ബ്ലൂ സ്‌കൈ ഗ്രീൻ സീ റെഡ് ലാൻഡിലെ മസ്റ്റാഷ് മാധവനും ഹിറ്റ് സെക്സ്ടൺ റ്റുഗെതർ ബെല്ലും!

‘ഇതെന്ത് തേങ്ങയാണ്’ എന്നാവും പലരുടെയും മനസ്സിൽ. ഇതിൽ നിന്നെന്താണ് മനസിലാക്കേണ്ടതെന്നറിയാമോ? കേവലം തർജ്ജമ ചെയ്‌താൽ അർത്‌ഥം മനസിലാകുകയില്ല!

അന്യഭാഷാ സിനിമകൾ കാണുമ്പോൾ നമ്മൾ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഒന്നുണ്ട് – സബ്ടൈറ്റിലുകൾ. പറയപ്പെടുന്ന സംഭാഷണങ്ങളോ, എഴുതി കാണിക്കുന്നതായി സന്ദേശങ്ങളോ, എന്ന് തുടങ്ങി ആ സിനിമയിലെ കഥയും സന്ദർഭവും സാഹചര്യങ്ങളും വികാസങ്ങളും കഥാപാത്രങ്ങളുമെല്ലാം വ്യക്തമായി വിലയിരുത്തുന്നതിന് ഒരു കാഴ്ചക്കാരന് എന്തൊക്കെ അറിവ് ആവശ്യമുണ്ടോ, അവയെല്ലാം തന്നെ മനസിലാക്കാൻ സാധിക്കുന്നതായ ഭാഷയിലൂടെ അവതരിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യയാണ് സബ് ടൈറ്റിലുകൾ അഥവാ ഉപശീർഷകങ്ങളെന്നു പറയാം. ഒരു വിധം തട്ടീം മുട്ടീം ഇംഗ്ലീഷിൽ തട്ടാൻ അറിയുന്നവർ പോലും ഉപശീർഷകങ്ങളുപയോഗിച്ചേ സിനിമകൾ കാണാറുള്ളു എന്നതാണ് വസ്തുത. സ്വന്തം ഭാഷയിൽ കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ, അല്ലെ?!

എന്നാൽ വിചാരിക്കും പോലെ എളുപ്പമല്ല ഈ ഉപശീർഷകങ്ങളുണ്ടാക്കുക എന്ന ജോലി. കേവലം തർജ്ജമയല്ല, ഭാഷാപരമായ മൊഴിമാറ്റം മാത്രവുമല്ല. വിനിയോഗിക്കുന്ന മാധ്യമത്തിനനുയോജ്യമായിരിക്കണം പരിഭാഷ എന്നത് സർവ്വപ്രധാനമാണ്. അതായത്, ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത്, സിനിമ പ്രദർശിപ്പിക്കുന്ന ഫ്രയിമിലെ മറ്റ് വസ്തുക്കളുടെ സ്പെയ്സിലേക്ക് സബ് ടൈറ്റിലുകൾ കടന്നു കയറുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്നതാണ്. അതായത്, ആവശ്യമായ എല്ലാ അറിവും ഉൾപ്പെടുത്തിക്കൊണ്ട് തന്നെ, ഏറ്റവും ചുരുക്കി പറയുവാൻ സാധിക്കുന്നതാണ് ഒരു ഉപശീർഷകന്റെ കഴിവ്.

അടുത്തതായി ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് സന്ദർഭവും സാഹചര്യവും മനസിലാക്കി അതിനനുയോജ്യമായ പദപ്രയോഗങ്ങൾ മാത്രം നടത്തുക എന്നത്. കോർ സ്ക്രിപ്റ്റിൽ നിന്ന് മറു ഭാഷയിൽ സ്ക്രിപ്റ്റ് തയ്യാറാക്കുക എന്നതിനേക്കാൾ, അഭിനേതാക്കളുടെ അഭിനയവും ലൊക്കേഷനിലെ ഒരുക്കങ്ങളുമെല്ലാം കണക്കിലെടുത്തുള്ള ഒരു ഉപശീർഷകമാണ് എന്തുകൊണ്ടും ഉത്തമം. അതിനു ആ സീനിലെ വ്യക്തമായ, സൂക്ഷ്മമായ വികാരവിചാരങ്ങൾ ഉൾക്കൊള്ളുവാനും പ്രതിഫലിക്കുവാനും സാധിക്കണം. ഉദാഹരണത്തിന്, He went barefoot, എന്നതിനെ അവൻ കരടിക്കാലുകളിൽ ചെന്നു എന്ന് പരിഭാഷ ചെയ്‌താൽ എങ്ങനെയിരിക്കും!

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്, സാമൂഹിക-സാംസ്കാരികമായ മാറ്റങ്ങളും പ്രയോഗങ്ങളും. ഇവയെ ഭാഷാപരമായും സാഹിത്യപരമായും നോക്കിക്കണ്ട തർജ്ജമ ചെയ്യുന്നതിനേക്കാൾ, സമാനമായ അർത്ഥം വരുന്ന മറ്റു പ്രയോഗങ്ങൾ ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത്. Cat out of the bag എന്നാൽ പൂച്ചയെ സഞ്ചിയിൽ നിന്ന് തുറന്നു വിടുക എന്നല്ല, മറിച്ച് കള്ളി വെളിച്ചത്താകുക എന്നാണു അർഥം.

സബ്ടൈറ്റിലിന് മലയാളത്തിൽ സ്‌കൊപ്പുണ്ടെന്ന് തെളിയിച്ചയാളാണ് വിവേക് രഞ്ജിത്ത്. മലയാള സിനിമകളെ മറ്റു ഭാഷാ – ദേശക്കാർക്ക്‌ പരിചയപ്പെടുത്തുന്നതിൽ വിവേകിന്റെ സബ്ടൈറ്റിലുകൾ വഹിച്ച പങ്ക് ചെറുതല്ല. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ശ്രദ്ധിക്കുമ്പോഴും, സിനിമയുടെയോ മറ്റേത് ദൃശ്യ-ശ്രാവ്യ കലാ മാധ്യമങ്ങളുടെയോ, അനുഭവ സുഖത്തെ ബാധിക്കാതിരിക്കണം എന്നതും വളരെ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. ഇപ്പോൾ അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളം പരിഭാഷകളും, അതുപയോഗിക്കുന്നവരും കൂടി വരികയാണ്. രണ്ടോ അതിലധികം ഭാഷകളുടെയും ആ സംസ്കാരങ്ങളുടെയും അറിവ്, സാഹചര്യങ്ങളെ മനസിലാക്കാനുള്ള കഴിവ്, നിരീക്ഷണ പാടവം, പരിചയ സമ്പത്ത് എന്നിവയാണ് ജോലിക്കാവശ്യവുമായ കഴിവുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!