ ആയുധങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും ഇവർ ജോലി ചെയ്യുന്നത്. സാങ്കേതികമായ അറിവ്, വസ്തു എന്താണ് എന്ന് മനസിലാക്കാനുള്ള ശേഷി, ആശയവിനിമയ മികവ്, നിരീക്ഷണപാടവം, സൂക്ഷ്മമായി വിശകലനം ചെയ്യുവാനുള്ള കഴിവ്, ടീം ആയി ജോലി ചെയ്യുവാനുള്ള മികവ്, എന്നിവയെല്ലാം ജോലിക്ക് വളരെ നിർണ്ണായകമാണ്.

കൂടുതൽ സാങ്കേതിക ആവിഷ്കാരങ്ങൾ ലോകത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അഞ്ചു വര്ഷം മുമ്പ് ആർഭാടം മാത്രമായിരുന്ന ഒന്ന് ഇന്നെല്ലാ വീടുകളിലും കാണാൻ കഴിയുമെന്ന അവസ്ഥയിൽ വന്നെത്തി നിൽക്കുന്നു. ഇതിൽ നിന്നൊക്കെ നമുക്ക് മനസിലാക്കാം വളരെയധികം സാദ്ധ്യതകൾ വരും വർഷങ്ങളിലുള്ള ഒരു ജോലി തന്നെയാണിത്. ചെന്നൈയിലെ സ്റ്റെല്ല മേരി കോളേജ്, പുണെയിലെ സിംബയോസിസ് സ്‌കൂൾ ഫോർ ലിബറൽ ആർട്സ് തുടങ്ങിയ കൊളേജുകൾക്ക് പുറമെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ രാജ്യത്തങ്ങോളമിങ്ങോളമുള്ള സ്ഥാപനങ്ങളിൽ ലഭ്യമാണ്. നന്നായി ഭാഷ കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ ജേർണലിസം പഠിച്ചവർക്കും ടെക്നിക്കൽ റൈറ്റർമാരാവാൻ അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!